പള്ളുരുത്തി: ചെല്ലാനത്തിന്റെ 101 വർഷത്തെ ഭൂവിഭവ ചരിത്രത്തിന്റെ അനുഭവ പാഠങ്ങൾ ഉൾക്കൊണ്ട് പുത്തൻതോട്ടിൽ പുതിയ അഴി തുറന്ന് അന്ധകാരനഴി വരെ കടൽ മുതൽ കടൽ വരെയുള്ള ജലപാത ഒരുക്കേണമെന്ന് ചെല്ലാനത്ത് ചേർന്ന ജനകീയ ചർച്ച യോഗം ആവശ്യപ്പെട്ടു.ചെല്ലാനം കാർഷിക - ടൂറിസം വികസന സൊസൈറ്റി സംഘടിപ്പിച്ച ജനകീയ ചർച്ച യോഗമാണ് ഈ ആവശ്യം ഉന്നയിച്ചത്.
നാടിന്റെ അത്താണി ആയിരുന്ന വിജയം കനാലിന്റെ ഇന്നത്തെ അവസ്ഥ അതിശോചനീയമാണ്. കനാലിന് സമാന്തരമായ ഉപ്പത്തക്കാട് തോടുമായി ബന്ധിപ്പിക്കുന്ന കൈവഴികൾ, ചെല്ലാനം പാണ്ടിക്കുടി റോഡിന് കുറുകെ ഉണ്ടായിരുന്ന കലുങ്കുകൾ, ജലസേചന വകുപ്പ് ജീവനക്കാർ ഏറ്റിറക്കം നിയന്ത്രിച്ചിരുന്ന നിരവധി സ്ലൂയിസ്സുകൾ, പാടശേഖരങ്ങളിലെ ജലനിയന്ത്രണ ത്തിനുള്ള അനേകം പത്തായങ്ങൾ തുടങ്ങിയ നഷ്ടപ്പെട്ട് വിജയം കനാൽ മാലിന്യ കുപ്പത്തൊട്ടിയായി മാറിക്കഴിഞ്ഞു.
നൂറുവർഷം മുമ്പ് ചെല്ലാനത്ത് ഒട്ടേറെ പൊഴികൾ നിലനിന്നിരുന്നു. അവയുടെ അപ്രത്യക്ഷമാകൽ ഭൂവിഭവ ഘടനയെ മാറ്റി മറിച്ചിട്ടുണ്ട്.
പുത്തൻതോട്ടിൽ പുതിയ അഴിമുറിച്ചും അന്ധകാരനഴി സ്ഥിരമായി തുറന്നിട്ട് നിയന്ത്രിച്ചും കല്ലഞ്ചേരി കായൽ മുതൽ അന്ധകാരനഴി വരെയുള്ള ജലപാത നാടിൻറെ വികസനത്തിനും ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗ്ഗത്തിനും വഴി തെളിക്കും.
വിജയം കനാൽ ആഴം വെപ്പിക്കുക, ലഭ്യമാക്കുന്ന ചെളി ഉപയോഗപ്പെടുത്തി പാടശേഖര ബണ്ടുകൾ ബലപ്പെടുത്തി പച്ചക്കറി, തെങ്ങുകൃഷി ഊർജിതമാക്കുക എന്നിവക്കായി അടിയന്തിരമായി ഫണ്ട് അനുവദിക്കുന്നതിന് കേരള ലാന്റ് ഡെവലപ്പ്മെന്റ് കോർപ്പറേഷന് ജനകീയ നിവേദനം കൊടുക്കുന്നതിനും യോഗം തീരുമാനിച്ചു.
ചെല്ലാനം കാർഷിക - ടൂറിസം വികസന സൊസൈറ്റി പ്രസിഡൻറ് അഡ്വ. കെ.എക്സ്. ജൂലപ്പൻ അദ്ധ്യക്ഷത വഹിച്ചു. എൽസബത്ത് അസ്സീസി, ആൻറണി ഷീലൻ, എം.എൻ. രവികുമാർ, ഷിജി തൈയ്യിൽ, വി.ടി.സെബാസ്റ്റിൻ, എ.ജെ.ബാസ്റ്റിൻ, കെ.ബി. ആൻറണി, വി.ടി. ആൻറണി, പി.വി. പത്മനാഭൻ, കെ.വി. ജോൺസൺ, കെ.ജെ. ആൻറോജി, കെ.ജി. ജർസൺ, കെ.ഡി. ജോൺസൺ, പി.എൻ. രവീന്ദ്രൻ, എ.എക്സ്. ആൻറണി, ആൻറണി ക്ലൈവ്, ഡെൻസൺ ഡേവീസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.