ജില്ലയിൽ അങ്കമാലി മുതൽ അരൂർ വരെ ദേശീയപാതയിലെ ഗതാഗതക്കുരുക്കിനും വാഹനബാഹുല്യത്തിനും അറുതി വരുത്താൻ വിഭാവനം ചെയ്ത പദ്ധതിയാണ് അങ്കമാലി-കുണ്ടന്നൂർ ബൈപാസ്. അങ്കമാലി കരയാംപറമ്പിൽ നിന്ന് ആരംഭിച്ച് കുണ്ടന്നൂരിനടുത്ത് നെട്ടൂരിൽ അവസാനിക്കുന്ന 44.7 കി.മീ ഗ്രീൻഫീൽഡ് ഹൈവേ ജില്ലയുടെ വികസന വഴിയിലെ നാഴികക്കല്ലാകും. എന്നാൽ പദ്ധതിയുടെ നടപടിക്രമങ്ങളുമായി നാഷനൽ ഹൈവേ അതോറിറ്റിയും ജില്ല ഭരണകൂടവും മുന്നോട്ടുപോവുമ്പോൾ സ്ഥലമേറ്റെടുപ്പ്, നഷ്ടപരിഹാര വിഷയങ്ങളിൽ ആശങ്കയിലാണ്ട ഒരു കൂട്ടം സാധാരണക്കാർ ഈ നിർദിഷ്ട പാതയുടെ ഇരുവശത്തും താമസിക്കുന്നുണ്ട്. അവരുടെ ആശങ്കകളും ആധിയും കണ്ടറിയാനോ പരിഹരിക്കാനോ ആരും തയാറാവുന്നില്ല. കിടപ്പാടം നഷ്ടപ്പെട്ടാൽ എന്തു ചെയ്യണമെന്ന് ഉത്കണ്ഠയിലാണ്ട നൂറുകണക്കിന് മനുഷ്യരെപ്പറ്റി മാധ്യമം നടത്തുന്ന അന്വേഷണം: ‘ആശങ്കകളുടെ ഗ്രീൻഫീൽഡ്’ ഇന്നുമുതൽ.
കൊച്ചി: നല്ല റോഡുകൾ...മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം..ഇതെല്ലാം ഒരു നാടിനെ വികസനത്തിലേക്കും പുരോഗതിയിലേക്കും നയിക്കുന്ന നിർണായക ഘടകങ്ങളാണ്. എന്നാൽ, ചില വികസന പദ്ധതികളുടെ പ്രഖ്യാപനം തന്നെ ഒരു നാടിനെയൊന്നാകെ തീരാനോവിലേക്കും ഉള്ളുനീറുന്ന ആശങ്കയിലേക്കുമാണ് തള്ളിവിടുന്നതെങ്കിലോ...? പ്രദേശവാസികളെ വിശ്വാസത്തിലെടുക്കാതെയോ അവരുടെ ഉത്കണ്ഠകൾക്ക് കൃത്യമായ മറുപടി പറയാതെയോ നടപ്പാക്കുന്ന വികസന പദ്ധതികളെ എങ്ങനെയാണ് ജനം ഇരുകൈയും നീട്ടി സ്വീകരിക്കുക?
ഇത്തരം ചില ആശങ്കകളുടെയും ആകുലതകളുടെയും അനുഭവങ്ങളാണ് നിർദിഷ്ട അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ഹൈവേ (എറണാകുളം ബൈപാസ്-ദേശീയപാത 544) കടന്നുപോവുന്ന ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് പറയാനുള്ളത്. നാഷനൽ ഹൈവേ അതോറിറ്റിയുടെ കീഴിൽ പദ്ധതിയുടെ നടപടിക്രമങ്ങൾ അനുദിനം പുരോഗമിക്കുമ്പോൾ തങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുമോ, നഷ്ടപ്പെട്ടാൽ തന്നെ എന്ത് നഷ്ടപരിഹാരം കിട്ടും, കിട്ടുന്നത് പുതിയ വീടുവെക്കാൻ പര്യാപ്തമാകുമോ, ഇല്ലെങ്കിൽ എന്തുചെയ്യും.. എന്നിങ്ങനെ പ്രദേശവാസികളുടെ ഉള്ളിൽ ചോദ്യങ്ങൾ നിറയുകയാണ്. ഒപ്പം, ഒന്നിനും കൃത്യമായൊരു മറുപടി പറയാനോ വിശദീകരണം നൽകാനോ അധികൃതർ തയ്യാറാവാത്തതും ഇവരുടെ ആധി ഇരട്ടിയാക്കുന്നു.
പദ്ധതി ഇങ്ങനെ...
നിലവിൽ എറണാകുളം ജില്ലയുടെ തൃശൂർ, ആലപ്പുഴ അതിർത്തി ജില്ലകളെ ബന്ധിപ്പിക്കുന്ന, ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ ഗതാഗതം നടക്കുന്ന അങ്കമാലി-അരൂർ ദേശീയപാതയുടെ തുടക്കം മുതൽ അവസാനം വരെ രൂക്ഷഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് ആറു വരിപ്പാത പദ്ധതി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അവതരിപ്പിക്കുന്നത്. എറണാകുളം ജില്ലയിലെ ആലുവ, കണയന്നൂർ, കുന്നത്തുനാട് താലൂക്കുകളിലുള്ള 18 വില്ലേജുകളിലൂടെ പാത കടന്നുപോകും. 290 ഹെക്ട൪ സ്ഥലമാണ് ഏറ്റെടുക്കേണ്ടി വരിക. 15 പാലങ്ങൾ ഇതിന്റെ ഭാഗമായി നി൪മിക്കും. 4650 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. സ്ഥലമേറ്റെടുപ്പിനുള്ള ചെലവുൾപ്പെടെ പൂർണമായും കേന്ദ്രം വഹിക്കും. ആക്സസ് നിയന്ത്രിത ഇടനാഴിയായിരിക്കും പുതിയ പാത.
