ചെങ്ങമനാട്: കണ്ടെയ്നർ ലോറിക്ക് പിന്നിൽ നിയന്ത്രണംവിട്ട മിനിലോറി ഇടിച്ചു കയറി ഡ്രൈവർക്ക് പരിക്ക്. ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ അങ്കമാലി അഗ്നിരക്ഷ സേനയെത്തി സാഹസികമായാണ് രക്ഷപ്പെടുത്തിയത്. ചാലക്കുടി വെള്ളികുളങ്ങര കോഴിശ്ശേരി വീട്ടിൽ മുജീബിനാണ് (37) സാരമായി പരിക്കേറ്റത്. ഇയാളെ അങ്കമാലി എൽ.എഫ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകിട്ട് 6.45ഓടെ ദേശീയപാത പറമ്പയം കോട്ടായി യു.ടേണിന് സമീപമായിരുന്നു അപകടം. കണ്ടെയ്നറും, മിനിലോറിയും അങ്കമാലി ഭാഗത്തേക്ക് പോകുകയായിരുന്നു. ഈ സമയം കണ്ടെയ്നർ പൊടുന്നനെ ബ്രേക്കിട്ടതോടെ തൊട്ടു പിറകിലുണ്ടായിരുന്ന മിനിലോറി പിന്നിൽ ഇടിച്ചു കയറുകയായിരുന്നു. അതോടെ ഇരുവാഹനങ്ങളും മുന്നോട്ടും, പിന്നോട്ടും എടുക്കാനാകാതെ മിനി ലോറി ഡ്രൈവർ മുജീബ് ലോറിക്കുള്ളിൽ അനങ്ങാനാകാതെ കുടുങ്ങുകയായിരുന്നു.
ഇതോടെ റോഡിൽ തിങ്ങിനിറഞ്ഞ യാത്രക്കാർ രക്ഷാപ്രവർത്തനത്തിന് ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. അങ്കമാലി അഗ്നി രക്ഷസേനയിലെ ഓഫീസർമാരായ പി.വി പൗലോസ്, എൻ.കെ സോമൻ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി മിനിലോറിയുടെ മുൻ വശം സാഹസിക ശ്രമം നടത്തി തകർത്താണ് മുജീബിനെ പുറത്തെടുത്തത്. കാലുകൾക്ക് മാരകമായി പരിക്കേറ്റ മുജീബിനെ അങ്കമാലി സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ആലുവ - അങ്കമാലി റോഡിൽ ഗതാഗതക്കുരുക്കുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.