കളമശ്ശേരി: അപകടങ്ങളും കുറ്റകൃത്യങ്ങളും നിരീക്ഷിക്കാൻ ദേശീയപാതയിൽ ലക്ഷങ്ങൾ ചെലവിട്ട് സ്ഥാപിച്ച സി.സി ടി.വി സംവിധാനം നോക്കുകുത്തിയായി. ദേശീയപാത കളമശ്ശേരിയിൽ ട്രാഫിക് പൊലീസ് മൂന്ന് വർഷം മുമ്പ് സ്ഥാപിച്ച സി.സി ടി.വി സംവിധാനമാണ് പ്രവർത്തനരഹിതമായി നിൽക്കുന്നത്. മെട്രോ സ്റ്റേഷന് സമീപം മുതൽ ആലുവ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ് വരെയാണ് കാമറ സ്ഥാപിച്ചത്.
പ്രത്യേക ഇരുമ്പ് പൈപ്പുകൾ സ്ഥാപിച്ചാണ് കാമറകൾ വെച്ചത്. കൂടാതെ നടപ്പാതയിൽ വെളിച്ചം നൽകാൻ ലൈറ്റുകളും ഘടിപ്പിച്ചിരുന്നു. കാമറ നിരീക്ഷണ കേന്ദ്രമായി ആലുവ ബസ് സ്റ്റോപ്പിന് സമീപം പ്രത്യേകം കാബിനും സജ്ജീകരിച്ചിരുന്നു. ഇതിലേക്ക് കേബിളുകളും വലിച്ചിരുന്നു. എന്നാൽ, കാമറകൾ നശിച്ച നിലയിലും നിരീക്ഷണകേന്ദ്രം കാടുകയറിയ നിലയിലുമാണ്. രാവിലെയും വൈകീട്ടും വലിയ വാഹനത്തിരക്കാണ് ദേശീയപാതയിലെ ഈ ഭാഗത്ത് അനുഭവപ്പെടുന്നത്. അനധികൃത പാർക്കിങ്ങും വാഹനങ്ങളുടെ നിയമ ലംഘനങ്ങളും പതിവ് കാഴ്ചയാണ്. കൂടാതെ രാത്രി സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായ പരാതിയും നാട്ടുകാർക്കിടയിലുണ്ട്. ഇതെല്ലാം തടയാൻ ഏറെ ഉപകാരപ്പെടുന്ന സംവിധാനമാണ് അധികൃതരുടെ അനാസ്ഥയിൽ നശിക്കുന്നത്. കളമശ്ശേരി ടൗൺ നിരീക്ഷിക്കാവുന്ന നിലയിൽ 50ഓളം കാമറയാണ് സ്ഥാപിച്ചിരുന്നതെന്നാണ് അന്നത്തെ കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.