കൊച്ചി: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന മേഖലതല അവലോകന യോഗത്തിൽ പദ്ധതികൾ ചർച്ച ചെയ്തും നേട്ടങ്ങൾ നിരത്തിയും എറണാകുളം. ജില്ലയെ മാലിന്യമുക്തമാക്കാൻ കൂടുതല്‍ വിപുല പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് അറിയിച്ചു. മാലിന്യ മുക്ത നവകേരളം കര്‍മ പദ്ധതി ആരംഭിച്ചശേഷം ജില്ലയില്‍ അനധികൃത മാലിന്യം തള്ളലുമായി ബന്ധപ്പെട്ട് വ്യാപക പരിശോധനയും നടപടികളും സ്വീകരിച്ചു. 66 ലക്ഷം രൂപ പിഴ ഈടാക്കി. കൊച്ചി കോര്പറേഷന് പരിധിയില്‍ 40 ലക്ഷം പിഴ ഈടാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മേഖലതല അവലോകന യോഗത്തിലാണ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഇതുസംബന്ധിച്ച് അവതരണം നടത്തിയത്.
വിദ്യാകിരണം പദ്ധതിയിലൂടെ പൊതുവിദ്യാലയങ്ങള്‍ മികവിന്റെ പാതയിലാണ്. കിഫ്ബി പദ്ധതിയില്‍ അഞ്ചുകോടി രൂപ വീതം ചെലവഴിച്ച് നടപ്പാക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ 15 വിദ്യാലയങ്ങളില്‍ പൂര്‍ത്തിയായി. മൂന്നുകോടി രൂപ വീതം ചെലവഴിക്കുന്ന കിഫ്ബി പദ്ധതി വഴി ഒമ്പത് വിദ്യാലയങ്ങളില്‍ ഏഴ് എണ്ണത്തിന്റെ നവീകരണം പൂര്‍ത്തിയായി. രണ്ട് വിദ്യാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കിഫ്ബി അനുമതി ലഭിച്ചാല്‍ ആരംഭിക്കും.
ജില്ലയിലെ ദേശീയപാത, മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്ന് അവലോകനയോഗം വിലയിരുത്തി. കൊടുങ്ങല്ലൂര്‍ മുതല്‍ ഇടപ്പള്ളി വരെയുള്ള ദേശീയപാതയുടെ നവീകരണം 17.5 ശതമാനം പൂര്‍ത്തിയാക്കി. ദേശീയപാത 85 കൊച്ചി-മൂന്നാര്‍ തേനി പാതയുടെയും അങ്കമാലി മുതല്‍ കുണ്ടന്നൂര്‍ വരെ എറണാകുളം ബൈപാസിന്റെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാൻ നടപടി പുരോഗമിക്കുകയാണ്.
തിരുവനന്തപുരത്തുനിന്ന് അങ്കമാലിയിലേക്ക് നടപ്പാക്കുന്ന ദേശീയപാത 183, എസ്.എച്ച് 01ന്റെയും നിര്‍മാണം ആരംഭിക്കാൻ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
കൊച്ചി തുറമുഖത്തുനിന്ന് അരൂര്‍ കുണ്ടന്നൂരിലേക്കുള്ള എന്‍.എച്ച് 66 ലേക്ക് പുതിയ എന്‍.എച്ച് കണക്ടിവിറ്റിയുടെയും വൈപ്പിന്‍ ഫോര്‍ട്ട് മുതല്‍ മത്സ്യഫെഡ് ടൂറിസ്റ്റ് ഓഫിസ് വരെയുള്ള റോഡ് നവീകരണ പ്രവര്‍ത്തനങ്ങളുടെയും വിശദ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കുകയാണ്. മലയോര ഹൈവേ വികസനത്തില്‍ ജില്ലയുടെ തെക്കേ അറ്റമായ ആറാം മൈലില്‍നിന്ന് ആരംഭിച്ച വടക്ക് വെറ്റിലപ്പാറയിൽ അവസാനിക്കുന്നതാണ് പദ്ധതി. തീരദേശ ഹൈവേ വികസനപ്രവര്‍ത്തനങ്ങള്‍ ജില്ലയുടെ തെക്കേ അറ്റമായ ചെല്ലാനത്തുനിന്ന് ആരംഭിച്ച് മുനമ്പത്ത് അവസാനിക്കുന്ന രീതിയിലാണ്.
കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ വില്ലേജില്‍ വനഭൂമിക്ക് പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിച്ച് 500 കുടുംബങ്ങള്‍ക്ക് ഉടന്‍ പട്ടയം ലഭ്യമാക്കാന്‍ മേഖല അവലോകന യോഗത്തില്‍ തീരുമാനം. കുട്ടമ്പുഴ വില്ലേജിലെ കല്ലേലിമേട്, മണികണ്ഠന്‍ചാല്‍ പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് ഭൂമിക്ക് പട്ടയം നല്‍കാനാണ് തീരുമാനമായത്. ആലുവ താലൂക്കിലെ മലയാറ്റൂര്‍ വില്ലേജില്‍ ഇല്ലിത്തോട് കൂട്ടുകൃഷി സംബന്ധിച്ച് വനം വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിച്ച് 75 കുടുംബങ്ങള്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും.
ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ഭൂരഹിതരുടെ പുനരധിവാസത്തിന് ആവശ്യമായ ഭൂമി കണ്ടെത്തുന്നതിനുള്ള മനസ്സോടിത്തിരി മണ്ണ് കാമ്പയിന് വഴി ജില്ലയില്‍ ലഭിച്ചത് 215 സെന്റ് സ്ഥലം. ഇതില്‍ 192 സെന്റിന്റെ രജിസ്ട്രേഷന് നടപടി പൂര്‍ത്തിയായി. മനസ്സോടിത്തിരി മണ്ണ് കാമ്പയിന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ വിപുലമായി സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.