മരട്: പാഴൂര്‍ പമ്പ് ഹൗസില്‍ നിന്നുള്ള ജലവിതരണം ഗണ്യമായി കുറഞ്ഞതോടെ മരട്, നെട്ടൂര്‍, കുമ്പളം, പശ്ചിമകൊച്ചി എന്നീ മേഖലകളില്‍ മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. മരടിലെ ശുദ്ധീകരണശാലയില്‍ ദിനംപ്രതി 100 എം.എല്‍.ഡി ജലം വിതരണം ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 70 എം.എല്‍.ഡി മാത്രമാണ് വിതരണം ചെയ്യുന്നത്. ഇതോടെ ഇവിടെ നിന്നും പമ്പ് ചെയ്തിരുന്ന മരട്, നെട്ടൂര്‍, കുമ്പളം, പശ്ചിമകൊച്ചി എന്നിവിടങ്ങളിലേക്ക് വെള്ളം തീരെ ലഭിക്കാത്ത സാഹചര്യമാണുള്ളത്. വെള്ളം ഏറ്റവും ആവശ്യമുള്ള ഈ വേനല്‍ക്കാലത്താണ് വാട്ടര്‍ അതോറിറ്റിയുടെ ഈ നടപടി.
ഫെബ്രുവരിയില്‍ മോട്ടോര്‍ തകരാറിലായതിനെ തുടര്‍ന്ന് ഒരു മാസത്തോളം ജലവിതരണം പൂര്‍ണമായും നിലച്ചിരുന്നു അന്ന് മൂന്ന് മോട്ടോറുകള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാനത്ത് ഒരു മോട്ടോര്‍ കൂടി വാങ്ങി അത് റിസര്‍വ് ആയി ഉപയോഗിക്കാമെന്ന് മന്ത്രി തല തീരുമാനമെടുത്തിരുന്നു. എന്നാല്‍, അതിന് വിപരീതമായി, പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മൂന്നു മോട്ടോറുകളില്‍ ഒരു മോട്ടോര്‍ റിസര്‍വ് ആയി നിലനിര്‍ത്തിയതാണ് ഇപ്പോള്‍ ജലവിതരണം ഗണ്യമായി കുറയാന്‍ കാരണം.
വേനല്‍ക്കാലത്ത് കുടിവെള്ളത്തിന് ക്ഷാമം ഏറുമ്പോള്‍ ജനജീവിതത്തെ ബാധിക്കുമെന്നും അവരെ ചൂഷണം ചെയ്യാനുള്ള സാഹചര്യങ്ങള്‍ സര്‍ക്കാര്‍ ഉണ്ടാക്കുകയാണെന്ന് കെ.ബാബു എം.എല്‍.എപറഞ്ഞു. മൂന്ന് മോേട്ടാറുകളും പ്രവര്‍ത്തിപ്പിച്ച് ജലവിതരണം സാധാരണ നിലയിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മരട് നഗരസഭയിലെ ജലവിതരണം പൂർണമായും പുനഃസ്ഥാപിച്ചില്ലെങ്കില്‍ നഗരസഭയുടെ നേതൃത്വത്തില്‍ കൂടുതല്‍ പ്രതിഷേധ സമരങ്ങള്‍ ഉണ്ടാകുമെന്നും അതിന്റെ ഭാഗമായാണ് പെരുന്നാള്‍ ദിവസവും മരട് ശുദ്ധീകരണശാലയില്‍ പ്രതിഷേധ പരിപാടി നടത്തിയതെന്നും നഗരസഭ ചെയര്മാന് ആന്റണി ആശാന് പറമ്പില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.