മട്ടാഞ്ചേരി: ഒന്നര മാസത്തെ ഇടവേളക്കുശേഷം മത്സ്യബന്ധന ബോട്ടുകൾ തിങ്കളാഴ്ച അർധരാത്രി മുതൽ വീണ്ടും കടലിലേക്ക് ഇറങ്ങുകയാണ്. ഏറെ പ്രതീക്ഷകളോടെയാണ് ബോട്ടുടമകളും തൊഴിലാളികളും ട്രോളിങ് നിരരോധന കാലത്തിനുശേഷം വീണ്ടും ബോട്ട് ഇറക്കുന്നത്. പിന്നിട്ട ഒന്നരമാസം മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം കറുത്ത ദിനങ്ങളായിരുന്നു.
കഴിഞ്ഞ സീസണിൽ കാര്യമായ മത്സ്യസമ്പത്ത് കിട്ടാത്തതിനാൽ ബോട്ടുടമകൾ വരെ പ്രതിസന്ധിയിലായിരുന്നു. പലരും കടം വാങ്ങിയാണ് ബോട്ടുകളുടെ അറ്റകുറ്റപണികൾ തീർത്തിരിക്കുന്നത്. ഇവരും പ്രതീക്ഷയോടെയാണ് വരും ദിനങ്ങളെ കാത്തിരിക്കുന്നത്. 3600 ഓളം മത്സ്യബന്ധന ബോട്ടുകളാണ് സംസ്ഥാനത്തെ ഹാർബറുകൾ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്നത്. ഇവയിൽ അയൽ സംസ്ഥാനക്കാരുടെ ബോട്ടുകളും ഉൾപ്പെടും. കിളിമീൻ, ചാള, അയല, കണവ, ചെമ്മീൻ എന്നിവയടക്കമുള്ള മീൻ ചാകരയാണ് ബോട്ടുകൾ പ്രതീക്ഷിക്കുന്നത്.
തീരദേശങ്ങളിൽ ഒന്നര മാസമായി അടച്ചു പൂട്ടിയ ഇന്ധന പമ്പുകൾ സജീവമായി. ഒപ്പം ഐസ് കമ്പനികൾ, കച്ചവടകേന്ദ്രങ്ങൾ, ഹാർബർ അധിഷ്ഠിത തൊഴിൽ മേഖലകൾ തുടങ്ങിയവയും ഉണർന്നു കഴിഞ്ഞു. സംസ്ഥാനതീരം വിട്ട് പോയ ചാളയും അയലയും കേരളക്കരയിലേക്ക് തിരിച്ച് എത്തിയതായാണ് മത്സ്യബന്ധന മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കൂടാതെ കൂന്തൽ, കണവ, ചെമ്മീൻ എന്നിവയുടെ ചാകരയും തൊഴിലാളികൾ പ്രതീക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.