കൊച്ചി: ചാലക്കുടി ലോക്സഭ മണ്ഡലത്തിലെ ട്വൻറി 20യുടെ മത്സരം സംഘടനയുടെ ആസ്ഥാനമായ കുന്നത്തുനാട് നിയമസഭ മണ്ഡലത്തെ ശ്രദ്ധേയമാക്കുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കുന്നത്തുനാട് പിടിച്ചെടുക്കുമെന്ന പ്രചാരണത്തോടെ മത്സര രംഗത്തിറങ്ങിയ ട്വൻറി 20ക്ക് പക്ഷേ ഫലം വന്നപ്പോൾ അടിപതറി. ഇവിടെ ശക്തമായ ത്രികോണ മത്സരത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി പി.വി. ശ്രീനിജിനായിരുന്നു വിജയം.
ഇതിന് പുറമേ യു.ഡി.എഫിനും പിന്നിൽ ട്വൻറി 20 മൂന്നാം സ്ഥാനത്താകുകയും ചെയ്തു. ശ്രീനിജിൻ 52,351 വോട്ടും രണ്ടാം സ്ഥാനത്തെത്തിയ യു.ഡി.എഫിലെ വി.പി. സജീന്ദ്രൻ 49,636 വോട്ടും നേടിയപ്പോൾ മൂന്നാം സ്ഥാനത്തെത്തിയ ട്വൻറി-20 സ്ഥാനാർഥി സുജിത് സുരേന്ദ്രൻ 42,701 വോട്ടാണ് നേടിയത്. എന്നാൽ അന്ന് നിയോജക മണ്ഡലത്തിലെ പൂതൃക്ക, തിരുവാണിയൂർ, വടവുകോട് പുത്തൻകുരിശ് പഞ്ചായത്തുകളിൽ പ്രവർത്തനമില്ലാതിരുന്ന ട്വൻറി-20 ഇതിന് ശേഷം ഇവിടങ്ങളിൽ കൂടി ഘടകങ്ങൾ രൂപവത്കരിച്ച് സജീവമായ പ്രവർത്തനത്തിലാണ്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എം.എൽ.എയായതോടെയാണ് പി.വി. ശ്രീനിജിൻ എം.എൽ.എയും ട്വൻറി-20യും തമ്മിലുളള പോര് ആരംഭിക്കുന്നത്. കിറ്റക്സ് സ്ഥാപനങ്ങളിൽ സർക്കാർ വകുപ്പുകൾ നടത്തിയ പരിശോധനകളും ട്വൻറി-20 ഭരിക്കുന്ന തദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ എം.എൽ.എ തടസ്സപ്പെടുത്തുകയാണെന്ന ആരോപണവുമെല്ലാം ഇതിന് ആക്കം കൂട്ടി. ഇതോടെ തങ്ങളുടെ നിയന്ത്രണത്തിലുളള തദേശ സ്ഥാപനങ്ങളിലെ പൊതുപരിപാടികളിൽ ഇവർ എം.എൽ.എ യെ ബഹിഷ്കരിക്കാനും ആരംഭിച്ചു.
ഇതിനിടെയാണ് കിഴക്കമ്പലത്ത് ട്വൻറി-20 പ്രവർത്തകൻറെ മരണവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളുണ്ടായത്. ഇതോടൊപ്പം തന്നെ ക്രിസ്മസ് വേളയിൽ കിറ്റക്സ് തൊഴിലാളികൾ നടത്തിയ അതിക്രമവുമെല്ലാം പോര് രൂക്ഷമാക്കി. ഇതിനെല്ലാം തുടർച്ചയായി ട്വൻറി-20 നേതാവ് സാബു എം. ജേക്കബിനെതിരെ പട്ടികജാതി അതിക്രമം തടയൽ നിരോധന നിയമ പ്രകാരം എം.എൽ.എ തന്നെ പൊലീസിൽ പരാതിയും നൽകി.
ഏറ്റവും അവസാനം രണ്ട് മാസം മുമ്പ് ട്വൻറി-20യുടെ പൂതൃക്ക പഞ്ചായത്ത് സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിനെതിരെ എം.എൽ.എ നൽകിയ പരാതിയിൽ നടപടി പുരോഗമിക്കുകയാണ്. പോര് തുടരുന്നതിനിടെ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ആധിപത്യം പിടിച്ചെടുത്ത് എം.എൽ.എക്ക് തിരിച്ചടി നൽകാൻ ട്വൻറി-20യും ആധിപത്യം നിലനിർത്താൻ എം.എൽ.എയുടെ നേതൃത്വത്തിൽ സി.പി.എമ്മും കടുത്ത തന്ത്രങ്ങളാണ് അണിയറയിലൊരുക്കുന്നത്. ഇതോടൊപ്പം മണ്ഡലത്തിൽ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ നേടിയ മേൽക്കൈ ഇക്കുറിയും നിലനിർത്താനാണ് യു.ഡി.എഫ് ക്യാമ്പിന്റെയും പ്രവർത്തനം.
ഏതായാലും നിയമസഭ മണ്ഡലത്തിൽ മൂന്നാമത് പോകുന്ന മുന്നണിയെ സംബന്ധിച്ചിടത്തോളം വരുന്ന തദേശ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും തിരിച്ചുവരവ് പ്രയാസകരവുമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.