അവരെത്താം; ഒരുങ്ങിയിരിക്കിൻ chn haikku വോട്ടർ തിരിഞ്ഞുനോക്കി. അതാ മുറ്റത്തൊരു മന്ത്രി. സംശയമില്ല മന്ത്രി തന്നെ, കണ്ണ് തിരുമ്മി ഒന്നൂടെ നോക്കി. ദാ അപ്പുറത്തൊരു മുൻ മന്ത്രി. തൃക്കാക്കരയിലെ അവസ്ഥ ഇപ്പോൾ ഇങ്ങനെയാണ്. 'ഗ്രാമം നിറയെ കുഴികൾ ' എന്നത് ഒരു സർക്കാർ പദ്ധതിയാണ്. അതു പോലെയാണ് ഇപ്പോൾ കാര്യങ്ങൾ. നാടുമുഴുവൻ മന്ത്രിമാരും നേതാക്കളും. സെഞ്ച്വറി പോരാട്ടമായതുകൊണ്ട് ക്യാപ്റ്റൻ തന്നെയാണ് ബാറ്റിങിന് ഇറങ്ങിയത്. തമ്പടിച്ചാണ് പ്രചാരണം. മന്ത്രിസഭാ യോഗം ഓൺലൈനായി! മന്ത്രിമാർ, മുൻ മന്ത്രിമാർ, ചെറുകിട വൻകിട ഇടത്തരം നേതാക്കൾ ഒക്കെ തൃക്കാക്കരയിലുണ്ട്. ഒരു ലോഡ്ജുപോലും ഒഴിവില്ല. എല്ലാം നേതാക്കൾക്കായി ബുക്ക് ചെയ്തിരിക്കുകയാണത്രെ. എതിർ ടീമിൽ മന്ത്രി പത്രാസില്ലന്നേ ഉള്ളൂ. മുൻ മുഖ്യമന്ത്രി, മുൻ ആഭ്യന്തര മന്ത്രി അങ്ങനെ ഒരുപാട് 'മുൻ' നിര നേതാക്കൾ പ്രചാരണത്തിനുണ്ട്. കുടുംബ യോഗം, ഫ്ലാറ്റ് സന്ദർശനം, കൺവെൻഷൻ ഒക്കെയുണ്ട്. പ്രധാന ചടങ്ങുകൾ എന്തായാലും ഫ്ലാറ്റ് കയറി ഇറങ്ങി നേതാക്കൾ ഒരുവഴിക്കാവും. കാരണം അത്രക്കുണ്ട് ഫ്ലാറ്റുകൾ തൃക്കാക്കരയിൽ. വോട്ടർമാരെ ഫ്ലാറ്റാക്കലാണ് മുഖ്യം. ടി.വിയിൽ ഇരുന്ന് ഞാൻ പറയാം, ഞാൻ പറയാം എന്നൊക്കെ പറയുന്ന നേതാക്കളെ നേരിൽ കാണാൻ കിട്ടിയതിന്‍റെ ത്രില്ലിലാണ് നാട്ടുകാർ. അല്ലേലും ഉപ തെരഞ്ഞെടുപ്പ് വന്നാലെ നാട്ടുകാർക്ക് ഇതുപോലൊരു അവസരം കിട്ടൂ. 31 വരെ നാട്ടുകാർക്ക് ഒരു മുട്ടുമില്ല. മഴയിൽ മരം വീണാൽ വെട്ടാൻ സ്ഥാനാർഥി പാഞ്ഞെത്തും. ഇല്ലെങ്കിൽ പാർട്ടിക്കാരെത്തും. എല്ലാം ക്ലീനാക്കിയിട്ടേ പോകൂ. സ്വീകരണത്തിൽ കിട്ടുന്ന പഴം, പച്ചക്കറിയെല്ലാം നാട്ടുകാർക്ക്. ആഹാ! അതിനാൽ വോട്ടർമാരെ തയാറായിരിക്കുവിൻ, പ്രതീക്ഷിക്കാത്ത ദിവസത്തിലും അറിയാത്ത മണിക്കൂറിലും അവരെത്തും. സൈക്കിൾ റിക്ഷയിലും കുതിരപ്പുറത്തും. അവർ പ്രത്യക്ഷപ്പെടും. അവരെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുവിൻ. ഹൈക്കു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.