പറവൂർ: ചേന്ദമംഗലം പേരെപ്പാടത്ത് ഒരുവീട്ടിലെ മൂന്നുപേരെ അയൽവാസിയായ യുവാവ് കൊലപ്പെടുത്തിയ കേസിൽ വിചാരണ വേഗത്തിലാക്കാൻ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സർക്കാറിനെ സമീപിച്ചു. മുനമ്പം ഡിവൈ.എസ്.പി എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം ജില്ല പൊലീസ് മേധാവി സർക്കാറിന് കൈമാറിയതായാണ് വിവരം.
കഴിഞ്ഞ ജനുവരി 16 നാണ് പേരെപ്പാടം കാട്ടിപ്പറമ്പിൽ വേണു, ഭാര്യ ഉഷ, മകൾ വിനീഷ എന്നിവരെ വീട്ടിൽ അതിക്രമിച്ച് കടന്ന് അയൽവാസി റിതു ജയൻ തലക്കടിച്ച് കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം പൊലീസിൽ ഹാജരായ പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ പൊലീസ് വിശദമായ തെളിവെടുപ്പ് നടത്തി. ഒരു മാസത്തിനകം കുറ്റപത്രം കോടതിയിൽ സമർപ്പിക്കുമെന്ന് അന്വേഷണ സംഘം നേരത്തെ പറഞ്ഞിരുന്നു.
ഇതനുസരിച്ച് ഫെബ്രുവരി 15ന് പറവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകി. 292 പേജ് ഉള്ള കുറ്റപത്രത്തിൽ 112 സാക്ഷികളും 60 ലേറെ സാഹചര്യ തെളിവുകളും ഫോൺ, വാട്സ് ആപ് ചാറ്റുകൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളുമുണ്ട്.
മരിച്ച വിനീഷയുടെ മക്കളായ ആരാധിക, ആവണി എന്നിവർ കൊലപാതകത്തിന് ദൃക്സാക്ഷികളാണ്. കുട്ടികളുടെ മൊഴിയും സി.സി ടി.വി ദൃശ്യങ്ങളും മെഡിക്കൽ റിപ്പോർട്ടും അയൽവാസികളുടെ മൊഴികളും നിർണായകമാണെന്ന് പൊലീസ് കരുതുന്നു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ജിതിൻ ബോസിന്റെ മൊഴിയും മുഖ്യഘടകമാണ്.
നാടിനെ ഞെട്ടിച്ച കൂട്ടക്കൊലപാതകത്തിൽ പ്രതിക്ക് എത്രയും വേഗം ശിക്ഷ വാങ്ങിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിചാരണ നീണ്ടുപോകാതിരിക്കാൻ സ്പെഷൽ പ്രോസിക്യൂട്ടറുടെ സേവനം പൊലീസ് ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.