കൊച്ചി: കാത്തിരിപ്പിനൊടുവിൽ വിമുക്തി ലഹരി വിമോചന കേന്ദ്രത്തിന് മുക്തിയാകുന്നു. ഡോക്ടർമാരടക്കമുള്ള ജീവനക്കാരില്ലാത്തതിനെ തുടർന്ന് ആറുമാസമായി പ്രവർത്തം നിലച്ച എക്സൈസ് വകുപ്പിന് കീഴിലെ ജില്ലതല ലഹരി വിമോചന കേന്ദ്രത്തിനാണ് പുതുജീവൻ വക്കുന്നത്. ജീവനക്കാരെ നിയമിക്കാനുള്ള നടപടി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. മെഡിക്കൽ ഓഫിസർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികളിലേക്കുള്ള ജീവനക്കാരുടെ അഭിമുഖം 26ന് നടക്കും. സൈക്യാട്രിക് സോഷ്യൽ വർക്കർ അടക്കമുള്ള തസ്തികയിലേക്ക് നേരത്തേ നിയമനം നടത്തിയിരുന്നു.
മൂവാറ്റുപുഴ ജനറൽ ആശുപത്രി കേന്ദ്രീകരിച്ചാണ് വിമുക്തിയുടെ ജില്ലയിലെ ലഹരി വിമോചന കേന്ദ്രം പ്രവർത്തിച്ചിരുന്നത്. 2018ൽ ആരംഭിച്ച കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന മെഡിക്കൽ ഓഫിസറടക്കമുള്ള ജീവനക്കാരെ ഏപ്രിൽ 11ന് പിരിച്ചുവിട്ടതോടെയാണ് പ്രവർത്തനം നിലച്ചത്. പകരം ജീവനക്കാരെ നിയമിക്കുന്നതിൽ ആരോഗ്യവകുപ്പും എക്സൈസ് വകുപ്പും പഴിചാരിയതോടെ നടപടി ഇഴഞ്ഞു. ഇതിനിടെ പ്രഫഷനൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളെ തിരക്കിയെങ്കിലും കിട്ടിയില്ല. ഇതിനെ തുടർന്ന് ഇക്കാര്യത്തിൽ ഇളവുനൽകി സർക്കാർ അനുമതി നൽകിയതോടെയാണ് ജീവനക്കാരെ നിയമിക്കാൻ തീരുമാനമായത്. ജീവനക്കാരില്ലാത്തതിനെ തുടർന്ന് സ്ഥാപനത്തിന്റെ പ്രവർത്തനം താറുമാറായത് സംബന്ധിച്ച് കഴിഞ്ഞ ഒമ്പതിന് മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചതോടെയാണ് നടപടി വേഗത്തിലായത്. വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷും ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജും പ്രശ്നത്തിൽ ഇടപെടൽ നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു. പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സി.പി.എമ്മും ആരോഗ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
വിമുക്തി ആരംഭിച്ചപ്പോഴുള്ള ശമ്പള സ്കെയിലിലാണ് ജീവനക്കാരെ ഇപ്പോഴും നിയമിക്കുന്നത്. ഇതാണ് ജീവനക്കാർ വരാൻ മടികാണിക്കുന്നതെന്നാണ് ആക്ഷേപം. സൈക്യാട്രിയിൽ സ്പെഷലൈസ് ചെയ്ത മെഡിക്കൽ ഓഫിസർക്ക് ശമ്പളമായി നിശ്ചയിച്ചിരിക്കുന്നത് 50,000 രൂപയാണ്.
എം.ഫിൽ യോഗ്യതയുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് 40,000 രൂപയും സൈക്യാട്രിക് സോഷ്യൽ വർക്കർക്ക് 30,000 വുമാണ് നൽകുന്നത്. 10 രോഗികളെ കിടത്തിച്ചികിത്സിക്കുന്ന ഇവിടെ ദിവസേന മുപ്പതോളം രോഗികളാണ് ഒ.പിയിലുമെത്തുന്നത്. ജോലി ഭാരത്തിനനുസരിച്ചുള്ള വേതനമില്ലാത്തതാണ് യോഗ്യരായ ഉദ്യോഗാർഥികൾ താൽപര്യം കാണിക്കാത്തതെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
വകുപ്പുകൾ തമ്മിലെ ഏകോപനമില്ലായ്മയും ജനപ്രതിനിധികളുടെ അനാസ്ഥയും കേന്ദ്രത്തിന്റെ പ്രവർത്തനത്തിൽ തിരിച്ചടിയാവുന്നുണ്ട്. ലഹരിക്കടിമകളായവരെ തീർത്തും സൗജന്യമായി ചികിത്സിക്കുന്ന കേന്ദ്രത്തിന്റെ പ്രവർത്തനം അട്ടിമറിക്കാൻ സ്വകാര്യ ലോബിയും ശ്രമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.