കളമശ്ശേരി: 20 വർഷമായി ഗവ. മെഡിക്കൽ കോളജിൽ പ്രവർത്തിച്ചുവന്ന കുടുംബശ്രീ കാന്റീൻ അടച്ചുപൂട്ടി. ചൊവ്വാഴ്ച രാവിലെ തുറക്കാൻ എത്തിയപ്പോഴാണ് അടച്ച് സീൽ ചെയ്ത നിലയിൽ കാണുന്നത്.
കരാർ കാലാവധി അവസാനിച്ചതിനാലാണ് അടച്ചതെന്ന് മെഡിക്കൽ കോളജ് അധികൃതർ പറയുന്നു. എന്നാൽ, മുന്നറിയിപ്പില്ലാതെയാണ് അടച്ചതെന്നാണ് കുടുംബശ്രീ പ്രവർത്തകരുടെ വാദം.
പുതിയ ടെൻഡർ സ്വീകരിക്കാൻ പോകുന്നതായി കാണിച്ച് ആഗസ്റ്റ് 20ന് സെപ്റ്റംബർ 10നകം ഒഴിയണം എന്നും ജനുവരി 11ന് 13നകം ഒഴിയണമെന്നും കാണിച്ച് മെഡിക്കൽ കോളജ് സൂപ്രണ്ട് കത്ത് നൽകിയിരുന്നു. ഇതേതുടർന്ന് സ്ഥലം എം.എൽ.എയും മന്ത്രിയുമായ പി. രാജീവിനെ ബന്ധപ്പെടുകയും പകരം സംവിധാനം മെഡിക്കൽ കോളജിൽ ഒരുക്കി ഒഴിയാവുന്ന സംവിധാനം ഉണ്ടാക്കാമെന്ന ഉറപ്പ് ലഭിച്ചിരുന്നതായുമാണ് കുടുംബശ്രീ പ്രവർത്തകർ പറയുന്നത്. എന്നാൽ, തിങ്കളാഴ്ച വൈകീട്ട് നാലരയോടെ ഒഴിയണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പലിന്റെ പേരിൽ കത്ത് നൽകിയെങ്കിലും കാന്റീൻ നടത്തിപ്പുകാർ സ്വീകരിച്ചില്ല.
കാരണം കാന്റീൻ അടക്കമുള്ള പ്രവർത്തനങ്ങളുടെ ചുമതല മെഡിക്കൽ സൂപ്രണ്ടിനാണെന്ന് പ്രിൻസിപ്പൽ മുമ്പ് പറഞ്ഞതാണ്. അതിനാലാണ് സ്വീകരിക്കാതിരുന്നതെന്ന് കുടുംബശ്രീ പ്രവർത്തകർ പറഞ്ഞു.
അതേസമയം, പ്രദേശത്തെ കൗൺസിലറുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ പിന്നിലെ വാതിൽ തുറന്ന് കാന്റീൻ പ്രവർത്തിച്ചു. പകരം സംവിധാനം ഒരുക്കാതെ ഒഴിയാൻ തയാറല്ല എന്ന നിലപാടിലാണ് കുടുംബശ്രീ പ്രവർത്തകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.