കൊച്ചി: കാലവർഷം സജീവമാകുമ്പോഴും ജില്ലയിൽ മഴക്കാലപൂർവ ശുചീകരണം പേരിന് മാത്രം. ജില്ലയിൽ പകർച്ചപ്പനി ഉൾപ്പെടെ വ്യാപകമാകാൻ പ്രധാന കാരണം മഴക്കാലപൂർവ ശുചീകരണത്തിലെ അലംഭാവമാണെന്ന് ആക്ഷേപമുയരുകയാണ്. ജില്ലയിൽ നഗര ഗ്രാമ വ്യത്യാസമില്ലാതെ പനി പടരുകയാണ്. എലിപ്പനിയും ഡെങ്കിപ്പനിയുമെല്ലാം വ്യാപകമായിട്ടുണ്ട്. എന്നാൽ, പ്രതിരോധ നടപടിയാകട്ടെ താളം തെറ്റുകയാണ്.
സാധാരണ ഗതിയിൽ കാലവർഷം എത്തുന്നതിന് മുമ്പ് ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണ യോഗങ്ങളും അവലോകനങ്ങളും നടക്കാറുണ്ട്. എന്നാൽ, ഇക്കുറി ബ്രഹ്മപുരം തീപിടിത്ത പശ്ചാത്തലത്തിൽ നഗരത്തിലെ മാലിന്യനീക്കം നിലച്ചതോടെ ഇതടക്കം എല്ലാം താളം തെറ്റി. ഇതോടെ കോർപറേഷൻ പരിധിയിലെ മഴക്കാലപൂർവ ശുചീകരണം പൂർണമായും അവതാളത്തിലായതിന് പുറമെ ജില്ലയിലെ മറ്റ് തദ്ദേശ സ്ഥാപനങ്ങളിലും ഇത് സംബന്ധിച്ച് കാര്യമായ അവലോകനങ്ങളുണ്ടായില്ല.
ജില്ലയുടെ കിഴക്കൻ മേഖലയിലടക്കം ഇക്കാര്യത്തിലുണ്ടായ അലംഭാവമാണ് ഇവിടങ്ങളിൽ ഡെങ്കിപ്പനി അടക്കമുള്ളവ പടരാൻ കാരണം. കൊതുകുകളുടെ ഉറവിട നശീകരണമടക്കമുള്ള കാര്യങ്ങൾ മുൻ കാലങ്ങളിൽ സജീവമായി നടന്നിരുന്നെങ്കിലും ഇത്തവണ അതുണ്ടായില്ല.
കാലവർഷം ശക്തമായതോടെ കുന്നുകൂടിയ ജൈവ മാലിന്യം വെള്ളത്തോടൊപ്പം ജനവാസ കേന്ദ്രങ്ങളിലേക്ക് ഒഴുകി എത്തുകയാണ്. ഇത് കുടിവെള്ള സ്രോതസ്സുകളിലേക്കും എത്തുന്നുണ്ട്. മാലിന്യക്കൂമ്പാരങ്ങളിൽ എലിയും കൊതുകും ഈച്ചയും താവളമാക്കിയിട്ടുണ്ട്. ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.