കരിമുകൾ: കരിമുകൾ-അമ്പലമുകൾ റോഡിൽ അലഞ്ഞു തിരിയുന്ന കന്നുകാലികൾ വാഹനയാത്രികർക്ക് ഭീഷണിയാകുന്നു. ഫാക്ട് കാടുകളിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾ രാത്രിയോടെ റോഡിലേക്ക് ഇറങ്ങുന്നതാണ് അപകടഭീഷണിയാകുന്നത്. രാത്രി കന്നുകാലികൾ കൂട്ടമായെത്തി റോഡിലും സൈഡിലും കിടക്കുകയാണ്.
അമിതവേഗത്തിൽ എത്തുന്ന വാഹനങ്ങൾ തൊട്ടടുത്തെത്തുമ്പോഴാണ് കന്നുകാലികളെ കാണുന്നത്. ഇത് അപകടങ്ങൾക്ക് കാരണമാകുകയാണ്. ഇരുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തിൽപെടുന്നതെന്ന് നാട്ടുകാർ പറയുന്നു.
റോഡിൽ വെളിച്ചമില്ലാത്ത പ്രദേശത്ത് കൂട്ടംകൂടി കിടക്കുന്ന ഇവ പലപ്പോഴും തൊട്ടടുത്തെത്തുമ്പോഴാണ് യാത്രികർ കാണുന്നത്. വ്യവസായ മേഖലയായ അമ്പലമുകൾ-കരിമുകൾ റോഡിലൂടെ ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്.
ഇതിന് പുറമെ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലേക്കും ആലപ്പുഴ പ്രദേശത്തേക്കും നിർമാണ സാമഗ്രികളുമായി വലിയ ടോറസ് ലോറികൾ ഉൾപ്പെടെ പോകുന്നതും ഈ റോഡിലൂടെയാണ്. ബി.പി.സി.എൽ, കൊച്ചിൻ റിഫൈനറി, ഫാക്ട്, എച്ച്.ഒ.സി, ഫിലിപ്സ് കാർബൺ കമ്പനി എന്നിവിടങ്ങളിലേക്ക് ലോഡുമായി വാഹനങ്ങൾ എത്തുന്നതും ഈ റോഡിലൂടെയാണ്.
ബി.പി.സി.എൽ, പെട്രോ കെമിക്കൽ ഉൾപ്പെടെയുള്ള വലിയ വികസനങ്ങൾക്ക് നൂറുകണക്കിനേക്കർ കാടുകൾ വെട്ടിത്തെളിച്ചതോടെയാണ് കന്നുകാലികൾ കൂട്ടത്തോടെ റോഡിലേക്ക് ഇറങ്ങാൻ തുടങ്ങിയത്. പകൽപോലും റോഡിൽ കന്നുകാലികൾ നിൽക്കുന്നത് സ്ഥിരം കാഴ്ചയാണ്. ഇവയെ പുനരധിവസിപ്പിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ കരിമുകൾ-അമ്പലമുകൾ റോഡിൽ അപകടങ്ങളും നിത്യസംഭവമാകുമെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.