കളമശ്ശേരി: റെയിൽവേ പാലത്തിൽ തടിക്കഷണം കിടന്നതറിയാതെ കടന്നുപോയ ട്രെയിൻ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. സൗത്ത് കളമശ്ശേരി റെയിൽവേ മേൽപാലത്തിന് സമീപം ചൊവ്വാഴ്ച വൈകീട്ട് 7.30ഓടെ കടന്നുപോയ ബിലാസ്പുർ-എറണാകുളം ട്രെയിനാണ് തലനാരിഴക്ക് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. സൗത്ത് കളമശ്ശേരി കടന്നുപോകുമ്പോൾ കുലുക്കം അനുഭവപ്പെട്ടു. എറണാകുളത്തെത്തി വിവരം കൺട്രോൾ റൂമിൽ അറിയിച്ചു. ഉടൻ ആലുവയിൽനിന്ന് വരുന്ന ട്രെയിനിലെ ലോക്കോ പൈലറ്റിനെ കൺട്രോൾ റൂം വിവരം അറിയിച്ചു. കളമശ്ശേരി ഭാഗത്ത് അസ്വാഭാവികമായ ചാട്ടം ശ്രദ്ധയിൽെപട്ടെന്നും ഇറങ്ങി പരിശോധിക്കാനും നിർദേശിച്ചു. ഇതനുസരിച്ച് വേഗം കുറച്ചു വന്ന ട്രെയിൻ സംഭവസ്ഥലത്ത് നിർത്തി നടത്തിയ പരിശോധനയിൽ പാളത്തിൽ തകർന്ന തടിക്കഷണം കണ്ടെത്തി.
തുടർന്ന് റെയിൽവേ പൊലീസിലെ അസിസ്റ്റൻറ് കമീഷണർ ടി.എസ്. ഗോപകുമാറിെൻറ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചു. സമീപത്തെ മാംസ വിൽപനശാലകളിൽ ഉപയോഗിക്കുന്ന തടിക്കഷണമാണോ എന്ന് സംശയമുണ്ട്. സംഭവത്തിൽ കേസെടുത്ത ആർ.പി.എഫ് ഇറച്ചിക്കടക്കാരനോട് വിശദീകരണം ചോദിച്ചിരിക്കുകയാണ്. അതേസമയം, റെയിൽ ലൈനിലേക്ക് സമീപത്തെ കടകൾക്ക് സമീപത്തുനിന്ന് അനധികൃതമായി സ്ഥാപിച്ചിരുന്ന ഗേറ്റ് റെയിൽവേ പൊലീസ് അടച്ചുപൂട്ടി.
ഒരുമാസം മുമ്പ് എച്ച്.എം.ടി ജങ്ഷനുസമീപം മേൽപാലത്തിന് സമീപം പാളത്തിൽ കോൺക്രീറ്റ് കഷണം കണ്ടെത്തിയിരുന്നു. ഇതിലും അന്വേഷണം നടത്തിവരുകയാണ് ആർ.പി.എഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.