കൊച്ചി: നഗരസഭ അധികാരികൾ മാലിന്യനീക്കത്തിൽ പൂർണ പരാജയമാണെന്ന് തെളിയിക്കുന്ന നിലയിൽ നഗരം മാലിന്യത്താൽ നിറയുന്നു. കോർപറേഷന്റെ കെടുകാര്യസ്ഥതയും കൂട്ടുത്തരവാദിത്തവും നഷ്ടപ്പെട്ടെന്ന് തെളിയിക്കുന്ന സ്ഥിതിയാണ് നഗരത്തിൽ. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തത്തെ തുടർന്ന് മാലിന്യനീക്കം പൂർണമായും സ്തംഭിച്ചെന്ന് തെളിയിക്കുന്നതാണ് നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാണുന്ന മാലിന്യക്കൂമ്പാരം.
ഒരു മഴകൂടി പെയ്താൽ നഗരം മുമ്പെങ്ങും കാണാത്ത ദുരിതമായിരിക്കും നേരിടേണ്ടിവരുക. നഗരത്തിലെ അഴുക്കുചാലുകളെല്ലാം മാലിന്യം മൂടിക്കിടക്കുകയാണ്. അവിടേക്ക് മഴവെള്ളം കൂടി ഒഴുകിയെത്തിയാൽ റോഡുകൾ വെള്ളക്കെട്ടിലാകുമെന്ന് മാത്രമല്ല പകർച്ചവ്യാധികൾ പെരുകുകയും ചെയ്യും. ഫ്ലാറ്റുകളിലെയടക്കം നഗരത്തിലെ എല്ലാ മുക്കുമൂലകളിലും മാലിന്യചാക്കുകൾ കുന്നുകൂടി കിടക്കുകയാണ്. ജൈവമാലിന്യവും പ്ലാസ്റ്റിക് മാലിന്യവും കൂടിക്കിടക്കുന്ന സ്ഥിതിയാണ്. മാലിന്യം വീടുകളിൽനിന്നും ഫ്ലാറ്റുകളിൽനിന്നും ഓട്ടോയിൽ എത്തി ശേഖരിച്ച് എവിടെയെങ്കിലും തള്ളാൻ പ്രത്യേകസംഘം തന്നെ രംഗത്തുണ്ട്. അതൊരു വരുമാനമാർഗമായി കാണുന്ന സംഘം കാമറയുടെ കണ്ണിൽപെടാത്ത ഇടങ്ങളിൽ മാലിന്യം കൊണ്ടുതള്ളുകയാണ് ചെയ്യുന്നത്.
ഹോട്ടൽ മാലിന്യങ്ങളാണ് മറ്റൊരു പ്രധാന പ്രശ്നം. നഗരസഭ ശേഖരിക്കാതെ സ്വന്തം നിലയിൽ ഏജൻസിയെ വെച്ച് മാലിന്യം ശേഖരിക്കാൻ ഹോട്ടൽ ആന്ഡ് റെസ്റ്റാറന്റ് അസോസിയേഷൻ നടപടി കൈക്കൊണ്ടെങ്കിലും പരാജയമായിരുന്നു ഫലം. ഏജൻസി ശേഖരിക്കുന്ന മാലിന്യം കൂത്താട്ടുകുളത്ത് എത്തിച്ച് കുഴിച്ചുമൂടാനായിരുന്നു തീരുമാനം. കുറച്ചുദിവസം മാത്രം ഇത്തരത്തിൽ മാലിന്യം ശേഖരിച്ചെങ്കിലും പ്രായോഗികമായില്ല. കുറച്ച് ഹോട്ടലുകളിൽനിന്ന് മാത്രമാണ് മാലിന്യശേഖരണം നടന്നത്. ഇപ്പോൾ പല ഹോട്ടലുകളും അനധികൃത സ്വഭാവത്തിൽ മാലിന്യം ശേഖരിക്കുന്നവർക്ക് പണം നൽകി കൈമാറുകയാണ് ചെയ്യുന്നത്.
