എം.സി റോഡിൽ അങ്കമാലി നായത്തോട് കവലയിൽ രണ്ട് മാസം മുമ്പ് ഒരാളുടെ
മരണത്തിനിടയാക്കിയ വാഹനാപകടം (ഫയൽ ചിത്രം)
കൊച്ചി: അശാസ്ത്രീയ നിർമാണം മൂലം എം.സി റോഡിൽ അപകടങ്ങളും ഗതാഗതക്കുരുക്കും പതിവാകുകയാണ്. റോഡ് കടന്നുപോകുന്ന അങ്കമാലി, കാലടി, പെരുമ്പാവൂർ, മൂവാറ്റുപുഴ പ്രദേശങ്ങളിലാണ് ദുരിതം ഏറെയും. ഒന്നര പതിറ്റാണ്ടിനപ്പുറത്ത് കെ.എസ്.ടി.പി റോഡ് നവീകരണം നടത്തുന്ന വേളയിൽ തന്നെ ഈ അശാസ്ത്രീയത വിവിധ കോണുകളിൽനിന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. എന്നാൽ, അധികൃതർ അവഗണിക്കുകയായിരുന്നു.
2007ൽ റോഡ് കെ.എസ്.ടി.പി നവീകരിച്ചത് മുതൽ തുടങ്ങിയതാണ് അപകടപരമ്പര. വളവുകൾ നിവർത്താതെയും സ്ഥലം ഉണ്ടായിരുന്നിട്ടും ഉപയോഗപ്പെടുത്താതെയുമായിരുന്നു നവീകരണം. അശാസ്ത്രീയമായി ഓട നിർമിച്ചത് മഴക്കാലത്ത് വെള്ളക്കെട്ടിനും കാരണമായി. മൂവാറ്റുപുഴ നഗരത്തിലടക്കം അഞ്ചിടങ്ങളിലായിരുന്നു വെള്ളക്കെട്ട് പ്രശ്നം സൃഷ്ടിച്ചത്.
പരാതിയെ തുടർന്ന് അന്നത്തെ പൊതുമരാമത്ത് മന്ത്രി പി.ജെ. ജോസഫ് സ്ഥലങ്ങൾ സന്ദർശിച്ചു. പരാതികൾക്ക് പരിഹാരം കാണുമെന്ന് പ്രഖ്യാപിച്ച് മടങ്ങിയതല്ലാതെ ഒന്നുമുണ്ടായില്ല. രണ്ടാംഘട്ട നിർമാണത്തിലും മൂവാറ്റുപുഴ - കൂത്താട്ടുകുളം വരെയുള്ള ഭാഗങ്ങളിലെ വളവുകൾ നിലനിർത്തിയാണ് പൂർത്തിയാക്കിയത്. ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടായ തൃക്കളത്തുർ കാവുംപടി, മാറാടി ഉന്നക്കുപ്പ, ആറൂർ അടക്കമുള്ള പ്രദേശങ്ങളിലെ വളവുകളും നവീകരിക്കണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടില്ല.
മൂവാറ്റുപുഴ-കോട്ടയം റൂട്ടിൽ ഉന്നക്കുപ്പ വളവടക്കം അപകടങ്ങളുടെ കേന്ദ്രമാണ്. നടപടി ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധം അടക്കമുള്ള സമരങ്ങൾ നടത്തിയിയിരുന്നു. അടിസ്ഥാന സൗകര്യങ്ങളും ഫണ്ടും ഉണ്ടായിരുന്നിട്ടും പല വിധ താൽപര്യങ്ങൾ മൂലം പഴയ എം.സി റോഡിലെ വളവുകൾ പലതും അതേപോലെ നിലനിർത്തി. ഒരു വർഷത്തിനിടെ മണ്ഡലം അതിർത്തിയായ തൃക്കളത്തൂർ മുതൽ ആറൂർ വരെ നടന്നത് നൂറോളം അപകടങ്ങളാണ്.
ഇതിൽ 15 പേരോളം മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പായിപ്ര കവല മുതൽ മൂവാറ്റുപുഴ ടൗൺ വരെ നീളുന്ന ഗതാഗത ക്കുരുക്കുകളും യാത്ര ദുസ്സഹമാക്കുന്നുണ്ട്. വിദഗ്ധ സമിതി നടത്തിയ പരിശോധനയിൽ പെരുമ്പാവൂർ മുതൽ -മൂവാറ്റുപുഴ ആറൂർവരെയുള്ള ഭാഗങ്ങളിൽ എട്ടിടങ്ങൾ അപകട മേഖലകളായി കണ്ടെത്തി അപകടങ്ങൾ കുറക്കാൻ പരിഹാര മാർഗങ്ങൾ നിർദേശിച്ചിരുന്നു. ഒന്നും നടപ്പായില്ല.
