കൊച്ചി: നഗരത്തിൽ എത്ര വലിയ വികസനം വന്നിട്ടും ഉദയ കോളനിക്കാർക്ക് മലിനജലത്തിൽ നിന്നുള്ള മോചനം ഇനിയുമായില്ല. വേലിയേറ്റത്തെ തുടർന്ന് വീണ്ടും കോളനി പ്രദേശത്താകെ മലിനജലം നിറയുകയാണ്.
തൊട്ടടുത്ത പേരണ്ടൂർ കനാലിൽനിന്നുള്ള ദുർഗന്ധവും മാലിന്യവും അടങ്ങിയ വെള്ളമാണ് കോളനിയിൽ വീടുകൾക്കു മുന്നിൽ കെട്ടിക്കിടക്കുന്നത്.
ഇതുമൂലം ഒരു ആവശ്യത്തിനും വീട്ടിൽനിന്ന് പുറത്തിറങ്ങാൻപോലുമാവാതെ വലയുകയാണ് ഇവിടത്തുകാർ. പുലർച്ചെ അഞ്ചോടെയാണ് മലിനജലം കോളനിയിലേക്ക് ഒന്നാകെ ഒഴുകിയെത്തുന്നതെന്ന് ഇവിടെ താമസിക്കുന്നവർ പറഞ്ഞു. മണിക്കൂറുകളോളം ഇത് വീട്ടുമുറ്റങ്ങളിൽ കെട്ടിക്കിടക്കും. വീടുകളിലേറെയും കോൺക്രീറ്റിട്ട് ഉയർത്തിയാണ് നിർമിച്ചിട്ടുള്ളതെങ്കിലും വീട്ടിൽനിന്ന് പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണുള്ളത്.
ചില വീടുകൾക്കുള്ളിലേക്കും മലിനജലം കയറുന്നുണ്ട്. മൂന്നാലുദിവസമായി കോളനിയിൽ വെള്ളം കയറുകയാണെന്നും നിവൃത്തികേടു മൂലം അഴുക്കുവെള്ളത്തിലൂടെ വീടിന് പുറത്തേക്ക് ജോലിക്കും മറ്റുമായി പോകേണ്ട സ്ഥിതിയാണെന്നും പ്രദേശവാസിയും പൊതുപ്രവർത്തകനുമായ അജയ് കുമാർ വ്യക്തമാക്കി. പരിഹാരം കാണണമെന്ന് ഡിവിഷൻ കൗൺസിലറോട് പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ശരിയാക്കി തരാമെന്ന് പറയുന്നതല്ലാതെ നടപടിയൊന്നുമില്ലെന്നും അദ്ദേഹം ആരോപിച്ചു. നിരവധി കുടുംബങ്ങളാണ് ഇവിടെ ദുരിതത്തിൽ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.