കൊച്ചി: നഗരത്തിൽ ‘ഹണി ട്രാപ് ’ നടത്തി പണം തട്ടിയ രണ്ടുപേരെ എറണാകുളം ടൗൺ സൗത്ത് പൊലീസ് പിടികൂടി. കേസിലെ ഒന്നാം പ്രതി കോഴിക്കോട് ചുങ്കം ഫറൂക്ക് തെക്കേപുരയ്ക്കൽ വീട്ടിൽ ശരണ്യ (20), സുഹൃത്തും രണ്ടാം പ്രതിയുമായ മലപ്പുറം വാഴക്കാട് ചെറുവായൂർ എടവണ്ണപ്പാറയിൽ എടശ്ശേരിപറമ്പിൽ വീട്ടിൽ അർജുൻ(22) എന്നിവരാണ് പിടിയിലായത്.
ഇടുക്കി അടിമാലി സ്വദേശിയായ യുവാവിനെ കബളിപ്പിച്ച പരാതിയിലാണ് ഇവർ പിടിയിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പരാതിക്കാരനുമായി സ്ഥിരമായി ചാറ്റിങ് നടത്തി ഇദ്ദേഹത്തെ എറണാകുളം പള്ളിമുക്കിൽ െവച്ച് കാണാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയശേഷം നേരത്തേ ആസൂത്രണം ചെയ്ത പ്രകാരം യുവതിയുടെ കൂടെയുണ്ടായിരുന്ന നാല് പ്രതികൾ ചേർന്ന് ദേഹോപദ്രവം ഏൽപ്പിക്കുകയും പണവും എ.ടി.എം കാർഡും കവരുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
രണ്ടാഴ്ച മുമ്പാണ് പരാതിക്കാരന്റെ പേരിലുള്ള ഇൻസ്റ്റഗ്രാം ഐഡിയിൽ യുവതി ഫ്രൻഡ് റിക്വസ്റ്റ് അയച്ചത്. പള്ളിമുക്ക് ഭാഗത്തേക്ക് വിളിച്ചുവരുത്തി മർദിക്കുകയും കൈവശമുണ്ടായിരുന്ന യൂനിയൻ ബാങ്ക് എ.ടി.എം കാർഡും പിൻ നമ്പറും ഭീഷണിപ്പെടുത്തി വാങ്ങി സമീപത്തുള്ള ബാങ്ക് ഓഫ് ബറോഡയുടെ എ.ടി.എമ്മിൽ നിന്നും 4,500 രൂപ പിൻവലിക്കുകയും ചെയ്തു.
കഴിഞ്ഞ 19ന് രണ്ടാം പ്രതി മൊബൈൽ നമ്പറിൽനിന്നും വിളിച്ച് പരാതിക്കാരനെ ഭീഷണിപ്പെടുത്തി 2,000/-രൂപ യു.പി.ഐ ട്രാൻസാക്ഷൻ മുഖാന്തരം വാങ്ങി. അതിനുശേഷം അന്ന് തന്നെ വൈകീട്ട് രണ്ടാം പ്രതിയുടെ ഫോണിൽനിന്നും പരാതിക്കാരനെ വിളിച്ച് എറണാകുളം പത്മ ജങ്ഷനിൽ വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തി 15,000-രൂപ വില വരുന്ന മൊബൈൽ ഫോണും ബലമായി വാങ്ങിയെടുത്തു.
22ന് വീണ്ടും എറണാകുളം പത്മ ജങ്ഷനിൽ വിളിച്ച് വരുത്തി പണം കവർച്ച നടത്തി. ചാറ്റുകൾ പരസ്യപ്പെടുത്തും എന്ന് ഭീക്ഷണിപ്പെടുത്തിയാണ് പണം കൈക്കലാക്കിയിരുന്നത്.
പിന്നീട് 23ന് വീണ്ടും 25,000 രൂപ നൽകണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതോടെയാണ് ഇരയായ യുവാവ് എറണാകുളം ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. രണ്ടാം പ്രതിയുടെ മൊബൈൽ നമ്പറിന്റെ ലൊക്കേഷൻ പിന്തുടർന്ന് നടത്തിയ പരിശോധനയിലാണ് എറണാകുളം പത്മ ജങ്ഷൻ പരിസരത്ത് നിന്നും പ്രതികളെ പിടികൂടിയത്.
കൊച്ചി സിറ്റി ഡെപ്യൂട്ടി കമീഷണർ എസ്. ശശിധരന്റെ നിർദേശാനുസരണം എറണാകുളം ടൗൺ സൗത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അജേഷ് ജെ, കെ.വി. ഉണ്ണികൃഷ്ണൻ, എ.എസ്.ഐ ടി.കെ. സുധി, സി. ശരത്ത്, എസ്.സി.പി.ഒ മാരായ ഒ.ഇ അഷറഫ് ശ്രീഹരീഷ്, സലീഷ് വാസു, സിനീഷ് ,സുമേഷ്, ബീന എസ്. എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.