പാലങ്ങളുടെ മുകളിലും തോടരികിലും അടക്കം ഇത്തരത്തിൽ പുതിയ മാലിന്യക്കൂനകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. മാലിന്യം പെരുകിയതിനൊപ്പം കൊതുകിന്റെയും ഈച്ചയുടെയും ശല്യം നഗരത്തിൽ ക്രമാതീതമായി വർധിച്ചു. ഫോഗിങ് അടക്കം ഒരു പ്രതിരോധ സംവിധാനവും നടക്കുന്നില്ല. ഇതിനുമുമ്പൊന്നും ഇത്തരം ഒരു സ്ഥിതി നഗരത്തിൽ ഉണ്ടായിട്ടില്ല.
നഗരസഭ സോണൽ ഓഫിസ് വളപ്പിൽ മാലിന്യമല ദുർഗന്ധത്തിന് പുറമേ ഈച്ച ശല്യവും രൂക്ഷം
മട്ടാഞ്ചേരി: കൊച്ചി നഗരസഭയുടെ മട്ടാഞ്ചേരി മേഖല ഓഫിസ് വളപ്പിൽ മാലിന്യമല ഉയരുന്നു. നഗരസഭ മൂന്നാം സർക്കിളിലെ മാലിന്യമാണ് ഇവിടെ തള്ളുന്നതെന്നാണ് പറയുന്നത്.
വിവിധ ആവശ്യങ്ങൾക്ക് ഓഫിസിലെത്തുന്നവർ മൂക്കുപൊത്തിയാണ് എത്തുന്നത്. അസഹ്യമായ മണംമൂലം ആവശ്യം കാണാതെ മടങ്ങുന്നവരും ഏറെയുണ്ട്. പൊതുജനാരോഗ്യ വിഭാഗം, റവന്യൂ വിഭാഗം എന്നിവയാണ് ഇവിടെ പ്രധാനമായും പ്രവർത്തിക്കുന്നത്.
ജനന മരണ സർട്ടിഫിക്കറ്റ് ഉൾപ്പെടെ കാര്യങ്ങൾക്കായി നൂറുകണക്കിനാളുകളാണ് ദിവസേന ഈ ഓഫിസിൽ എത്തുന്നത്. കഴിഞ്ഞ ഒരാഴ്ചക്കാലമായി ഇവിടെ മാലിന്യ നിക്ഷേപം തുടങ്ങിയിട്ടെന്നാണ് നാട്ടുകാർ പറയുന്നത്. മാലിന്യം ഇവിടെയിട്ടാണ് വേർതിരിക്കുന്നത്.
തെരുവുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മറ്റും നീക്കംചെയ്യുന്ന മാലിന്യങ്ങളാണ് ഓഫിസ് വളപ്പിൽ തള്ളുന്നത്. ഇതിൽ ജൈവ അജൈവ മാലിന്യങ്ങളുമുണ്ടെന്നാണ് കൈകാര്യം ചെയ്യുന്ന ജീവനക്കാർ പറയുന്നത്. ദുർഗന്ധം മൂലം ജോലിചെയ്യാൻ പോലും കഴിയാത്ത സാഹചര്യമാണെന്നാണ് ഓഫിസ് ജീവനക്കാർ പറയുന്നത്. ദുർഗന്ധത്തിന് പുറമേ ഈച്ചയുടെ ശല്യവും വർധിച്ചിരിക്കുകയാണ്.
ഹൈകോടതി നിർദേശത്തെ തുടർന്ന് അനധികൃതമായി പ്രവർത്തിച്ചിരുന്ന വഴിയോര കച്ചവട സ്ഥാപനങ്ങൾ നഗരസഭ പിടിച്ചെടുത്തിരുന്നു. ഇവയും തള്ളിയിരിക്കുന്നത് ഈ ഓഫിസ് വളപ്പിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.