നിലവിൽ പദ്ധതിയുമായി ബന്ധപ്പെട്ട പരാതികളും ആശങ്കകളും അറിയിച്ചവരുടെ ഹിയറിങ് പൂർത്തിയായി. രണ്ടര വ൪ഷത്തിനകം ഭൂമിയേറ്റെടുക്കൽ പൂ൪ത്തിയാക്കി നി൪മാണം ആരംഭിക്കുമെന്നാണ് സെപ്റ്റംബർ 28ന് കലക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ മന്ത്രി പി. രാജീവ് വ്യക്തമാക്കിയത്. എന്നാൽ ഇതിലും നേരത്തെ പദ്ധതി പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് സൂചന. നിലവിൽ ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ അതിര്‍ത്തി നിര്‍ണയിക്കാന്‍ ജില്ല കലക്ടര്‍ 40 സര്‍വേയര്‍മാരെ നിയമിച്ചുകഴിഞ്ഞു.
നഷ്ടപരിഹാരത്തിൽ ആശയക്കുഴപ്പം...
വികസനത്തിന് ഒരിക്കലും തങ്ങൾ എതിരല്ലെന്നും മറിച്ച് തങ്ങളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിച്ചാൽ പദ്ധതിയെ പൂർണമായും സ്വാഗതം ചെയ്യുമെന്നുമാണ് നിർദിഷ്ട പാത കടന്നുപോവുന്ന പ്രദേശങ്ങളിലെയെല്ലാം നാട്ടുകാർ ഒരേസ്വരത്തിൽ പറയുന്നത്. എന്നാൽ ഇവരുടെ ആശങ്കയും ആശയക്കുഴപ്പവും പരിഹരിക്കാൻ അധികൃതർ തയ്യാറാവുന്നില്ല.
നിലവിൽ 18 വില്ലേജുകളിലും സ്ഥലം വിട്ടുകൊടുക്കേണ്ടി വരുന്നവർ ചേർന്ന് വ്യത്യസ്ത ആക്ഷൻ കൗൺസിലുകൾ രൂപവത്കരിക്കുകയും ഇവയെല്ലാം ചേർന്ന് സംയുക്ത ആക്ഷൻ കൗൺസിലായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. ദേശീയപാത നിർമാണത്തിനായി സർക്കാറിന് സ്ഥലം വിട്ടുകൊടുക്കുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് 2013ലെ ലാൻഡ് അക്വിസിഷൻ ആക്ടും (ദ റൈറ്റ് ടു ഫെയർ കോംപൻസേഷൻ ആൻഡ് ട്രാൻസ്പെരൻസി ഇൻ ലാൻഡ് അക്വിസിഷൻ, റിഹാബിലിറ്റേഷൻ ആൻഡ് റീസെറ്റ്ൽമെൻറ് ആക്ട്-2013) 1956ലെ നാഷനൽ ഹൈവേസ് ആക്ടുമാണ് ഉള്ളത്.
രണ്ട് നിയമങ്ങളിലും നഷ്ടപരിഹാരത്തുക നിർണയത്തിൽ വലിയ അന്തരമുണ്ട്. 2013ലെ ആക്ട് പ്രകാരം കൂടുതൽ ഉയർന്ന നഷ്ടപരിഹാരവും മറ്റാനുകൂല്യങ്ങളും സ്ഥലം വിട്ടുകൊടുക്കുന്നവർക്ക് ലഭിക്കും, എന്നാൽ 1956ലെ ആക്ടിലെ നഷ്ടപരിഹാര നിർണയരീതിയിൽ താരതമ്യേന കുറഞ്ഞ തുകയേ അനുവദിക്കുകയുള്ളൂ എന്നത് കൂടാതെ കെട്ടിടങ്ങളുടെ കാലപ്പഴക്കത്തിനനുസരിച്ചായിരിക്കും നഷ്ടപരിഹാരത്തുക നിശ്ചയിക്കുക. നിലവിൽ എൽ.എ ആക്ട് പ്രകാരമായിരിക്കും നഷ്ടപരിഹാരം നൽകുകയെന്നും അതല്ല, എൻ.എച്ച് ആക്ട് പ്രകാരമായിരിക്കും നഷ്ടപരിഹാരം നൽകുകയെന്നുമുള്ള രണ്ടു തരം വിശദീകരണങ്ങളാണ് പ്രദേശവാസികൾക്ക് കിട്ടുന്നത്. നിലവിൽ 2013ലെ നിയമപ്രകാരമുള്ള നഷ്ടപരിഹാരം കിട്ടണമെന്ന നിലപാടിലാണ് സ്ഥലം വിട്ടുകൊടുക്കാനൊരുങ്ങുന്നവർ. ഇതിനായി ഏതറ്റം വരെയുംപോകാനും ഇവർ തയ്യാറാണ്. എന്തുകൊണ്ട് ഈ നിലപാടിൽ എത്തിയെന്നതിനെക്കുറിച്ച് നാളെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.