കൊച്ചി: കൊച്ചിയിലെത്തുന്ന സഞ്ചാരികളെ എന്നും ആകർഷിക്കുന്നതാണ് ഇവിടുത്തെ ജലഗതാഗത സംവിധാനങ്ങൾ. ഇക്കഴിഞ്ഞ അവധിദിനങ്ങളിൽ നഗരം കാണാനെത്തിയവരും പതിവ് തെറ്റിച്ചില്ല.
കായൽകാഴ്ചകൾ ആസ്വദിക്കാനും ഫോർട്ടുകൊച്ചിയിലേക്ക് യാത്ര ചെയ്യാനുമൊക്കെ അവരിൽ പലരും സർക്കാർ ബോട്ടുകളെ ആശ്രയിച്ചതോടെ തിരക്കും വർധിച്ചു. ദിവസവും പതിനായിരത്തോളം യാത്രക്കാരാണ് എറണാകുളം -ഫോർട്ടുകൊച്ചി ബോട്ടുകളിൽ യാത്ര ചെയ്തത്.
പുതുവത്സര തലേന്ന് മാത്രം 15,000ത്തോളം പേർ സഞ്ചരിച്ചുവെന്ന് അധികൃതർ വ്യക്തമാക്കി. പൊലീസിന്റെ സുരക്ഷ മാർഗനിർദേശങ്ങൾ പ്രകാരം അന്ന് വൈകീട്ട് ഏഴ് വരെ മാത്രമായിരുന്നു സർവിസ്. ഫോർട്ടുകൊച്ചിയിലെ ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ എല്ലാവർഷവും ഇത്രത്തോളം ആളുകൾ ബോട്ടിൽ യാത്ര ചെയ്യാറുണ്ട്. യാത്രാ ബോട്ട് എന്നതിലുപരി കായലിന് കുറുകെ മനോഹര കാഴ്ചകൾ വീക്ഷിച്ച് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനാകുമെന്നതാണ് പ്രധാനമായും സഞ്ചാരികളെ ആകർഷിക്കുന്നത്. ആറ് രൂപ മാത്രമാണ് എറണാകുളം ജെട്ടിയിൽനിന്ന് ഫോർട്ട്കൊച്ചിയിലേക്കുള്ള യാത്രനിരക്ക്. ശനി, ഞായർ തുടങ്ങിയ എല്ലാ അവധി ദിവസങ്ങളിലും പതിനായിരത്തോളം ആളുകൾ സഞ്ചാരികളായി എത്താറുണ്ട്.
വാട്ടർമെട്രോ ഹൈകോർട്ട്–മട്ടാഞ്ചേരി റൂട്ടിലേക്കും
ഈ വർഷം ഹൈകോർട്ട് -മട്ടാഞ്ചേരി റൂട്ടിൽ സർവിസ് നടത്താൻ തയാറെടുക്കുകയാണ് വാട്ടർമെട്രോ. ദിവസവും കൂടുതൽ യാത്രക്കാരുമായി സഞ്ചാരികൾക്കിടയിൽ സ്വീകാര്യതയേറി മുന്നേറുകയാണ് വാട്ടർമെട്രോ. 17 ബോട്ടുകളാണ് നിലവിൽ കൊച്ചി വാട്ടർമെട്രോക്കുള്ളത്. ഈ വർഷം ആറ് ബോട്ടുകൾ കൂടി ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നിലവിൽ അഞ്ച് റൂട്ടുകളിലാണ് സർവിസുള്ളത്. ഹൈകോർട്ട് -ഫോർട്ടുകൊച്ചി, ഹൈകോർട്ട് -വൈപ്പിൻ, ഹൈകോർട്ട് -സൗത്ത് ചിറ്റൂർ, സൗത്ത് ചിറ്റൂർ- ചേരാനെല്ലൂർ, വൈറ്റില -കാക്കനാട് എന്നിവയാണ് നിലവിലെ റൂട്ടുകൾ. ഹൈക്കോർട്ട് - മട്ടാഞ്ചേരി സർവിസ് ഏതാനും മാസങ്ങൾക്കുള്ളിൽ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കെ.എം.ആർ.എൽ അധികൃതർ വ്യക്തമാക്കി.
കൂടുതൽ പരിഗണന വേണം, മറൈൻഡ്രൈവിലെ ടൂറിസം ബോട്ടുകൾക്ക്
കൊച്ചി നഗരത്തിന്റെ മുഖമാണ് മറൈൻഡ്രൈവിലെ സ്വകാര്യ ടൂറിസം ബോട്ട് സർവിസ്. അന്താരാഷ്ട്ര, ആഭ്യന്തര സഞ്ചാരികൾ പതിറ്റാണ്ടുകൾക്ക് കുടുംബത്തോടും സുഹൃത്തുക്കളോടുമൊക്കെയൊപ്പം യാത്രികർ കായൽ, കടൽകാഴ്ചകൾ ആസ്വദിക്കാൻ എന്നും ഇവിടെയെത്താറുണ്ട്.
പാർക്കിങ് ഉൾപ്പെടെയുള്ള ചില പ്രശ്നങ്ങൾ ഇവിടത്തെ ടൂറിസം വ്യവസായത്തിന്റെ വളർച്ചക്ക് തടസ്സമാകുന്നുവെന്ന് ബോട്ട് ഉടമകൾ വ്യക്തമാക്കി. അവധിക്കാലങ്ങളിൽ മറൈൻഡ്രൈവിലെ ഗ്രൗണ്ടിൽ എക്സ്പോകളും മറ്റും ആരംഭിക്കുന്നത് പതിവാണ്. ഇതോടെ സഞ്ചാരികൾക്ക് അവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥല പരിമിതിയുണ്ടാകുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ബസുകളിൽ ഉൾപ്പെടെയാണ് ഇവിടേക്ക് സഞ്ചാരികൾ എത്താറുള്ളത്. എന്നാൽ, അവധിക്കാലത്ത് പാർക്കിങ് പ്രതിസന്ധി തിരിച്ചടിയാകുന്നു.
ഈ സാഹചര്യത്തിൽ മറൈൻഡ്രൈവിലേക്ക് കയറാതെ മറ്റ് ഇടങ്ങളിലേക്ക് യാത്രക്കാർ പോകുകയാണ്. അതിനാൽ ബോട്ട് യാത്രികരുടെ എണ്ണം കുറയുന്നുണ്ടെന്ന് മറൈൻഡ്രൈവ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി പി.ബി. സാജു ‘മാധ്യമ’ത്തോട് പറഞ്ഞു. പുതുവത്സരത്തലേന്ന് മൂന്ന് ബോട്ടുകൾക്ക് മാത്രമാണ് സഞ്ചാരികളെ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.