എം.സി റോഡില്‍ മണ്ണൂര്‍ വഴി വരുന്ന വാഹനങ്ങള്‍ വട്ടക്കാട്ടുപടി കഴിഞ്ഞ് പെരുമ്പാവൂരിലേക്ക് പ്രവേശിക്കുമ്പോള്‍ വലിയ ഗതാഗതകുരുക്ക് നേരിടുന്നു. ഇട റോഡുകളും മോല്പാലങ്ങളും ഇല്ലാത്തതാണ് കാരണം. എം.സി റോഡിലെ തിരക്ക് പലപ്പോഴും നഗരത്തില്‍ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. ശബരിമല, മലയാറ്റൂര്‍ ഉള്‍പ്പടെയുള്ള തീര്‍ഥാടന കാലങ്ങളില്‍ തിരക്ക് രൂക്ഷമാണ്.
വാഹനപ്പെരുപ്പം ഉള്‍ക്കൊള്ളാനുള്ള വീതി റോഡിനില്ലാത്ത് കൂടുതല്‍ പ്രതിസന്ധിയാകും. നാലുവരിപാത വേണ്ടിടത്ത് മൂന്ന് വരി പോലും ഉള്‍ക്കൊള്ളാനാകാത്തത് തിരിച്ചടിയാണ്. പെരുമ്പാവൂര്‍ മുതല്‍ കാലടി പാലം വരെയുളള ഭാഗങ്ങളില്‍ രാത്രിയിലും തിരക്കാണ്. ഇത് രോഗികളുമായി പോകുന്ന ആംബുലന്‍സുകളുടെ വഴി പോലും മുടക്കുന്നു.
എം.സി. റോഡിലെ അങ്കമാലിയിലും സമീപപ്രദേശങ്ങളിലും അപകടങ്ങൾ തുടർക്കഥയാവുകയാണ്. വിമാനത്താവളത്തിലേക്ക് വന്ന് പോകുന്ന വാഹനങ്ങൾ യു.ടേൺ തിരിയുന്ന നായത്തോട് കവല, വളവഴി, ഡബിൾപാലം, വേങ്ങൂർക്കവല എന്നിവിടങ്ങളിലാണ് കൂടുതലായും അപകടങ്ങളുണ്ടാകുന്നത്. നായത്തോട് കവലയിൽ ദിനേനെയെന്നോണമാണ് അപകടം.
രണ്ട് മാസം മുമ്പ് ടെമ്പോ ട്രാവലറിൽ തടി ലോറിയിടിച്ച് ഒരാൾ മരിക്കുകയും, 12 ഓളം പേർക്ക് പരുക്കേൽക്കുകയുമുണ്ടായി. അതിന് ശേഷവും ഇവിടെ അപകടങ്ങൾക്ക് ശമനമില്ല. ഡബിൾ പാലത്തിന് സമീപവും, വേങ്ങൂർക്കവലയും വളവഴിയും അപകട മേഖലകളാണ്.
ദേശീയപാതയും എം.സി റോഡും സംഗമിക്കുന്ന അങ്കമാലി പട്ടണത്തിൽ നിന്ന് ഗതാഗതക്കുരുക്കിനാൽ വീർപ്പുമുട്ടുന്ന കാലടിപ്പാലവും കാലടിക്കവലയും കഴിഞ്ഞ് വരുന്ന വാഹനങ്ങൾ മിന്നൽവേഗത്തിലായിരിക്കും പായുക.
ഈ സമയം ഇരുവശത്തേക്കും ഇടവഴികളിൽനിന്നും ചെറുറോഡുകളിൽനിന്നും പൊടുന്നനെ എം.സി റോഡിൽ പ്രവേശിക്കുകയോ റോഡ് മുറിച്ച് കടക്കുകയോ ചെയ്യുമ്പോൾ അപകടങ്ങളുണ്ടാകുന്നു. എം.സി റോഡിൽ ശാസ്ത്രീയ ട്രാഫിക് പരിഷ്കാരങ്ങളും സുരക്ഷ സംവിധാനങ്ങളും വേണമെന്ന മുറവിളി അധികൃതർ അവഗണിക്കുകയാണ്.
എം.സി റോഡിലൂടെയുള്ള യാത്ര യാത്രക്കാർക്ക് പേടിസ്വപ്നമാവുകയാണ്. കിലോമീറ്ററുകൾ നീളുന്ന വാഹന കുരുക്കാണ് കാരണം. വിമാനത്താവള യാത്രക്കാരും അയൽസംസ്ഥാന യാത്രികരുമെല്ലാം ആശങ്കയോടെയാണ് ഇതുവഴി സഞ്ചരിക്കുന്നത്.
ഗതാഗത തടസ്സത്തിന് പരിഹാരം കാണാൻ ടൗൺ റസിഡന്റ്സ് അസോസിയേഷൻ നേതൃത്വത്തിൻ ശ്രീശങ്കര പാലം മുതൽ മറ്റൂർ ജങ്ഷൻ വരെ റോഡിന് നടുക്ക് വാഹനങ്ങൾ കുത്തി കയറി വരാതിരിക്കാൻ ഡിവൈഡറുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ, അധികൃതരുടെ അനാസ്ഥയിൽ മിക്ക ഡിവൈഡറുകളും വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ച് നശിപ്പിച്ച നിലയിലാണ്.
തയാറാക്കിയത്: കെ.പി. റസാഖ്, മുഹമ്മദലി ചെങ്ങമനാട്, യു.യു. മുഹമ്മദ്കുഞ്ഞ് കെ.ആർ. സന്തോഷ്കുമാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.