കൊച്ചി: വൈപ്പിൻ ബസുകളുടെ നഗരപ്രവേശനത്തിന് എന്ന പേരിൽ ഗതാഗത വകുപ്പ് പുറത്തിറക്കിയ കരട് വിജ്ഞാപനം വൈപ്പിൻ റൂട്ടിനെ ദേശസാത്കരിക്കാനുള്ളതാണെന്ന് സെന്റർ ഫോർ പബ്ലിക് പോളിസി റിസർച് (സി.പി.പി.ആർ). കഴിഞ്ഞ മേയ് 17നാണ് സർക്കാർ കരട് വിജ്ഞാപനം പുറത്തിറക്കിയത്. ഇതിൽ എവിടെയും സ്വകാര്യ ബസുകളുടെ നഗരപ്രവേശനം സംബന്ധിച്ച് ഒരു പരാമർശവുമില്ല, മറിച്ച് വൈപ്പിൻ പാത ദേശസാത്കരിക്കാനുള്ള വിജ്ഞാപനമാണിത്. അങ്ങനെ വന്നാൽ സ്വകാര്യ ബസുകൾക്ക് ആ റൂട്ടിൽ സർവിസ് നടത്താൻ കഴിയാതെ വരും. നിലവിൽ പെർമിറ്റുള്ള ബസുകൾക്ക് കാലാവധി കഴിയും വരെ സർവിസ് നടത്താമെങ്കിലും പുതിയ പെർമിറ്റുകൾക്ക് തടസ്സം നേരിടുമെന്നും സി.പി.പി.ആർ ചൂണ്ടിക്കാട്ടി. വിജ്ഞാപനം അനുസരിച്ച് വൈപ്പിൻ കരയ്ക്ക് മാത്രമായി സർക്കാറിന് റോഡ് ഗതാഗത പദ്ധതി നിർദേശിക്കാം.
മറ്റ് ഓപറേറ്റർമാരെ പൂർണമായോ ഭാഗികമായോ ഒഴിവാക്കി കാലക്രമേണ കെ.എസ്.ആർ.ടി.സിക്ക് മാത്രമായി വൈപ്പിൻ പാതയിൽ സർവിസ് നടത്താൻ അവസരമൊരുങ്ങും. സ്വകാര്യ ബസുകളുടെ നഗരപ്രവേശനമാണ് ജനങ്ങളുടെ ആവശ്യം. ഈ ആവശ്യം വിജ്ഞാപനത്തിൽ എവിടെയും പരാമർശിക്കുന്നില്ല. പകരം വൈപ്പിൻ, ചെറായി മേഖല അടക്കം രണ്ട് റൂട്ടുകൾ ദേശസാത്കരിക്കുമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാണ്.
കരട് വിജ്ഞാപനത്തിലുള്ള എതിർപ്പ് സി.പി.പി.ആർ സംസ്ഥാന ഗതാഗത വകുപ്പിനെ അറിയിച്ചിട്ടുണ്ട്. കരട് വിജ്ഞാപനത്തിൽ ആക്ഷേപം അറിയിക്കാനുള്ള അവസാന ദിവസം വെള്ളിയാഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.