കൊച്ചി: അമ്പലമേട്ടിലെ കൊച്ചിൻ റിഫൈനറിയിൽ നിന്നുമുള്ള പൈപ്പ് ലൈനിൽ നിന്ന് നഗരമധ്യത്തിൽ ഫർണസ് ഓയിൽ ചോർന്നു. കാരിക്കാമുറി ക്രോസ് റോഡിൽ വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. ഓയിൽ ചോർച്ച ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തി. ടി.ജെ. വിനോദ് എം.എൽ.എയുടെ ഓഫിസിനു സമീപമാണ് ചോർച്ചയുണ്ടായത്.
ഇരുമ്പുപൈപ്പിലൂടെയാണ് ഓയിൽ കടത്തി വിടുന്നത്. ചോർച്ചയെ തുടർന്ന് സമീപത്തെ ഓടകളിലെല്ലാം ഓയിൽ നിറഞ്ഞു. കപ്പലിന്റെ ആവശ്യത്തിനായി റിഫൈനറിയിൽ നിന്ന് തുറമുഖത്തേക്ക് പമ്പ് ചെയ്യുന്ന ഫർണസ് ഓയിലാണ് ചോർന്നത്. തുടർന്ന് പ്രദേശത്ത് ഓയിലിന്റെ രൂക്ഷഗന്ധം പടർന്നു. നാട്ടുകാർ വിവരമറിയിച്ചതിനുപിന്നാലെ റിഫൈനറി അധികൃതർ, ഫയർഫോഴ്സ്, പൊലീസ് എന്നിവർ സംഭവസ്ഥലത്തെത്തി.
അധികൃതരുടെ നേതൃത്വത്തിൽ ചോർച്ച അടയ്ക്കാനായി കാരിക്കാമുറിയിലെയും ബോട്ട് ജെട്ടിയ്ക്ക് സമീപത്തെയും വാൽവുകൾ അടച്ചു. റിഫൈനറി ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ച് സക്ഷൻ മെഷീൻ ഉപയോഗിച്ച് ഓടകളിൽ നിന്ന് ഓയിൽ വലിച്ചെടുത്തു. ഏറെ മണിക്കൂറുകളെടുത്താണ് ഓയിൽ വലിച്ചെടുത്തത്.
ഇതിനുശേഷം അവശേഷിച്ച ഓയിലിന്റെ അംശം ഫോം ഉപയോഗിച്ച് വെള്ളത്തിൽ അലിയിപ്പിക്കുകയും ചെയ്യും. റോഡിലെ സ്ലാബ് മാറ്റി പൈപ്പിന്റെ ചോർച്ച പരിഹരിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് ഓയിൽ ചോർന്നതെങ്കിലും രണ്ടു ദിവസം മുമ്പു തന്നെ സ്ഥലത്ത് ഫർണസ് ഓയിലിന്റെ ഗന്ധം ഉണ്ടായിരുന്നതായി സെൻട്രൽ പൊലീസ് ചൂണ്ടിക്കാട്ടി.
എന്നാൽ എല്ലാ ദിവസവും പമ്പിങ് നടക്കാറില്ലെന്നാണ് റിഫൈനറി അധികൃതർ വ്യക്തമാക്കിയത്. തീ പിടിക്കാൻ സാധ്യതയുണ്ടെങ്കിലും ഫർണസ് ഓയിൽ ആളിക്കത്തില്ല. എങ്കിലും സുരക്ഷാ കാരണങ്ങളാൽ റോഡിന്റെ ഇരുവശവും പൊലീസ് അടച്ചു. ടി.ജെ. വിനോദ് എം.എൽ.എ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.