കളമശ്ശേരി: മൂന്നുമാസത്തെ ശമ്പളവും ബോണസും ഇല്ലാതെ അടച്ചുപൂട്ടൽ ഭീഷണി നിലനിൽക്കുന്ന ഏലൂരിലെ കേന്ദ്ര പൊതുമേഖല കമ്പനി ജീവനക്കാർക്ക് ഒരു മാസത്തെ ശമ്പളവും അഡ്വാൻസായി 8000 രൂപയും ലഭിച്ചു. ജീവനക്കാരുടെ പ്രതിനിധികളും മാനേജ്മെൻറും നടത്തിയ ചർച്ചക്കൊടുവിലാണ് തീരുമാനം. ഏലൂർ ഉദ്യോഗമണ്ഡലിലെ എച്ച്.ഐ.എൽ (ഹിൽ ഇന്ത്യ) കമ്പനി ജീവനക്കാർക്കാണ് ഉത്രാടദിനത്തിൽ നേരിയ ആശ്വാസത്തിന്‍റെ കനിവ് ലഭിച്ചത്. കഴിഞ്ഞ മൂന്നുമാസമായി ശമ്പളം ലഭിക്കാത്തതിന്‍റെ പേരിൽ കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ജീവനക്കാർ ജനറൽ മാനേജർ പി.ഡി. സങ്ക് പാൽ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ കമ്പനി ഗേറ്റിന് മുന്നിൽ തടഞ്ഞ് പ്രതിഷേധിച്ചിരുന്നു.
ഇതേതുടർന്നുള്ള ചർച്ചയിലെ ധാരണ പ്രകാരമാണ് ജൂൺ മാസത്തെ ശമ്പളവും അഡ്വാൻസ് തുകയും ലഭിച്ചത്. മൂന്നുമാസത്തെ ശമ്പള കുടിശ്ശിക കൂടാതെ, ശമ്പളത്തിൽ നിന്ന് പിടിക്കുന്ന പി.എഫ്, എൽ.ഐ.സി, ഹൗസിങ് ലോണുകൾ അടക്കുന്നില്ലെന്നാണ് ജീവനക്കാർ പറയുന്നത്. കൂടാതെ, വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങളും നൽകുന്നില്ല. നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന കമ്പനിയിൽ നിലവിൽ 71 സ്ഥിരം ജീവനക്കാരും 24 കരാർ ജീവനക്കാരുമാണുള്ളത്. ഇവരിൽ 32 പേർ മാനേജ്മെൻറ് വിഭാഗം ഉദ്യോഗസ്ഥരാണ്.
മൂന്നുമാസമായി ഓഫിസർമാർ ഉൾപ്പെടെ ഒരാൾക്കും ശമ്പളം ലഭിച്ചിട്ടില്ലെന്നാണ് ജീവനക്കാർ പറയുന്നത്. നാലുമാസത്തെ ശമ്പളം ലഭിക്കാത്തതിനാൽ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാർ കഴിഞ്ഞ മാസം 16ന് ജോലി ഉപേക്ഷിച്ചിരുന്നു. അതിനാൽ ഉദ്യോഗസ്ഥരാണ് ഇപ്പോൾ സെക്യൂരിറ്റി ജോലിയും നോക്കിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.