ചെങ്ങൽത്തോടിന്റെ കൈവഴിയൊഴുകുന്ന കരയും തോടും തിരിച്ചറിയാത്ത വിധം കുളവാഴ നിറഞ്ഞ പാനായിത്തോട്ടിലെ കുളിക്കടവ്
ചെങ്ങമനാട്: ചെങ്ങൽത്തോടിന്റെ കൈവഴികളിൽ പായലും കുളവാഴകളും നിറഞ്ഞതോടെ കരയും തോടും തിരിച്ചറിയാനാകാത്ത അവസ്ഥയിൽ. ജലമൊഴുക്ക് തടസ്സപ്പെട്ടതോടെ ജലസ്രോതസ്സുകളിൽ നീരുറവ ലഭിക്കാത്ത അവസ്ഥയാണ്. കാഞ്ഞൂർ-ശ്രീമൂലനഗരം-നെടുമ്പാശ്ശേരി-ചെങ്ങമനാട് പഞ്ചായത്തുകളുമായി ബന്ധപ്പെട്ട് 20 കിലോമീറ്ററോളം ദൈർഘ്യത്തിൽ പെരിയാർ ജലമൊഴുകിയിരുന്ന ചെങ്ങൽത്തോട് വിമാനത്താവള റൺവേ നിർമാണവുമായി ബന്ധപ്പെട്ട് കാഞ്ഞൂർ ഭാഗത്ത് മുറിഞ്ഞ് പോയതോടെയാണ് മാലിന്യക്കുളമായി മാറിയത്.
നീരൊഴുക്കില്ലാതെ ഒറ്റപ്പെട്ട തോട്ടിൽ മാലിന്യം കുമിഞ്ഞതോടെ മേഖലയിലെ ജലസേചന സംവിധാനം അവതാളത്തിലായി. റൺവേയുടെ തെക്ക് ഭാഗത്ത് വിമാനത്താവള കമ്പനി സമാന്തരമായി മറ്റൊരു തോട് നിർമിച്ചെങ്കിലും അത് പാഴ്വേലയായി. 2018ലെ മഹാപ്രളയത്തിൽ റൺവേ തകർന്നതടക്കം ഭീമമായ നാശമുണ്ടായി.
മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് വിമാനത്താവള കമ്പനിയുടെ ചെലവിൽ നീറ്റിലിറക്കുന്ന എൻജിൻ ഉപയോഗിച്ച് മാലിന്യം നീക്കൽ ആരംഭിച്ചെങ്കിലും ഉദ്ദേശിച്ച ഫലം കാണുന്നില്ലെന്നാണ് ആക്ഷേപം. ഏതാനും മാസങ്ങൾക്കകം പൂർവാധികം ശക്തിയോടെ തോട്ടിൽ മാലിന്യം നിറയും. ഇപ്പോൾ തോട്ടിൽ സ്പർശിക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ്. വേനൽ കനത്തതോടെ ദാഹജലത്തിനും കൃഷി ജലസേചനത്തിനും മാർഗമില്ലാതെ വലയുമ്പോഴാണ് തോട് നാടിന്റെ തീരാകളങ്കമായി നിലകൊള്ളുന്നത്.
പടിഞ്ഞാറ് ഭാഗത്തേക്ക് വെള്ളം സുഗമമായി ഒഴുകാൻ തോടിന്റെ ജലവിതാനം ശാസ്ത്രീയമായി പരിശോധിച്ച് ആഴത്തിൽ താഴ്ത്തി മണ്ണെടുക്കണം. മണ്ണ് നീക്കാൻ വിമാനത്താവള കമ്പനിക്ക് അധികാരമില്ല. ഭീമമായ തുക ചെലവഴിക്കാൻ പഞ്ചായത്തുകളിൽ ഫണ്ടുമില്ല.
സർക്കാർ തന്നെ വമ്പൻ പദ്ധതി ആവിഷ്കരിച്ചാൽ മാത്രമേ ചെങ്ങൽത്തോടിനെ ശാസ്ത്രീയമായി നവീകരിച്ച് ശാശ്വത പരിഹാരമുണ്ടാക്കാനാകൂ. അതിനിടെ ചെങ്ങൽത്തോടിന്റെ അവസ്ഥ ദയനീയമായതോടെ തോടുമായി ബന്ധപ്പെട്ട റസിഡന്റ്സ്, സന്നദ്ധ, പരിസ്ഥിതി, കാർഷിക സംഘടനകൾ അടക്കമുള്ള നാട്ടുകാരുടെ കൂട്ടായ്മ സംസ്ഥാന മനുഷ്യാവകാശ കമീഷനെ സമീപിക്കാനൊരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.