കൊച്ചി: രാജ്യം കാത്തിരിക്കുന്ന തെരഞ്ഞെടുപ്പുത്സവത്തിന്റെ അതിവേഗ ഒരുക്കങ്ങളുമായി ജില്ലയും. ഏപ്രില്‍ 26ന് നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ 2,294 പോളിങ് സ്റ്റേഷനുകളിലായി 25,97,594 പേർ വിധിയെഴുതും. തെരഞ്ഞെടുപ്പ് സമാധാനപരവും നീതിപൂര്‍വവുമായ നടത്തുന്നതിനുള്ള ഒരുക്കം നടന്നുകൊണ്ടിരിക്കുകയാണെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.
3,094 വോട്ടിങ് യന്ത്രങ്ങള്‍ പരിശോധനക്കുശേഷം സജ്ജമായി. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ എം3 മോഡല്‍ മെഷീനാണ് സജ്ജമാക്കിയത്. 2,980 കണ്ട്രോള് യൂനിറ്റുകളും 3,209 വിവിപാറ്റ് മെഷീനുകളും തയാറാണ്. 12,864 പോളിങ് ഉദ്യോഗസ്ഥരാണ് ജില്ലയില്‍ തെരഞ്ഞെടുപ്പ് നടത്തിപ്പിനായി ആവശ്യമുള്ളത്. 237 ബസുകളും 15 മിനി ബസുകളും ഒരു ബോട്ടും 400 ലൈറ്റ് മോട്ടോര്‍ വാഹനങ്ങളുമാണ് തെരഞ്ഞെടുപ്പ് നടത്തിപ്പിനായി ആവശ്യമുളളത്. 2,080 ബൂത്തുകളിലാണ് റാമ്പുകള്‍ സജ്ജമായിട്ടുള്ളത്. എല്ലാ ബൂത്തുകളിലും റാമ്പുകള്‍ സജ്ജമാക്കും.
തെരഞ്ഞെടുപ്പ് കാലത്ത് പത്തു ലക്ഷം രൂപക്ക് മുകളിലുള്ള സംശയകരമായ ഇടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ഥികളുടെ അക്കൗണ്ടില്‍ ഒരു ലക്ഷത്തിന് മുകളിലുളള ഇടപാടുകളും നിരീക്ഷിക്കും. 2019 ലോക്സഭ തിരഞ്ഞെടുപ്പില്‍ 78.68 ശതമാനം ആയിരുന്നു എറണാകുളം ജില്ലയിലെ പോളിങ്. ചാലക്കുടി ലോക്സഭാ മണ്ഡലത്തില്‍ 80.43 ശതമാനം പേരും എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ 77.56 ശതമാനം പേരുമാണ് വോട്ട് രേഖപ്പെടുത്തിയത്.
എറണാകുളം, ചാലക്കുടി എന്നിങ്ങനെ രണ്ട് ലോക്സഭാ മണ്ഡലങ്ങളാണ് എറണാകുളം ജില്ലയിലുള്ളത്. പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, കുന്നത്തുനാട്, ൈകപ്പമംഗലം (69), ചാലക്കുടി (72), കൊടുങ്ങല്ലൂര്‍ (73) എന്നീ മണ്ഡലങ്ങളാണ് ചാലക്കുടി ലോക്സഭാ മണ്ഡലത്തിലുള്ളത്.
11 ആണ് ചാലക്കുടി ലോക്സഭാ മണ്ഡലത്തിന്റെ കോഡ് നമ്പര്‍. എറണാകുളം ലോക്സഭാ മണ്ഡലത്തിന്റെ കോഡ് നമ്പര്‍ 12 ആണ്. കളമശ്ശേരി, പറവൂര്‍, വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര എന്നീ മണ്ഡലങ്ങളാണ് എറണാകുളം ലോക്സഭാ മണ്ഡലത്തിലുള്ളത്. പിറവം കോട്ടയം ലോക്സഭാ മണ്ഡലത്തിലും മുവാറ്റുപുഴ, കോതമംഗലം ഇടുക്കി ലോക്സഭാ മണ്ഡലത്തിലുമാണ്. എറണാകുളം മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രം കളമശ്ശേരി കൊച്ചി സര്‍വകലാശാലയും ചാലക്കുടി മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രം ആലുവ യുസി കോളജുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.