അങ്കമാലി: വെള്ളിയാഴ്ച കറുകുറ്റി ന്യൂ ഇയർ ഗ്രൂപ്പിന്റെ മൂന്നുനില കെട്ടിടത്തിൽ തീപിടിത്തത്തിന് ഇടയാക്കിയത് ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം. എങ്കിലും ഇലക്ട്രിക്, സയന്റിഫിക് വിഭാഗങ്ങളുടെ വിദഗ്ധ പരിശോധനക്ക് ശേഷമേ കാരണവും നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കുകളും വ്യക്തമാകൂ. അട്ടിമറി സാധ്യതയും അന്വേഷിക്കും. ഭിന്നശേഷിക്കാരന്റെ ദാരുണാന്ത്യവും 24ഓളം ജീവനക്കാർ ജോലി ചെയ്യുമ്പോഴുണ്ടായ തീപിടിത്തവും കോടികൾ വിലവരുന്ന വാഹനങ്ങളും കെട്ടിടവും പൂർണമായി കത്തിച്ചാമ്പലായതും അട്ടിമറി സാധ്യതയില്ലെന്ന കണക്കുകൂട്ടൽപോലെ അന്വേഷണങ്ങൾക്കും വഴിതിരിക്കാനാണ് സാധ്യത.
ഏഴര മണിക്കൂർ നീണ്ട വൻതീപിടിത്തത്തിൽ കോടികളുടെ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. മൂന്ന് നിലയിലെയും മുറികളും പരിസരവും കടഞ്ഞെടുത്ത തേക്ക് മരങ്ങൾകൊണ്ട് ആധുനിക രീതിയിലാണ് നിർമിച്ചിട്ടുള്ളത്.
ഗ്രൗണ്ട് ഫ്ലോറിലും പോർച്ചിലും മറ്റും കയറുകളും ചകിരിച്ചോറുകളും കൊണ്ടാണ് ഇന്റീരിയൽ വർക്കുകൾ ചെയ്തിരുന്നത്. അതിനോട് ചേർന്നാണ് ക്രിസ്മസിനോടനുബന്ധിച്ച് നക്ഷത്രങ്ങളും അലങ്കാരങ്ങളും ഏർപ്പെടുത്തിയത്. ഇന്റീരിയൽ വർക്കുകളിലുണ്ടായ ഷോർട്ട് സർക്യൂട്ടാകാം കത്തിപ്പടർന്ന് തീജ്വാലയായി തീർന്നതെന്നാണ് സൂചന.
അടിമുതൽ മുകൾവരെ മണിക്കൂറുകൾകൊണ്ട് പൂർണമായും കത്തിയതോടെ കെട്ടിടത്തിന്റെ ഇരുമ്പ് തൂണുകളും അനുബന്ധ സാമഗ്രികൾ തുടങ്ങി കോൺക്രീറ്റ് കമ്പികൾവരെ കത്തിപ്പഴുത്തുരുകി നിലം പൊത്തുകയായിരുന്നു. കെട്ടിടം അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയാണ്.
പൂർണമായും പൊളിച്ച് കളയേണ്ടിവരും. വെള്ളിയാഴ്ച രാത്രി തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും എറണാകുളം, ഇടുക്കി ജില്ലകളുടെ ചുമതലയുള്ള റീജനൽ ഫയർ ഓഫിസർ സുജിത്കുമാർ, ജില്ല ഫയർ ഓഫിസർ ഹരികുമാർ തുടങ്ങിയവരും സംഭവസ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി. കറുകുറ്റി പൈനാടത്ത് വീട്ടിൽ പി.പി. തോമസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. തൃശൂർ മാമ്പറ തലക്കോട്ടുപറമ്പിൽ എം.എം. പ്രസാദാണ് പാട്ടത്തിനെടുത്ത് സ്ഥാപനം നടത്തിവന്നിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.