കൊച്ചി: ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി മേയർക്കുണ്ടായ വീഴ്ചയെ കുറിച്ച് പറയുന്നതിനിടെ പ്രതിപക്ഷാംഗത്തിന്റെ അധിക്ഷേപ പരാമർശം ബജറ്റ് ചർച്ചായോഗത്തിൽ ഏറെ നേരം ബഹളത്തിനിടയാക്കി.
ഡെപ്യൂട്ടി മേയർ ഫിനാൻസ് കമ്മിറ്റി വിളിക്കാത്തതുമായി ബന്ധപ്പെട്ട് ചർച്ച നടത്തുന്നതിനിടെയാണ് യു.ഡി.എഫ് പാർലമെൻററി പാർട്ടി സെക്രട്ടറി കൂടിയായ എം.ജി അരിസ്റ്റോട്ടിലിൽനിന്ന് വിവാദ പരാമർശമുണ്ടായത്.
ഡെപ്യൂട്ടി മേയർ വ്യക്തിപരമായ കാരണത്താലാണ് യോഗം ചേരാതിരുന്നതെങ്കിൽ ലീവെടുക്കണമായിരുന്നു എന്നുപറഞ്ഞ അരിസ്റ്റോട്ടിൽ ‘വീട്ടിൽ ചാള വല്ലതും വെട്ടാനുണ്ടോ’ എന്നു ചോദിച്ചതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്.
ഇതോടെ എല്ലാവരും ചേർന്ന് പ്രതിപക്ഷത്തിനും അരിസ്റ്റോട്ടിലിനുമെതിരെ തിരിഞ്ഞു. സ്ത്രീവിരുദ്ധ പരാമർശം പിൻവലിച്ച് മാപ്പുപറയണമെന്നായി ഭരണസമിതി കൗൺസിലർമാരുടെ ആവശ്യം.
പിൻവലിക്കില്ലെന്ന് തുടക്കത്തിൽ വ്യക്തമാക്കിയ അരിസ്റ്റോട്ടിൽ പ്രതിഷേധം കനത്തതോടെ പിൻവലിക്കുകയായിരുന്നു.
വ്യക്തിപരമായ കാരണങ്ങളാലാണ് വരാൻ കഴിയാതിരുന്നതെന്ന് ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ ഇതിനിടെ ആവർത്തിച്ചു. പിന്നീട് മേയറുടെ ഇടപെടലിൽ രംഗം ശാന്തമായി.
കോടികളുടെ റവന്യൂ റസീറ്റ് കാണുന്നില്ലെന്ന് ആരോപണം
കൊച്ചി: കോർപറേഷന്റെ ചരിത്രത്തിലാദ്യമായി സെക്രട്ടറി അവതരിപ്പിച്ച ബജറ്റിലെ കണക്കുകളിൽ പൊരുത്തക്കേടുകൾ അക്കമിട്ട് നിരത്തി പ്രതിപക്ഷം. കൗൺസിൽ യോഗത്തിലാണ് കണക്കുകളിലെ വൈരുധ്യം ചൂണ്ടിക്കാണിച്ചത്. ബജറ്റിലെ റവന്യൂ റസീറ്റിൽ കോടികളുടെ കുറവുണ്ടെന്ന് വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് ആൻറണി കുരീത്തറ റവന്യൂ റെസിറ്റുകളുടെ മൊത്തം തുക വാർഷിക ധനകാര്യ സ്റ്റേറ്റ്മെന്റിൽ (എ.എഫ്.എസ്) 597 കോടിയാണ് സർക്കാറിലേക്ക് നൽകിയ കണക്കെന്നും ചൂണ്ടിക്കാട്ടി.
എന്നാൽ നഗരസഭ സെക്രട്ടറി വച്ചിട്ടുള്ള ബജറ്റിൽ റവന്യൂ റെസീറ്റുകളുടെ മൊത്തം തുക 571 കോടി മാത്രമാണ്. 26 കോടിയുടെ റവന്യൂ റെസീറ്റുകളുടെ വ്യത്യാസമാണ് ആമുഖമായി നഗരസഭ ബജറ്റിൽ തന്നെ കാണുന്നത്. നഗരസഭയുടെ തനതുവരുമാനം 230 കോടിയാണ് യഥാർത്ഥ കണക്കിൽ കാണിച്ചിട്ടുള്ളത്. എന്നാൽ യഥാർത്ഥ ചിലവുകൾ 247 കോടിയുമാണ് കാണിച്ചിരിക്കുന്നത്. 17 കോടിയുടെ അധിക ചിലവാണ് കാണിക്കുന്നത്. ഈ പണം എങ്ങനെ ചെലവഴിച്ചെന്ന് അന്വേഷിക്കണമെന്ന് ആന്റണി കുരീത്തറ ആവശ്യപ്പെട്ടു.
