കൊച്ചി: ജില്ലയിലെ തണ്ണീർത്തടങ്ങളിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയത് 115 ഇനത്തിൽപ്പെട്ട 3168 ജലപക്ഷികളെ. കേരള ശാസ്ത്ര സാഹിത്യ പരിഷത് വരാപ്പുഴ യൂനിറ്റും കൊച്ചിൻ നാച്ച്വറൽ ഹിസ്റ്റി സൊസൈറ്റിയും സംയുക്തമായി നടത്തിയ സർവേയിലാണ് കണ്ടെത്തൽ. മുൻവർഷത്തെ അപേക്ഷിച്ച് ഇനങ്ങളുടെ എണ്ണം വർധിച്ചിട്ടുണ്ടെങ്കിലും പക്ഷികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായും പഠനം വ്യക്തമാക്കുന്നു.
കടമക്കുടി, ദേവസ്വംപാടം, പുതുവൈപ്പ്, നെടുമ്പാശ്ശേരി, തൃപ്പൂണിത്തുറ, കണ്ടക്കടവ്, കരുമാലൂർ, വെളിയത്തുനാട്, മാഞ്ഞാലി, നെടുങ്ങാട്, അണിയൽ തുടങ്ങിയ പ്രദേശങ്ങളിലെ തണ്ണീർത്തടങ്ങൾ കേന്ദ്രീകരിച്ച് 13, 14 തീയതികളിലായിരുന്നു സർവ്വെ. ഈസ്റ്റേൺ കാറ്റിൽ ഇഗ്രറ്റ് എന്ന ഇനത്തിൽപ്പെട്ട പക്ഷിയെ ആണ് ഈവർഷം കൂടുതലായി കണ്ടത്: 194 എണ്ണം. ചെമ്പൻ ഐബിസ്-154 എണ്ണം, നീലക്കോഴി-47, ഓറിയന്റൽ ഡാർട്ടർ-14, ചൂളൻ എരണ്ട-42 എന്നിങ്ങനെയാണ് മറ്റ് പ്രധാന ഇനങ്ങളുടെ കണക്ക്.
വരി എരണ്ട, ചെറിയ മണൽക്കോഴി, പവിഴക്കാലി, പട്ട വാലൻ ഗോഡ്വിറ്റ്, ബെയ്ലൺസ് ക്രേക്ക്, തവിടൻ നെല്ലിക്കോഴി, ചതുപ്പൻ, വെള്ള കടൽകാക്ക, തവിട്ട് തലയൻ കടൽകാക്ക, ചെറിയ ആള, വലിയ കടൽ ആള, പുളിച്ചുണ്ടൻ കൊതുമ്പന്നം, വലിയ വേലി തത്ത, വെള്ളികറുപ്പൻ പരുന്ത്, ചാര മുണ്ടി, ഓസ്പ്രേ, ചോരക്കാലി ആള, ചോരക്കാലി, പച്ചക്കാലി തുടങ്ങിയവയും ഈ വർഷം കണ്ടെത്തിയ ഇനങ്ങളിൽപ്പെടുന്നു.
2023ൽ 111 ഇനങ്ങളിലായി 7653 പക്ഷികളെയാണ് കണ്ടെത്തിയത്. 2022ൽ ഇത് യഥാക്രമം 109 ഉം 4391 ഉം ആയിരുന്നു. സാധാരണയായി കണ്ടുവരുന്ന ചൂളൻ എരണ്ടയുടെ എണ്ണം ഇത്തവണ ഗണ്യമായി കുറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും തണ്ണീർത്തടങ്ങളുടെ വിസ്തൃതിയും ഗുണമേന്മയും കുറഞ്ഞതുമെല്ലാം പക്ഷികളുടെ എണ്ണം കുറയാൻ കാരണമായി കരുതുന്നതായി കൊച്ചിൻ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി സെക്രട്ടറി വിഷ്ണുപ്രിയൻ കർത്ത പറഞ്ഞു.
പ്ലാസ്റ്റിക് അടക്കമുള്ള മലിനീകരണം, വെള്ളത്തിന്റെ സ്വതന്ത്രമായ ഒഴുക്ക് തടസ്സപ്പെട്ടത്, കൃഷിയിടങ്ങളിലെ കീടനാശിനി ഉപയോഗം എന്നിവയെല്ലാം പക്ഷികളുടെ ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 60ലധികം സന്നദ്ധ പ്രവർത്തകർ സർവേയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.