കൊച്ചി: ജില്ലയിൽ ലഹരിക്കേസുകളും ഉപഭോക്താക്കളും കുത്തനെ ഉയരുമ്പോഴും ലഹരിബാധിതരെ ചികിത്സിക്കാൻ സർക്കാർ ആരംഭിച്ച വിമുക്തി ഡി അഡിക്ഷൻ സെന്ററിന് മുക്തിയില്ല. സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിൽ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ആരംഭിച്ച ലഹരി വിമോചന കേന്ദ്രമാണ് പ്രവർത്തനം നിലച്ചിട്ട് ആറുമാസം പിന്നിടുന്നത്. എക്സൈസ് വകുപ്പിന് കീഴിലുള്ള വിമുക്തി ലഹരിവർജന മിഷന് കീഴിലാണ് 2019 ഫെബ്രുവരി 22ന് ജില്ലയിലെ ചികിത്സാകേന്ദ്രം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ആരംഭിച്ചത്. ജനറൽ ആശുപത്രിയിലെ പേ വാർഡ് ഷോപ്പിങ് കോംപ്ലക്സിലായിരുന്നു കേന്ദ്രത്തിന്റെ പ്രവർത്തനം. മെഡിക്കൽ ഓഫിസർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ, മൂന്ന് സ്റ്റാഫ് നഴ്സ്, മൂന്ന് സെക്യൂരിറ്റി, ഒരു ക്ലീനിങ് സ്റ്റാഫ് അടക്കം പത്ത് ജീവനക്കാരുണ്ടായിരുന്ന ഇവിടെ 10 രോഗികളെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യമാണുണ്ടായിരുന്നത്.
ആദ്യഘട്ടത്തിൽ മികച്ച സേവനമാണ് ഇവിടെനിന്നും പൊതുജനങ്ങൾക്ക് ലഭിച്ചിരുന്നത്. പ്രവർത്തനം ആരംഭിച്ച് നാല് വർഷം പിന്നിടുമ്പോൾ ഒ.പിയിലും ഐ.പി.യിലുമായി ലഹരി വിമോചന കേന്ദ്രം ആശ്വാസമേകിയത് 7423 പേര്ക്കാണ്. എന്നാൽ, വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയും ആരോഗ്യ വകുപ്പിന്റെ താൽപര്യക്കുറവും പിന്നീട് ഇതിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയായിരുന്നു. എറണാകുളം, ഇടുക്കി ജില്ലകളിലെ നൂറുകണക്കിന് രോഗികൾക്കായിരുന്നു കേന്ദ്രം ആശ്വാസമേകിയിരുന്നത്.
കോവിഡ് വ്യാപനം രൂക്ഷമായി ജനറൽ ആശുപത്രിയിൽ കോവിഡ് ഐസൊലേഷൻ വാർഡ് തുടങ്ങിയതോടെയാണ് ആദ്യമായി ഈ കേന്ദ്രത്തിന്റെ കണ്ടകശനി ആരംഭിച്ചത്. നടത്തിപ്പുകാരായ എക്സൈസ് വകുപ്പിനെ അറിയിക്കുകപോലും ചെയ്യാതെ അന്നത്തെ ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ കേന്ദ്രം അടച്ചുപൂട്ടി. ഡോക്ടറടക്കമുള്ള ജീവനക്കാരെ മറ്റ് ജോലികളിലേക്ക് മാറ്റി. ഇതോടെ കേന്ദ്രത്തിന്റെ പ്രവർത്തനം നിലച്ചു. തുടർന്ന് കോവിഡ് ഭീതി ഒഴിഞ്ഞെങ്കിലും കേന്ദ്രം തുറന്ന് പ്രവർത്തിക്കാൻ ആശുപത്രി അധികൃതർ താൽപര്യം കാണിച്ചില്ല. ഇതിനിടെ പേ വാർഡിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ആശുപത്രി സൂപ്രണ്ടും നഗരസഭയും തമ്മിൽ നിലനിന്ന ശീതസമരവും ഇതിനെ ദോഷകരമായി ബാധിച്ചു. ചില സ്വകാര്യ ലഹരി വിമോചന ചികിത്സാകേന്ദ്രങ്ങളെ സഹായിക്കാനായിരുന്നു ഈ നിലപാടെന്ന ആരോപണവും ഉയർന്നിരുന്നു. ഏറെ നാളത്തെ ഇടപെലുകൾക്കൊടുവിൽ 2021 ഡിസംബർ ആറിനാണ് വീണ്ടും കേന്ദ്രത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചത്.
കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസറടക്കമുള്ള ജീവനക്കാരെ കരാർ കാലാവധി കഴിഞ്ഞെന്ന കാരണത്താൽ കൂട്ടത്തോടെ പിരിച്ചുവിട്ടതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
മൂന്ന് വർഷമാണത്രേ ഇവരുടെ കരാർ കാലാവധി. എന്നാൽ, കരാർ കാലാവധി അവസാനിച്ചിട്ടും പുതിയ ജീവനക്കാരെ നിയമിക്കാനുള്ള നടപടിക്രമങ്ങൾ നടത്താൻ എക്സൈസ്-ആരോഗ്യ വകുപ്പുകൾക്കുണ്ടായ വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണം. തങ്ങൾ ആരോഗ്യ വകുപ്പിന് ഇതുസംബന്ധിച്ച് നിർദേശം നൽകിയെന്നാണ് എക്സൈസ് വകുപ്പിന്റെ വിശദീകരണം.
ആരോഗ്യ വകുപ്പാകട്ടെ നിയമന ഉത്തരവാദിത്തത്തെ ചൊല്ലി പരസ്പരം പഴിചാരുകയുമാണ്. ജീവനക്കാരുടെ ശമ്പളം എക്സൈസ് വകുപ്പും നിയമനമടക്കമുള്ള കാര്യങ്ങൾ ആരോഗ്യ വകുപ്പുമാണ് ചെയ്യേണ്ടത്. എന്നാൽ, ഇതിനായി ഇടപെടൽ നടത്തേണ്ട എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികളും നഗരസഭയും ഇക്കാര്യത്തിൽ പുലർത്തുന്ന മൗനവും ചർച്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.