പാറക്കടവ് പഞ്ചായത്തിലെ പുളിയനം ത്രിവേണി പാടശേഖരത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സർവേക്കല്ലുകള്‍ സ്ഥാപിക്കാനത്തെിയപ്പോഴുണ്ടായ നാട്ടുകാരുടെ പ്രതിഷേധം, സർവേക്കല്ല് വിളഞ്ഞ നെല്‍വയലിലൂടെ ചുമന്ന് കൊണ്ടുപോകുന്ന തൊഴിലാളി

ത്രിവേണി പാടശേഖരത്തില്‍ സില്‍വര്‍ ലൈന്‍ സര്‍വേക്കല്ലുകള്‍ സ്ഥാപിച്ചു; കുഴി മണ്ണിട്ട് മൂടി കോൺഗ്രസ് പ്രവർത്തകർ

അങ്കമാലി (എറണാകുളം): വന്‍ പൊലീസ് അകമ്പടിയോടെ പാറക്കടവ് പഞ്ചായത്തിലെ നെല്‍വയലില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ആദ്യ സര്‍വേക്കല്ലുകള്‍ സ്ഥാപിച്ചു. പ്രതിരോധിക്കാനെത്തിയവരെ പൊലീസ് ബലമായി പിടിച്ചുനിര്‍ത്തി. ഇതേതുടര്‍ന്ന് ഏറെ നേരം സംഘര്‍ഷാവസ്ഥയുണ്ടായി.

ഭൂവുടമകള്‍ക്ക് നോട്ടീസോ മുന്നറിയിപ്പോ നല്‍കാതെ പൊലീസ് ധിക്കാര നടപടിയാണ് സ്വീകരിക്കുന്നതെന്നാരോപിച്ച് സ്ത്രീകളടക്കം പ്രദേശവാസികള്‍ പ്രതിഷേധിച്ചു. പ്രതിഷേധക്കാര്‍ക്ക് ചുറ്റും പൊലീസിനെ വിന്യസിച്ചാണ്​ പാറക്കടവ് പഞ്ചായത്ത്​ 16-ാം വാര്‍ഡിലെ പുളിയനം ത്രിവേണി പാടശേഖരത്തില്‍ കെ-റെയിൽ ഉദ്യോഗസ്ഥര്‍ മഞ്ഞ പെയിന്‍റ്​ തേച്ച ഒന്നര അടി നീളമുള്ള ആറ് സര്‍വേക്കല്ലുകള്‍ സ്ഥാപിച്ചത്.

പഞ്ചായത്തിലെ നാല് വാര്‍ഡ്​ ഉള്‍പ്പെട്ട പദ്ധതി പ്രദേശത്ത് സര്‍വേക്കല്ല് സ്ഥാപിക്കാന്‍ ഉദ്യോഗസ്ഥര്‍ രണ്ടുതവണ എത്തിയെങ്കിലും നാട്ടുകാരുടെ ചെറുത്തുനില്‍പുമൂലം മടങ്ങിപ്പോവുകയായിരുന്നു. ബുധനാഴ്ചയിലെ അനുഭവം മുന്‍നിര്‍ത്തിയാണ് വ്യാഴാഴ്ച രാവിലെ 9.30ഓടെ മുന്നറിയിപ്പില്ലാതെ ആലുവ ഡിവൈ.എസ്.പി വി. ശിവന്‍കുട്ടിയുടെയും സ്പെഷല്‍ബ്രാഞ്ച് ഡിവൈ.എസ്.പി ആര്‍. റാഫിയുടെയും നേതൃത്വത്തില്‍ നൂറിലേറെ പൊലീസുകാരും മറ്റുദ്യോഗസ്ഥരും അതിരഹസ്യമായി പദ്ധതിപ്രദേശത്ത്​ എത്തിയത്.

സില്‍വര്‍ ലൈനിന്‍റെ ജില്ല അതിര്‍ത്തിയായ പാറക്കടവ് പഞ്ചായത്തിലെ നാല്, 16, 17, 18 വാര്‍ഡുകള്‍ ഉള്‍പ്പെട്ട തെക്കുവടക്കു വശങ്ങളിലെ വിളവെടുപ്പിന് പാകമായ നെല്‍ക്കതിരുകള്‍ വകഞ്ഞുമാറ്റി 100 മീറ്റര്‍ ഇടവിട്ടാണ് 20 സര്‍വേക്കല്ല്​ സ്ഥാപിച്ചത്. പഞ്ചായത്തിലെ മറ്റ് പദ്ധതി പ്രദേശങ്ങളില്‍ വരും ദിവസങ്ങളിലും കല്ലുകള്‍ സ്ഥാപിക്കും. റവന്യൂ ഡെപ്യൂട്ടി തഹസില്‍ദാര്‍ അശോക്സെന്‍, ടെക്നോ വിഷന്‍ ​പ്രോജക്ട് മാനേജര്‍ ശശികുമാര്‍, കെ.ആര്‍.ഡി.സി.എല്‍ ഫീല്‍ഡ് എന്‍ജിനീയര്‍മാരായ ഗോകുല്‍, ശ്രീരാജ് എന്നിവരുള്‍പ്പെട്ട സംഘമാണ് നടപടി പൂര്‍ത്തിയാക്കിയത്.

