കളമശ്ശേരി: അത്യാഹിത വിഭാഗത്തിൽ ഹൗസ് സർജനുനേരെ നടന്ന കൈയേറ്റത്തെ തുടർന്ന് കളമശ്ശേരി ഗവ. മെഡിക്കൽ കോളജിൽ സുരക്ഷ സംവിധാനങ്ങൾ ശക്തമാക്കുന്നു. മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലും മൈനർ ഓപറേഷൻ തിയറ്ററിലും എമർജൻസി ഘട്ടത്തിൽ ഉപയോഗിക്കുന്നതിനുവേണ്ടി അലാം സ്ഥാപിക്കും. അത്യാഹിത വിഭാഗത്തിൽ സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം വർധിപ്പിക്കും. സെക്യൂരിറ്റി ഗാർഡിന് അടിയന്തര സാഹചര്യത്തിൽ ധരിക്കുന്നതിനായി ഹെൽമറ്റ്, ഷീൽഡ് എന്നിവ നൽകും. ഈ വിഭാഗത്തിൽ എത്തുന്ന രോഗികൾ ലഹരി ഉപയോഗിച്ചിട്ടുള്ളതായി സംശയം തോന്നിയാൽ രോഗികളെ സെക്യൂരിറ്റി ജീവനക്കാർക്ക് ദേഹപരിശോധന നടത്താം.
എയ്ഡ്പോസ്റ്റിലെ പൊലീസിന്റെ എണ്ണം വർധിപ്പിക്കാനും പൊതുഅവധി ദിനങ്ങളിലും ശനി, ഞായർ ദിവസങ്ങളിലും പൊലീസ് പ്രത്യേക മുൻകരുതൽ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പൊലീസ് കൊണ്ടുവരുന്ന രോഗികളെയും കൂട്ടിരിപ്പുകാർ ഇല്ലാതെ എത്തുന്ന രോഗികളെയും പൊലീസിന്റെയോ സെക്യൂരിറ്റി ജീവനക്കാരുടെയോ സാന്നിധ്യത്തിലേ പരിശോധനക്ക് വിധേയമാക്കൂ. അക്രമസ്വഭാവമുള്ള രോഗികളെ മാനസിക രോഗികളുടെ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നതിന് പ്രത്യേകം സജ്ജീകരിച്ച മുറി തയാറാക്കുന്നതിനും തീരുമാനിച്ചു.
മെഡിക്കൽ സൂപ്രണ്ട് ഇൻ ചാർജ് ഡോ. ഗണേഷ് മോഹന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.