ഫോർട്ട്കൊച്ചി: അവധികാലത്ത് ഫോർട്ട്കൊച്ചി നെഹ്റു മെമോറിയൽ പാർക്കിലെ നവീകരണ പ്രവർത്തനങ്ങൾ ഏതാണ്ട് പൂർത്തിയായെങ്കിലും പാർക്ക് തുറക്കുന്നതിന് നടപടിയില്ല. അവധിക്കാലമായിട്ടും വിനോദത്തിനായി കുരുന്നുകൾ ഇനിയും കാത്തിരിക്കേണ്ട അവസ്ഥയാണ്.
ചുറ്റുവേലി നിർമാണം ഒഴികെ ബാക്കി എല്ലാ ജോലികളും പൂർത്തിയായതായി അധികൃതർ തന്നെ പറയുന്നു. ആധുനിക കളി ഉപകരണങ്ങൾ അടക്കം സജ്ജം. പക്ഷേ, പാർക്ക് തുറന്ന് കൊടുക്കണമെങ്കിൽ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം തടസ്സമാണെന്നാണ് ഔദ്യോഗിക നിലപാട്. എന്നാൽ, ഉദ്ഘാടന മാമാങ്കം ഒന്നും നടത്താതെ പാർക്ക് കുട്ടികൾക്കായി തുറന്ന് നൽകണമെന്ന ആവശ്യം ശക്തമാണ്. ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി മേഖലയിൽ കുട്ടികൾക്കായുള്ള പ്രധാന വിനോദ കേന്ദ്രങ്ങളിലൊന്നാണ് ഫോർട്ട്കൊച്ചിയിലെ കുട്ടികളുടെ പാർക്ക്. പാർക്ക് നവീകരണത്തിനായി അടച്ചുപൂട്ടിയിട്ട് മാസങ്ങളായി.
സി.എസ്.എം.എല്ലിന്റെ നേതൃത്വത്തിലാണ് പാർക്കിൽ നവീകരണം നടക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ നവീകരണം പൂർത്തിയാക്കുമെന്നാണ് ആദ്യ ഘട്ടത്തിൽ പറഞ്ഞിരുന്നത്. എന്നാൽ, ക്രിസ്മസ് അവധിക്കാലം ഇതിനിടെ കുട്ടികൾക്ക് നഷ്ടപ്പെട്ടു. പിന്നീട് ഫെബ്രുവരിയിൽ നവീകരണം പൂർത്തിയാക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അതും നടന്നില്ല. മന്ദഗതിയിൽ നവീകരണ പ്രവർത്തനങ്ങൾ നീങ്ങിയതാണ് കാരണം. ഓരോ രണ്ടു വർഷം കൂടുമ്പോഴും പാർക്കിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.