കൊച്ചി: സി.പി.എം ജില്ല സമ്മേളത്തിൽ 'ഏകനായി' പാർട്ടി മുൻ കേന്ദ്ര കമ്മിറ്റി അംഗം കെ.എൻ. രവീന്ദ്രനാഥ്. സമ്മേളനത്തിൽ പ്രതിനിധിയായി ഏറ്റവും മുന്നിൽ ആദ്യം കസേരയിൽ ഇരുന്നത് അദ്ദേഹമാണ്. കേരളത്തിലാകെ നിറഞ്ഞുനിന്ന കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ ഒപ്പം ഉണ്ടായിരുന്ന പലരും ഇന്ന് വിടപറഞ്ഞുപോയി.
കഴിഞ്ഞ ആറു പതിറ്റാണ്ട് നടന്ന പാർട്ടി സമ്മേളനങ്ങളുടെ അനുഭവങ്ങളുമായാണ് സമ്മേളന നഗരിയിലേക്ക് വീണ്ടും എത്തിയത്. രോഗങ്ങളുടെ പിടിയിലായതിനാൽ അധികം സംസാരിച്ചില്ല. മാസ്ക് മാറ്റി ഫോട്ടോയെടുക്കണമെന്ന് നിർബന്ധിച്ചപ്പോൾ ഒന്നു ചിരിച്ചു. 87െൻറ അവശതകൾ ശരീരത്തെയും ചിന്തയെയും ബാധിച്ചു. ആശയത്തിൽ ഇളക്കിവിട്ട് സൃഷ്ടിച്ച കൊടുങ്കാറ്റുകൾ ഇന്ന് ഓർത്തെടുക്കാനാവുന്നില്ല. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും 35 വർഷം സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻറുമായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിെൻറ ആദ്യഘട്ടത്തിൽ കെ.എൻ. രവീന്ദ്രനാഥിന് അർഹിക്കുന്ന സ്ഥാനം ലഭിച്ചിരുന്നു. ഇ.എം.എസിെൻറ വലംകൈയായിരുന്നു അദ്ദേഹം.
പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുവരെ ഒരു ഘട്ടത്തിൽ അദ്ദേഹത്തെ പ്രതീക്ഷിച്ചിരുന്നു. പാർട്ടിയിൽ രൂപംകൊണ്ട വിഭാഗീയത എല്ലാം തകിടം മറിച്ചു.
വെട്ടിനിരത്തൽ കാലത്ത് അദ്ദേഹത്തെ ഒഴിവാക്കാൻ മത്സരിച്ചവരാണ് ഇന്നത്തെ നേതൃത്വത്തിലെ പ്രധാനികൾ. പാലക്കാട് സംസ്ഥാന സമ്മേളനത്തിലാണ് സി.പി.എമ്മില്‍ വിഭാഗീയത തിമിര്‍ത്താടിയത്. പാര്‍ട്ടിയുടെ അവസാന വാക്കായിരുന്ന ഇ.എം.എസിെൻറ എല്ലാ പിന്തുണയുമുണ്ടായിരുന്ന സി.ഐ.ടി.യു ഗ്രൂപ്പിലെ അതികായൻമാരെയെല്ലാം വെട്ടിനിരത്തി. പാർട്ടിയെ വി.എസ്. അച്യുതാനന്ദന് സ്വന്തം കൈവെള്ളയിലൊതുക്കി. സി. കണ്ണന്, കെ.എൻ. രവീന്ദ്രനാഥ്, എം.എം. ലോറൻസ്, അപ്പുക്കുട്ടന് വള്ളിക്കുന്ന്, വി.ബി. ചെറിയാന്, ഒ. ഭരതന് തുടങ്ങിയവരെയൊക്കെ ഒതുക്കി. സി.പി.എമ്മിെൻറ ചരിത്രത്തിലെ ഏറ്റവും വലിയ വെട്ടിനിരത്തലിെൻറ ഇരയാണ് രവീന്ദ്രനാഥ്. ആരോഗ്യസ്ഥിതി മോശമായതിനാൽ ഉച്ചകഴിഞ്ഞതോടെ കാറിൽ ഒരുപിടി സമ്മേളനങ്ങളുടെ ഓർമകളുമായി അദ്ദേഹം വീട്ടിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.