കളമശ്ശേരി: ലഹരിമരുന്നുകളുടെ വ്യാപനത്തിന് എതിരെ സന്ദേശവുമായി രാജഗിരി കിൻഡർഗാർട്ടൻ, രാജഗിരി പബ്ലിക് സ്കൂൾ വിദ്യാർഥികൾ വരച്ച പോസ്റ്ററിന് ലോക റെക്കോഡ്. പ്രഖ്യാപനം യൂനിവേഴ്സൽ റെക്കോഡ്സ് ഫോറംചീഫ് എഡിറ്ററും അന്താരാഷ്ട്ര ജൂറിയുമായ ഡോ. ഗിന്നസ് സുനിൽ ജോസഫ് നടത്തി. രാജഗിരി സ്കൂൾ ഗ്രൗണ്ടിൽ പ്രദർശിപ്പിച്ച 20,248 ചതുരശ്ര അടി അളവിലുള്ള കൂറ്റൻ പോസ്റ്റർ പ്രദർശനം വിദ്യാർഥികളുടെയും അധ്യപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. 2700ൽ അധികം കുട്ടികൾ വരച്ച പോസ്റ്ററുകളാണ് ലോക റെക്കോഡിന് അർഹമായത്.
കറുപ്പ് നിറം മാത്രം ഉപയോഗിച്ച് വെള്ള കടലാസ് പോസ്റ്ററുകളിലാണ് കൂട്ടികൾ ലഹരിവിരുദ്ധ സന്ദേശം ചിത്രങ്ങളും വാക്കുകളുമായി പ്രകടിപ്പിച്ചത്. ലഹരിക്ക് എതിരായി കുട്ടികളുടെ മനസ്സിലും അവരിലൂടെ സമൂഹത്തിലും ശാശ്വതമായ മുദ്ര പതിയാൻ വേണ്ടിയാണ് കറുപ്പ് നിറം മാത്രം ഉപയോഗിച്ചതെന്ന് സ്കൂൾ അധികൃതർ വിശദീകരിച്ചു.
എസ്.എച്ച് പ്രൊവിൻസ് പ്രൊവിൻഷ്യൽ -മാനേജർ ഫാ. ബെന്നി നൽകര അധ്യക്ഷതവഹിച്ചു. കൊച്ചി മെട്രോ എം.ഡി ലോക്നാഥ് ബെഹ്റ, രാജഗിരി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. മാർട്ടിൻ മുണ്ടാടൻ, രാജഗിരി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. വർഗീസ് കാച്ചപ്പിള്ളി, വൈസ് പ്രിൻസിപ്പൽ റൂബി ആന്റണി, പി.ടി.എ പ്രസിഡന്റ് ഡോ. ജിജോ പോൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.