കാക്കനാട്: ആകർഷകമായ പ്രതിഫലം വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽനിന്ന് വൻതുക സ്വീകരിച്ച് തട്ടിപ്പുനടത്തിയ കേസിൽ കമ്പനി ഡയറക്ടർമാരെയും ജീവനക്കാരെയും അറസ്റ്റ് ചെയ്തു. ചേരാനല്ലൂർ എടയപ്പുറം അറയ്ക്കൽ വീട്ടിൽ ജയിസൺ ജോയി (42), ആലപ്പുഴ മാവേലിക്കര ചാവടിയിൽ കുട്ടിയിൽ വീട്ടിൽ ഷിനാജ് ഷംസുദ്ദീൻ (28), ചേരാനെല്ലൂർ എടയപ്പുറം അറയ്ക്കൽ വീട്ടിൽ ജാക്സൺ ജോയി (39), എന്നിവരെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
തൃക്കാക്കര വള്ളത്തോൾ നഗറിലെ റിങ്സ് പ്രൊമോസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലായിരുന്നു തട്ടിപ്പ്. മാസംതോറും ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് സഹോദരങ്ങളായ ജയ്സണും ജാക്സനും ചേർന്ന് ഫേസ്ബുക്കിൽ പരസ്യം ചെയ്തായിരുന്നു യുവാക്കളെ ആകർഷിച്ചത്.
സ്ഥാപനത്തിൽ നിക്ഷേപിക്കുന്ന പണം വിവിധ ബിസിനസുകളിലും ഇ-കോമേഴ്സ് ഇടപാടുകളിലും മുതൽമുടക്കി അതിൽനിന്ന് കിട്ടുന്ന ലാഭം വീതിച്ചുകൊടുക്കും എന്നാണ് നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നത്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപങ്ങൾ ലഭിച്ചശേഷം തങ്ങളുടെ ഉൽപന്നങ്ങൾ വിൽക്കുന്ന കമ്പനിയുടെ ഫ്രാഞ്ചൈസികളായാൽ മാത്രമേ ഇടപാട് തുടരാൻ സാധിക്കുകയുള്ളൂ എന്നുപറഞ്ഞ് കരാർ ഉണ്ടാക്കി. തുടർന്ന് സാധനങ്ങൾ എത്തിച്ചെങ്കിലും നിലവാരം ഇല്ലാതിരുന്നതിനാൽ വിറ്റുപോയില്ല. ഇതോടെ പണം തിരികെ ചോദിച്ച് നിക്ഷേപകർ എത്തിത്തുടങ്ങിയെങ്കിലും ഭീഷണിപ്പെടുത്തുകയും വക്കീൽ നോട്ടീസ് അയക്കുകയും ചെയ്തിരുന്നതായി പൊലീസ് വ്യക്തമാക്കി. പുതുതായി നാല് നിക്ഷേപകരെ ചേർത്താൽ മാത്രമേ പണം തിരികെനൽകൂ എന്നായിരുന്നു ഇവരെ അറിയിച്ചിരുന്നത്. ഇതുസംബന്ധിച്ച് പരാതി ലഭിച്ചു തുടങ്ങിയതോടെയാണ് ആലുവ കാർമൽ ആശുപത്രിക്കുസമീപം വാടകവീട്ടിൽനിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.