കൊച്ചി: ആരോഗ്യ പരിപാലന രംഗത്ത് പുതുസംരംഭ മാതൃക തീർക്കുകയാണ് കുടുംബശ്രീയുടെ സാന്ത്വനം പദ്ധതി. രോഗ നിർണയത്തിനും രക്തപരിശോധനകൾക്കുമായി ലാബുകളിലേക്കും ക്ലിനിക്കുകളിലേക്കും പോകുന്നവർക്ക് സമയലാഭവും സാമ്പത്തിക ലാഭവും ഉണ്ടാകുംവിധമാണ് പദ്ധതിയുടെ ക്രമീകരണം. ഒരു ഫോൺ കാൾ ലഭിച്ചാലുടൻ പരിശീലനം ലഭിച്ച സാന്ത്വനം വളന്റിയർ വീട്ടിലെത്തും. സാമ്പിൾ ശേഖരിച്ച് മൂന്നുമിനിറ്റിനകം റിസൾട്ടും നൽകും.
കുടുംബശ്രീയും ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ഹെൽത്ത് ആക്ഷൻ ബൈ പീപ്ൾ എന്ന സംഘടനയും ചേർന്നാണ് 2006ൽ പദ്ധതിക്ക് തുടക്കമിട്ടത്. പത്താംക്ലാസ് വിജയിച്ച പുതുതായി സംരംഭം ആരംഭിക്കാൻ താൽപര്യമുള്ള സ്ത്രീകളെയാണ് പദ്ധതി ലക്ഷ്യമിട്ടത്. ഇവർക്കായി ഒരാഴ്ചത്തെ പരിശീലനമാണ് നൽകുന്നത്. ഉയരം, ബോഡി മാസ് ഇൻഡക്സ്, രക്തസമ്മർദം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, കൊളസ്ട്രോൾ എന്നിവ നിർണയിക്കാനാണ് പരിശീലനം. സൂചി ഉപയോഗിക്കാതെ വിരൽതുമ്പിൽനിന്ന് രക്തസാമ്പിൾ ശേഖരിക്കുന്ന രീതിയാണ് പരിശീലിപ്പിക്കുന്നത്. ഇതിനാവശ്യമായ ഉപകരണങ്ങളും ഇവർക്ക് നൽകുന്നുണ്ട്.
സംസ്ഥാനത്ത് 356 വനിതകളാണ് സാന്ത്വനം വാളന്റിയർമാരായി പ്രവർത്തിക്കുന്നത്. ഏറ്റവും കൂടുതൽ എറണാകുളം ജില്ലയിലാണ് -57 പേർ. ഓരോ തദ്ദേശസ്ഥാപനത്തിലും ഒരു വളന്റിയർ എന്ന രീതിയിലാണ് പദ്ധതിയുടെ വിഭാവനം. 200 രൂപയാണ് ഫീസായി ഇവർ ഈടാക്കുന്നത്. ഷുഗർ -40, കൊളസ്ട്രോൾ -90, ബി.പി -20, എച്ച്.ബി -50 എന്നിങ്ങനെയാണ് നിരക്ക്.
രോഗികൾക്ക് ആശ്വാസമേകുന്നതിനോടാപ്പം വളന്റിയർമാരായി പ്രവർത്തിക്കുന്നവർക്ക് വരുമാനവും എന്നതാണ് പദ്ധതിയിലൂടെ കുടുംബശ്രീയുടെ ലക്ഷ്യം. സജീവമായി പ്രവർത്തിക്കുന്ന വളന്റിയർമാർക്ക് പ്രതിമാസം 30,000 രൂപ വരെ വരുമാനമുണ്ടാക്കാൻ കഴിയുമെന്നാണ് അനുഭവസ്ഥരുടെ വിശദീകരണം. ഇതിന്റെ പ്രാരംഭപ്രവർത്തനങ്ങൾക്കായി കോർപേറഷൻ പ്രദേശങ്ങളിൽ ഒരുലക്ഷവും പഞ്ചായത്ത്തലത്തിൽ 65,000 രൂപയും സബ്സിഡിയോടെ വായ്പയും നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.