കൊച്ചി: പുതുവത്സരത്തിന് കൊച്ചി നഗരവും ദീപപ്രഭയിൽ കുളിക്കും. എല്ലാ വർഷവും തിരുവനന്തപുരം നഗരത്തില്‍ മാത്രം നടന്നുവന്ന ദീപാലങ്കാര പദ്ധതി കൊച്ചിയിലും നടപ്പാക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചു.
കൊച്ചി മേയർ അഡ്വ. എം. അനിൽകുമാറിന്റെ അഭ്യര്ഥനയെത്തുടന്നാണ് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പദ്ധതിക്ക് അനുമതി നൽകിയത്. 30 ലക്ഷം രൂപയുടെ ദീപാലങ്കാരമാകും നടത്തുക.
പുതുവത്സാഘോഷ പരിപാടികളുടെ ഭാഗമായി നിരവധി സഞ്ചാരികള്‍ എത്തുന്ന മറൈന്‍ഡ്രൈവില്‍ ആകർഷകമായ വിളക്കുകള്‍ സ്ഥാപിക്കും. 30ന് വൈകീട്ട് ആറിന് മറൈന്‍ഡ്രൈവില്‍ മന്ത്രി മുഹമ്മദ് റിയാസ് പദ്ധതി ഉദ്ഘാടനം ചെയ്യും. പരിപാടിക്ക് നഗരസഭയുടെ പിന്തുണയുണ്ടാകുമെന്ന് മേയർ അറിയിച്ചു.
ഇതിന് പുറമെ നഗരസഭ മുൻകൈയെടുത്ത് കൊച്ചി, പള്ളുരുത്തി മേഖലകളിൽ 41.67 ലക്ഷം രൂപയുടെ ദീപാലങ്കാരം ഒരുക്കും. സര്‍ക്കാര്‍ സഹായം കൂടി ലഭിക്കുന്നതോടെ 70 ലക്ഷത്തിലധികം രൂപയുടെ ദീപാലങ്കാരങ്ങള്‍ നഗരത്തിന് ശോഭകൂട്ടും.
കൊച്ചി: കൊച്ചിൻ കാര്‍ണിവലിലെ ജനത്തിരക്ക് കുറക്കാന്‍ കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ വിവിധ മേഖലകളില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മേയര്‍ എം. അനില്‍കുമാര്‍ പറഞ്ഞു. ഒരിടത്തുമാത്രം ആഘോഷം കേന്ദ്രീകരിക്കപ്പെടുമ്പോഴാണ് നിയന്ത്രിക്കാനാകാത്തവിധം ജനത്തിരക്ക് അനുഭവപ്പെടുന്നത്. പലസ്ഥലത്തായി ആഘോഷം വിഭജിക്കപ്പെട്ടാല്‍ ഒരിടത്തേക്ക് ജനങ്ങള്‍ പോകുന്നത് ഒഴിവാക്കാമെന്നും മേയര്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പള്ളുരുത്തിയിലും ഇടക്കൊച്ചി മേഖലയിലും നഗരത്തില്‍ ഡി.എച്ച് ഗ്രൗണ്ടിലുമാണ് പുതുവത്സര രാവില്‍ കോര്പറേഷന് നേരിട്ട് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ബാന്ഡുകളുടെയോ വ്യക്തികളുടെയോ സംഗീത പരിപാടികളാണ് ആലോചിക്കുന്നത്. പ്രധാന പരിപാടിയെന്ന നിലയില്‍ 31ന് രാത്രി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലാകും പരിപാടിയെന്നും മേയര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.