മുന്നറിയിപ്പില്ലാതെ പൊലീസ്​ പട; നിസ്സഹായരായി കർഷകർ

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ മാസങ്ങളായി പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്ന ഭൂവുടമകളും കർഷകരും കുറുവടികളുമായി കുതിച്ചെത്തിയ വന്‍ പൊലീസ് സംഘത്തിന്​ മുന്നിൽ നിസ്സഹായരായി. ബുധനാഴ്ച എത്തിയ മൂന്ന് ഉദ്യോഗസ്ഥർ നാട്ടുകാര്‍ ഒറ്റക്കെട്ടായി പ്രതിഷേധിച്ചതോടെ സ്ഥലം വിട്ടിരുന്നു. എന്നാല്‍, വന്‍പടയുമായി പിറ്റേന്നുതന്നെ തിരിച്ചെത്തുമെന്ന് നാട്ടുകാര്‍ നിനച്ചിരുന്നില്ല.

വിളവെടുപ്പിന് പാകമായ കതിരുകള്‍ നിറഞ്ഞ പുളിയനം പാടശേഖരത്തിലെ പരമ്പരാഗത കര്‍ഷകരായ സോണി മേലാപ്പിള്ളി, പൗലോസ് മേലാപ്പിള്ളി, വര്‍ഗീസ് പേരേപ്പാടന്‍ എന്നിവരുടെ കൃഷിയിടങ്ങളിലാണ്​ പൊലീസിന്‍റെ അകമ്പടിയിൽ ഉദ്യോഗസ്ഥര്‍ എത്തിയത്. അതിനിടെ, കല്ല് സ്ഥാപിക്കാന്‍ കുഴിയെടുക്കുന്നതായി അറിഞ്ഞ്​ ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി. ജോസും ഏതാനും പ്രവര്‍ത്തകരും സ്ഥലത്ത് പാഞ്ഞെത്തി.

ഭൂവുടമകളുടെ സമ്മതമില്ലാതെ ഒരുനിര്‍മാണവും അനുവദിക്കില്ലെന്ന പ്രതിഷേധവുമായി കല്ല് സ്ഥാപിക്കാനെടുത്ത കുഴി മണ്ണിട്ട് മൂടി. അതോടെ ജോസിനെ ഡിവൈ.എസ്.പി ബലമായി പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഒപ്പമുണ്ടായിരുന്നവര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. അതോടെ ഇവരെ അറസ്റ്റുചെയ്തതായി ഡിവൈ.എസ്.പി പ്രഖ്യാപിക്കുകയും പ്രതിഷേധക്കാര്‍ക്കു ചുറ്റും പൊലീസ് വലയം തീര്‍ക്കുകയും ചെയ്തു.

മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് എം.പി. നാരായണന്‍, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിമാരായ സുനില്‍ അറക്കലാന്‍, സി.പി. ദേവസി, എസ്.ബി. ചന്ദ്രശേഖര വാര്യര്‍, സി.പി. ദേവസി, വാര്‍ഡ്​ അംഗങ്ങളായ നിഥിന്‍ ഷാജു, ജെസി ജോയി, ഫീന റോസ്, എളവൂര്‍ സഹകരണ ബാങ്ക് വൈസ് പ്രസിഡന്‍റ് സി.പി. ഡേവിസ്, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ എ.ഒ. പൗലോസ്, ടോമി പോള്‍ തുടങ്ങിയവരാണ് പ്രതിഷേധിച്ചത്.

ജനങ്ങള്‍ക്ക് വേണ്ടാത്ത നാട്ടുകാരെ ദ്രോഹിക്കുന്ന പദ്ധതി ഉപേക്ഷിക്കണമെന്ന് സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സർവേക്കല്ല് സ്ഥാപിക്കാനത്തെിയ ഉദ്യോഗസ്ഥരോട് നാട്ടുകാര്‍ ആവശ്യപ്പെട്ടു. മൂപ്പൂകൃഷി ചെയ്യുന്ന പാടശേഖരങ്ങളും കൃഷിയിടങ്ങളും ജലസ്രോതസ്സുകളും ഇല്ലായ്മ ചെയ്യുന്ന പദ്ധതി ആര്‍ക്കു വേണ്ടിയാണെന്നായിരുന്നു നാട്ടുകാരുടെ ചോദ്യം.

രണ്ടാഴ്ചക്കകം വിളവെടുപ്പ് നടത്തേണ്ട പാടശേഖരമാണിത്. അതിനാല്‍ സർവേക്കല്ലുകള്‍ പിഴുതെറിയുമെന്നും അതൊഴിവാക്കണമെങ്കില്‍ എപ്പോഴും ഇവിടെ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും ചിലർ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

Tags:    
News Summary - Silver line survey stones were installed at the Triveni paddy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.