കൊച്ചി: അവധി ദിനങ്ങളിൽ കൊച്ചി കാണാനെത്തിയവർ കൂടുതൽ ആശ്രയിച്ചതോടെ വൻ ഹിറ്റായി ജലഗതാഗതം. കഴിഞ്ഞ 10 ദിവസത്തിനിടെ പതിനായിരങ്ങളാണ് ജല മെട്രോയടക്കം നഗരത്തിലെ ബോട്ടുകളിൽ യാത്രചെയ്തത്. പുതുവത്സരത്തലേന്നുൾപ്പെടെ വൻ തിരക്കാണ് എറണാകുളം ബോട്ട് ജെട്ടിയിലും അനുഭവപ്പെട്ടത്. കൊച്ചിൻ കാർണിവൽ ആസ്വദിക്കാൻ ഫോർട്ട്കൊച്ചിയിലേക്ക് എത്തിയ വലിയൊരു വിഭാഗം ആളുകൾ ബോട്ടിൽ യാത്രചെയ്തു. പുതുവത്സരത്തലേന്ന് നിയന്ത്രണ ഭാഗമായി വൈകീട്ട് 7.30 വരെയായിരുന്നു എറണാകുളം-ഫോർട്ട്കൊച്ചി ബോട്ട് സർവിസ്.
ശേഷം പുലർച്ച 12.30 മുതൽ രണ്ടുവരെയും സർവിസ് നടത്തി. പിന്നീട് പുലർച്ച അഞ്ചുമുതലും സർവിസ് ആരംഭിച്ചു. അന്നേദിവസം ആകെ 15,000ത്തോളം യാത്രക്കാർ സഞ്ചരിച്ചതായി അധികൃതർ വ്യക്തമാക്കുന്നു. മുൻ ദിവസങ്ങളിലും പതിനായിരത്തിലധികം പേർ എത്തിയിട്ടുണ്ട്. ഷെഡ്യൂൾ സമയം നോക്കാതെ ജനങ്ങളുടെ സൗകര്യാർഥം ബോട്ടുകൾ ലഭ്യമാകുന്നതിനനുസരിച്ച് സർവിസ് ക്രമീകരിക്കുകയായിരുന്നു. കായൽ സൗന്ദര്യവും കപ്പലുകളുടെ കാഴ്ചയുമൊക്കെ ആസ്വദിച്ചുള്ള യാത്ര ഏറെ ആസ്വാദ്യകരമായെന്നാണ് യാത്രക്കാരുടെ പ്രതികരണങ്ങൾ.
നിലവിൽ 12 എണ്ണം
പദ്ധതി പൂർത്തിയാകുമ്പോൾ 78
കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിക്കുന്ന ബാറ്ററി പവേഡ് ഇലക്ട്രിക് ബോട്ടുകൾ
50 പേർക്ക് നിന്നും 50 പേർക്ക് ഇരുന്നും യാത്ര ചെയ്യാം
പൂര്‍ണമായും ശീതീകരിച്ച ബോട്ടുകൾ
വേഗം- ഇലക്ട്രിക് മോഡിൽ എട്ട് നോട്ടിക്കൽ മൈൽ (മണിക്കൂറിൽ 14.816 കി.മീ.),
ഹൈബ്രിഡ് മോഡിൽ 10 നോട്ടിക്കൽ മൈൽ (18.519 കി.മീ.)
വാഹനങ്ങളിലെത്തുന്നവർക്ക് പാർക്കിങ് സൗകര്യം പരിമിതപ്പെട്ടത് മറൈൻ ഡ്രൈവിന് തിരിച്ചടിയായി. ഇതോടെ ഇവിടെനിന്നുള്ള വിനോദസഞ്ചാര ബോട്ടിങ്ങിന് മുൻവർഷങ്ങളെ അപേക്ഷിച്ച് ആളുകൾ കുറഞ്ഞതായി ബോട്ടുടമകൾ പറഞ്ഞു. പാർക്കിങ്ങിന് സ്ഥലമില്ലാതെ വന്നതോടെ ബോട്ടിങ്ങിനെത്തിയവർ പലരും മടങ്ങുന്ന സ്ഥിതിയുണ്ടായി. സാധാരണ എത്താറുള്ളതിനെ അപേക്ഷിച്ച് 30 ശതമാനത്തോളം പേർ മാത്രമാണ് ഇത്തവണ ബോട്ടിങ്ങിനെത്തിയതെന്ന് മറൈൻഡ്രൈവ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി പി.ബി. സാജു ‘മാധ്യമ’ത്തോട് പറഞ്ഞു.
ചിറ്റൂർ ടെർമിനലിലേക്ക് ജല മെട്രോ സർവിസ് ഉടൻ ആരംഭിക്കാനുള്ള ശ്രമത്തിലാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. ഇവിടേക്കുള്ള ട്രയൽറൺ നടന്നുവരുകയാണ്. ഈ മാസംതന്നെ സർവിസ് തുടങ്ങാനാണ് പദ്ധതി. ഫോർട്ട്കൊച്ചിയിൽ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മറ്റ് ടെർമിനലുകളിലും പ്രവർത്തനങ്ങൾ മുന്നോട്ടുപോകുകയാണ്. നിലവിൽ ഹൈകോർട്ട്-വൈപ്പിൻ, ഹൈകോർട്ട്-ബോൾഗാട്ടി, വൈറ്റില-കാക്കനാട് എന്നിങ്ങനെയാണ് സർവിസുകൾ.
പുതുവത്സരത്തിൽ റെക്കോഡ് യാത്രക്കാരുമായി കൊച്ചി ജല മെട്രോ. ഞായറാഴ്ച മാത്രം 22,000ത്തോളം യാത്രക്കാർ മെട്രോയിൽ സഞ്ചരിച്ചു. പദ്ധതി പൂർണമായി യാഥാർഥ്യമാകുമ്പോൾ 38 ടെർമിനലുകളാണ് ജല മെട്രോക്ക് ആകെയുണ്ടാകുക. 747 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. 76 കി.മീ. നീളത്തില്‍ കൊച്ചിയിലെ 10 ദ്വീപുകളെ ബന്ധിപ്പിച്ചായിരിക്കും യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.