കൊച്ചി: രണ്ടാം അമൃത് പദ്ധതിയിലുൾപ്പെടുത്തി കൊച്ചി കോർപറേഷനിൽ നടപ്പാക്കുന്ന 345 കോടി രൂപയുടെ പ്രവൃത്തികൾ മേയറുടെ അധ്യക്ഷതയിൽ കൂടിയ കോർ കമ്മിറ്റി യോഗത്തിൽ അവലോകനം ചെയ്തു. കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട 152 കോടിയുടെയും സ്വീവേജ് പദ്ധതിയുടെ ഭാഗമായ 193 കോടി രൂപയുടെയും പദ്ധതികൾക്കാണ് ഭരണാനുമതി ലഭിച്ചത്. ഇതിൽ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട 27 കോടി രൂപയുടെ പദ്ധതികളുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തികൾ ആരംഭിക്കുന്ന ഘട്ടത്തിലാണ്. കുഞ്ഞൻബാവ റോഡിൽ പൈപ്പ് ഇടുന്നതാണ് ഇതിലൊന്ന്.
പാഴൂർ പമ്പ്ഹൗസിൽ നിലവിലുണ്ടായിരുന്ന മൂന്ന് വെർട്ടിക്കൽ ടർബൈൻ പമ്പുകളിൽ രണ്ടെണ്ണം കേടായതിനാൽ കൊച്ചി നഗരത്തിൽ കുടിവെള്ള വിതരണത്തിൽ സമീപകാലത്തുണ്ടായ പ്രതിസന്ധി ഇനി ആവർത്തിക്കാതിരിക്കാനും കൂടുതൽ വെള്ളം മരട് ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് എത്തിക്കാനും അഡീഷനൽ പമ്പ് സ്ഥാപിക്കാനുമുള്ള പ്രവൃത്തിയും ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. ഒന്നാംഘട്ടത്തിൽ എളംകുളത്ത് നിർമാണം പൂർത്തീകരിച്ച സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് കൂടാതെ എളംകുളത്ത് മറ്റൊരു പ്ലാന്റും 40 കിലോമീറ്റർ നെറ്റ്വർക്കും ഉൾപ്പെടുന്ന 193 കോടി രൂപയുടെ പദ്ധതിക്ക് സാങ്കേതിക അനുമതി നൽകുന്ന നടപടികളും രണ്ടാം അമൃതിൽ പുരോഗമിക്കുന്നു. തുടർന്നും എല്ലാ മാസവും മേയറുടെ അധ്യക്ഷതയിൽ കോർ കമ്മിറ്റി യോഗം ചേരാൻ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.