കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിൽ 'മുങ്ങി' കൗൺസിൽ യോഗം

കൊച്ചി: നഗരത്തിലെ വെള്ളക്കെട്ടിൽ 'മുങ്ങി' കൊച്ചി കോർപറേഷന്‍റെ പൊതുചർച്ച. റെഡ് അലർട്ട് അടക്കം ശക്തമായ മഴ സംബന്ധിച്ച മുന്നറിയിപ്പ് ഉണ്ടായിട്ടും നഗരസഭക്ക് ഒന്നും ചെയ്യാനായില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. കൗൺസിലർമാർക്കുപോലും നാണംകെട്ട് കാനകളിൽ ഇറങ്ങി ഒഴുക്കിന്‍റെ തടസ്സം നീക്കേണ്ടിവന്നു. കാനകളിലേക്ക് വെള്ളം ഒഴുകുന്നതിനുപകരം കാനകളിലെ വെള്ളം റോഡിലേക്ക് ഒഴുകുന്ന സ്ഥിതിയായിരുന്നു.

ഹൈകോടതിയുടെ അകത്ത് അടക്കം വെള്ളം കയറിയെന്ന് പ്രതിപക്ഷനേതാവ് ആന്‍റണി കുരീത്തറ പറഞ്ഞു. ദ്രവിച്ച മരങ്ങളും ചില്ലകളും വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട് നേരത്തെ പലതവണ കത്ത് നൽകിയിരുന്നു. പലയിടത്തും മുടിനാരിഴക്കാണ് അപകടം ഒഴിവായത്. എം.ജി റോഡിൽ അടക്കം നിരവധി കടകളിൽ വെള്ളം കയറി.

രണ്ടര മണിക്കൂർ മഴ പെയ്തപ്പോൾ ഇതാണ് സ്ഥിതിയെങ്കിൽ ഒരുദിവസം മുഴുവൻ നിന്നു പെയ്താൽ നഗരത്തിന്‍റെ സ്ഥിതി എന്താകുമെന്ന് കൗൺസിൽ അംഗങ്ങൾ ചോദിച്ചു. ജഡ്ജസ് അവന്യൂവിലെ വെള്ളക്കെട്ടിനും പരിഹാരമായില്ല. പേരണ്ടൂർ കനാലിൽനിന്ന് അവിടേക്ക് വെള്ളം തിരിച്ചുകയറുന്ന സ്ഥിതിയാണ്. കനാലിൽ പെട്ടിയും പറയും വന്നിട്ടും പ്രശ്നപരിഹാരം അകലെയാണ്. കായലുകൾ അടിയന്തരമായി ഡ്രഡ്ജ് ചെയ്യണമെന്ന ആവശ്യവും എങ്ങുമെത്തിയില്ല. പല കാര്യത്തിലും ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കാര്യങ്ങൾ ഇത്തരത്തിലെത്തിക്കുന്നതെന്നും കൗൺസിലർമാർ ചൂണ്ടിക്കാട്ടി.

നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നം അഞ്ചുവർഷം കൊണ്ട് പരിഹരിക്കുമെന്ന് എൽ.ഡി.എഫ് ജനങ്ങൾക്ക് കൊടുത്ത ഉറപ്പാണെന്നും അത് ചെയ്തിരിക്കുമെന്നും ഭരണകക്ഷി കൗൺസിലർ ശ്രീജിത്ത് പറഞ്ഞു. അതേ സമയം, മാലിന്യനീക്കത്തിൽ കാര്യക്ഷമമായി ഇടപെടാൻ കോർപറേഷൻ തീരുമാനിച്ചു.

യൂസർ ഫീ പിരിക്കുന്ന കാര്യത്തിലെ അപാകത പരിഹരിക്കുമെന്ന്‌ മേയർ കൗൺസിലിൽ പറഞ്ഞു. ഇപ്പോൾ എച്ച്‌.ഐമാരും തൊഴിലാളികളുമാണ്‌ യൂസർഫീ പിരിക്കുന്നത്‌. ഇതുസംബന്ധിച്ച്‌ ഒരു കണക്കും കോർപറേഷനിൽ ഇല്ല. മറ്റ്‌ കോർപറേഷനുകളിൽ ഒരു മേൽനോട്ട കമ്മിറ്റിയാണ്‌ ഇത്‌ ചെയ്യുന്നത്‌.

ആ രീതിയിലേക്ക്‌ മാറാൻ ഡിവിഷൻ തലത്തിൽ റിപ്പോർട്ട്‌ തയാറാക്കി ആരോഗ്യ ധനകാര്യ കമ്മിറ്റികൾക്ക്‌ നൽകും. മാലിന്യം ശേഖരിക്കുന്ന തൊഴിലാളികളുടെ വിന്യാസത്തിലും ഇടക്കിടക്ക് പുനഃക്രമീകരണം നടത്താനും കൗൺസിൽ തീരുമാനിച്ചു. വെള്ളക്കെട്ട്‌ പരിഹരിക്കാൻ ഡ്രെയിനേജ്‌ മാസ്‌റ്റർ പ്ലാൻ ഉണ്ടാക്കാനും കൗൺസിൽ തീരുമാനിച്ചു.

സി.എസ്‌.എം.എൽ റോഡുകൾ സൗന്ദര്യവത്കരിച്ചെങ്കിലും കാനകൾ പണിതതിലെ അപാകതമൂലം അനുഭവപ്പെടുന്ന വെള്ളക്കെട്ട്‌ നഗരത്തിൽ രൂക്ഷമാണെന്ന്‌ പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു. എം.ജി റോഡ്‌, ഹൈകോടതി, മേനക, പ്രസ്‌ക്ലബ് റോഡ്‌ എന്നിവിടങ്ങളിലെ കടകളിലും റോഡിലും വെള്ളക്കെട്ട്‌ രൂക്ഷമായിരുന്നെന്ന് പ്രതിപക്ഷ നേതാവ്‌ ആന്‍റണി കുരീത്തറ പറഞ്ഞു.

അതേസമയം, മേയർ സ്വമേധയാ ചില കാര്യങ്ങൾ ഏറ്റെടുത്ത്‌ നടത്തിയതിനാൽ പഴയകാലത്തെപ്പോലെ വെള്ളക്കെട്ട്‌ രൂക്ഷമായില്ലെന്ന്‌ സ്ഥിരം സമിതി ചെയർമാൻ വി.എ. ശ്രീജിത്ത്‌ പറഞ്ഞു. സുധ ദിലീപ്‌ കുമാർ, എം.ജി അരിസ്‌റ്റോട്ടിൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Tags:    
News Summary - Council meeting 'submerged' in water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.