കളക്ടറേറ്റിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ പരാതികൾ സ്വീകരിക്കാൻ പ്രവേശന കവാടത്തിൽ ഓരോ വകുപ്പുകൾക്കുമായി ബോക്സുകൾ തയാറാക്കുന്നു.

കോവിഡ് പ്രതിരോധം: കലക്ടറേറ്റിൽ സന്ദർശകർക്ക് നിയന്ത്രണം

കാക്കനാട് : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കളക്ടറേറ്റിൽ വെള്ളിയാഴ്ച മുതൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. വെള്ളിയാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് ജീവനക്കാർക്ക് മാത്രമായിരിക്കും കളക്ടറേറ്റിനകത്ത് പ്രവേശനം നൽകുക. അത്യാവശ്യ കാര്യങ്ങൾക്കായി എത്തുന്നവർക്ക് ഉപാധികളോടെ പ്രത്യേക അനുമതി വാങ്ങി അകത്തേക്ക് പ്രവേശിക്കാം.

പൊതുജനങ്ങൾ കഴിവതും ഓൺലൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് നിർദ്ദേശിച്ചു.

വകുപ്പുകളിലേക്കുള്ള പരാതികളും സന്ദേശങ്ങളും സ്വീകരിക്കുന്നതിനായി പ്രധാന കവാടത്തിൽ ബോക്സുകൾ സ്ഥാപിച്ചു. പൊതുജനങ്ങൾക്ക് ഈ ബോക്സുകളിൽ സന്ദേശങ്ങൾ പേപ്പറുകളിൽ എഴുതി നിക്ഷേപിക്കാം. ഓഫീസുകളിൽ നേരിട്ട് കയറാൻ ആരെയും അനുവദിക്കില്ല. ഉദ്യോഗസ്ഥരെ നേരിൽ കണ്ട് പരാതി ബോധിപ്പിക്കണമെങ്കിൽ സെക്യൂരിറ്റിയെ നേരത്തെ അറിയിക്കണം. ഇവരുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പിനെ അറിയിച്ച് ഉദ്യോഗസ്ഥനെ എത്തിക്കും.

കളക്ടറേറ്റിൻ്റെ പ്രധാന കവാടത്തിലൂടെ മാത്രമായിരിക്കും പ്രവേശനം നൽകുക. ജോലിക്കെത്തുന്ന ഉദ്യോഗസ്ഥരും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന നിർദ്ദേശവുമുണ്ട്. മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ജീവനക്കാർ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് കൈയിൽ കരുതണം. തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർക്ക് പ്രവേശനം നൽകില്ല. ശരീര ഊഷ്മാവ് പരിശോധിച്ചതിനു ശേഷമായിരിക്കും പ്രവേശനം നൽകുക. പ്രധാന മീറ്റിംഗുകളിൽ പങ്കെടുക്കാനെത്തുന്ന കളക്ടറേറ്റിനു പുറത്തുള്ള ഉദ്യോഗസ്ഥർ അത് തെളിയിക്കുന്നതിനുള്ള രേഖ കൈവശം സൂക്ഷിക്കണം. ഇത് കാണിച്ച് വേണം പ്രവേശിക്കാൻ. കളക്ടറേറ്റിനകത്തും കോമ്പൗണ്ടിലും സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടി നിൽക്കുന്നതും വിലക്കി.

Tags:    
News Summary - Covid Defense: Restrictions on Visitors to the Collectorate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.