കൊച്ചി: മോട്ടോര്‍ വാഹന വകുപ്പിന് ലഭിക്കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കാതെ അനന്തമായി നീട്ടിക്കൊണ്ടുപോകില്ലെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഇതിന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുമെന്നും നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. എറണാകുളം, മൂവാറ്റുപുഴ റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസുകള്‍ക്ക് കീഴിലെ തൃപ്പൂണിത്തുറ, ആലുവ, നോര്‍ത്ത് പറവൂര്‍, മട്ടാഞ്ചേരി, അങ്കമാലി, പെരുമ്പാവൂര്‍, കോതമംഗലം ഓഫിസുകള്‍ സംയുക്തമായി എറണാകുളം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പരാതി പരിഹാര അദാലത്ത് 'വാഹനീയം 2022' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഞ്ച് കോടി രൂപ ചെലവില്‍ ഈ സാമ്പത്തികവര്‍ഷം സംസ്ഥാനത്തെ പൊതുഇടങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. ഇ-ഓട്ടോ സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിന് 30,000 രൂപ വീതം സബ്സിഡി നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ടി.ജെ. വിനോദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മേയര്‍ എം. അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കൊച്ചിയില്‍ പ്രവര്‍ത്തനം നിലച്ച ലോ ഫ്ലോര്‍ ബസ് സര്‍വിസ് പുനഃസ്ഥാപിക്കാന്‍ മന്ത്രി ഇടപെടണമെന്ന് ഇരുവരും യോഗത്തില്‍ ആവശ്യപ്പെട്ടു. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുന്ന ബസുകളെ ബൈപാസ് റൈഡര്‍ ആയി സര്‍വിസ് നടത്താനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. എം.എല്‍.എമാരായ കെ.ജെ. മാക്സി, റോജി എം. ജോണ്‍, എല്‍ദോസ് പി. കുന്നപ്പള്ളി, അന്‍വര്‍ സാദത്ത്, പി.വി. ശ്രീനിജിന്‍, എറണാകുളം ജോയന്റ് ആര്.ടി.ഒ കെ.കെ. രാജീവ്, അഡീഷനല്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ പ്രമോജ് ശങ്കര്‍, ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ഷാജി മാധവന് തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലയിൽ 851 പരാതി പരിഹരിച്ചു
കൊച്ചി : പരാതി പരിഹാര അദാലത് 'വാഹനീയം -2022' ൽ പരിഹരിച്ചത് 851 പരാതി. ജില്ലയിലെ വിവിധ ഓഫിസുകൾ കേന്ദ്രീകരിച്ച് ലഭിച്ച പരാതികൾ ഗതാഗത മന്ത്രി ആന്റണി രാജു നേരിട്ട് പരിശോധിച്ച് പരിഹാരം നിർദേശിക്കുകയായിരുന്നു. ജില്ലയിലെ വിവിധ ഓഫിസുകളിൽനിന്നായി 1430 പരാതിയാണ് ലഭിച്ചതെന്ന് എറണാകുളം ആർ.ടി.ഒ പി.എം. ഷബീർ, മൂവാറ്റുപുഴ ആർ.ടി.ഒ ടി.എം. ജെർസൺ എന്നിവർ അറിയിച്ചു.
വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് 639 പരാതിയാണ് ജില്ലയിൽ ലഭിച്ചത്. ഇവയിൽ 427 എണ്ണം തീർപ്പാക്കി. ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട 366 കേസിൽ 194 എണ്ണം പരിഹരിക്കാനായി. പെർമിറ്റുമായി ബന്ധപ്പെട്ട ആറ് പരാതിയും തീർപ്പാക്കാൻ സാധിച്ചു. വാഹന നികുതിയുമായി ബന്ധപ്പെട്ട് 121 പരാതിയാണ് ലഭിച്ചത്. ഇവയിൽ 112 എണ്ണം തീർപ്പാക്കി. ചെക്ക് റിപ്പോർട്ട് സംബന്ധിച്ച 150 കേസിൽ 37 എണ്ണം പരിഹരിച്ചു. ജനറൽ വിഭാഗത്തിൽ 148 പരാതിയാണ് ലഭിച്ചത്. ഇതിൽ 75 എണ്ണമാണ് തീർപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.