മൊത്തം നികുതി വരുമാനത്തിൽ 2021ൽ 150 കോടിയും 2022 ൽ 149 കോടിയും 2023ൽ 163 കോടിയുമാണ് ലഭിച്ചിട്ടുള്ളത്. ഇത് കാണിക്കുന്നത് വരുമാനത്തിൽ കഴിഞ്ഞ മൂന്നുവർഷം കൊണ്ട് 13 കോടിയുടെ മാത്രം വർധനവാണ് ഉണ്ടായിട്ടുള്ളത്. തനത് വരുമാനത്തിൽ വസ്തുനികുതിയിൽ ഇത്രയേറെ നികുതി വർധനവുണ്ടായിട്ടും വളരെ ചെറിയ ശതമാനം മാത്രം നികുതി വരുമാനം ഉണ്ടായിട്ടുള്ളത് അന്വേഷിക്കണം.
പ്ലാൻ ഫണ്ട് അവസാനഘട്ട തുക പോലും നൽകാത്ത സർക്കാർ 30 കോടി നൽകുമെന്ന് പ്രതീക്ഷിച്ച് ബജറ്റിൽ കണക്ക് വെക്കുമ്പോൾ മേയർ നഗരത്തിലെ ആളുകളെ വിഡ്ഢികളാക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. കോർപറേഷന്റെ കരാറുകാർക്ക് നൽകാനുള്ള പണത്തിന്റെ യഥാർത്ഥ കണക്കു വെക്കാതെയും കൊടുക്കാനുള്ള കടങ്ങൾ ഉൾപ്പെടുത്താതെയുമാണ് ബജറ്റ് വെച്ചിട്ടുള്ളത്.
21 ലക്ഷം രൂപ ഉണ്ടായിരുന്ന മേയറുടെ റിലീഫ് ഫണ്ട് വെറും 22000 രൂപ മാത്രമായി ചുരുങ്ങി, ഈ ഫണ്ടിലും തട്ടിപ്പു നടത്തുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആന്റണി കുരീത്തറയും പാർലമെന്ററി പാർട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടിൽ എന്നിവർ ആവശ്യപ്പെട്ടു. രാവിലെ ബജറ്റ് ചർച്ചക്കുമുമ്പായി പ്രതിപക്ഷ പ്രതിഷേധം അരങ്ങേറി.
എന്നാൽ, കൊച്ചിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട ബജറ്റാണിതെന്ന് ഭരണപക്ഷാംഗങ്ങള്‍ അവകാശപ്പെട്ടു. കോര്‍പറേഷനെ ഇന്ന് കാണുന്ന നിലയിലേക്ക് മാറ്റിയത് ദീര്‍ഘവീക്ഷണത്തോടെയുള്ള ബജറ്റ് പ്രഖ്യാപനങ്ങളാണെന്ന് വികസന സ്ഥിരം സമിതി അധ്യക്ഷന്‍ പി.ആര്. റെനീഷ് ചൂണ്ടിക്കാട്ടി.
വൈറ്റിലയുടെ വികസനത്തിനായി ബജറ്റില്‍ കാര്യമായ പ്രഖ്യാപനങ്ങള്‍ ഇല്ലെന്നായിരുന്നു ഭരണപക്ഷത്തിന്റെ ഭാഗമായ വര്‍ക്ക്സ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുനിത ഡിക്സന്റെ പരാതി. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ വി.എ. ശ്രീജിത്, ഷീബാലാൽ, കൗൺസിലർമാരായ സി.എ. ഷക്കീർ, സുധ ദിലീപ് കുമാർ, വി.കെ. മിനിമോൾ, വി.വി. പ്രവീൺ, സി.ഡി. ബിന്ദു തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.