കൊച്ചി: എറണാകുളം ലോക്സഭ മണ്ഡലത്തിലെ പോളിങ് ശതമാനം 2019ലേതിനേക്കാൾ ഒമ്പത് ശതമാനത്തിലധികം ഇടിഞ്ഞത് മൂന്ന് മുന്നണികളിലും ഒന്നുപോലെ ചർച്ചക്ക് വഴിവെച്ചിട്ടുണ്ട്. കനത്ത ചൂട് കാരണമായി പറയുമ്പോഴും ഇത്രയും വലിയൊരു കുറവ് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ, പോളിങ് കുറഞ്ഞത് ഗുണം ചെയ്യുമെന്ന് എൽ.ഡി.എഫും മികച്ച ഭൂരിപക്ഷത്തോടെ വിജയം ഹൈബി ഈഡൻ ആവർത്തിക്കുമെന്ന് യു.ഡി.എഫും അവകാശപ്പെടുന്നു. എൻ.ഡി.എയുടെ വോട്ട് കുറഞ്ഞേക്കുമെന്നും സൂചനയുണ്ട്. മണ്ഡലത്തിൽ മുമ്പ് നടന്ന 16 പൊതു തെരഞ്ഞെടുപ്പുകളിൽ അഞ്ച് തവണ മാത്രമാണ് പോളിങ് 70 ശതമാനത്തിൽ താഴെ പോയത്. പോളിങ് ശതമാനം കുറയുന്നത് എൽ.ഡി.എഫിന് ഗുണം ചെയ്യുമെന്ന് എൽ.ഡി.എഫ് പൊതുവെ അവകാശപ്പെടാറുണ്ട്. എന്നാൽ, പോളിങ് താഴ്ന്ന ഘട്ടത്തിൽ യു.ഡി.എഫും ഉയർന്നപ്പോൾ എൽ.ഡി.എഫും മികച്ച വിജയം നേടിയ ചരിത്രവുമുണ്ട്.
മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ് 1980ലാണ്: 58.95 ശതമാനം. അന്ന് വിജയിച്ചത് കോൺഗ്രസിന്റെ സേവ്യർ അറക്കലാണ്. 81.50 ശതമാനം എന്ന െക്കോർഡ് പോളിങ് രേഖപ്പെടുത്തിയ 1967ൽ വിജയിച്ചതാകട്ടെ സി.പി.എമ്മിന്റെ വി. വിശ്വനാഥ മേനോനും. പോളിങ് കുറഞ്ഞ വർഷങ്ങളായ 1980ലും (58.95 ശതമാനം) 1998ലും (68.86) കോൺഗ്രസിനായിരുന്നു വിജയം. കോൺഗ്രസിലെ ജോർജ് ഈഡൻ 1,11,305 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷം നേടിയ 1999ൽ പോളിങ് 65.79 ശതമാനം മാത്രമായിരുന്നു. എന്നാൽ, 1980ന് ശേഷം ആദ്യമായി പോളിങ് ഏറ്റവും കുറഞ്ഞ 2004ൽ (61.63) വിജയിച്ചത് എൽ.ഡി.എഫ് സ്വതന്ത്രൻ ഡോ. സെബാസ്റ്റ്യൻ പോളാണ്. 2004ന് ശേഷം പോളിങ് 70 ശതമാനത്തിൽ താഴുന്നത് ഇതാദ്യമാണ്. നിലവിലെ കണക്കനുസരിച്ച് മണ്ഡലത്തിലെ പോളിങ് 68.29 ശതമാനമാണ്.
അന്തിമ കണക്കുകൾ പുറത്തുവരുമ്പോൾ നേരിയ മാറ്റം വന്നേക്കാം. 2019ൽ പോളിങ് കൂടുതലുണ്ടായിരുന്ന കളമശ്ശേരി, പറവൂർ, തൃപ്പൂണിത്തുറ എന്നിവ ഉൾപ്പെടെ ഏഴ് നിയമസഭ മണ്ഡലങ്ങളിലും യു.ഡി.എഫിനായിരുന്നു ഭൂരിപക്ഷം. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പോളിങിൽ മുന്നിലെത്തിയ കളമശ്ശേരി, വൈപ്പിൻ മണ്ഡലങ്ങളിൽ എൽ.ഡി.എഫും പറവൂർ, തൃപ്പൂണിത്തുറ മണ്ഡലങ്ങളിൽ യു.ഡി.എഫുമാണ് വിജയിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മണ്ഡലമായ പറവൂരിലായിരുന്നു 2019ൽ ഏറ്റവും കൂടുതൽ പോളിങ്: 81.70. ഇത്തവണയും പറവൂരാണ് മുന്നിൽ (72.81). അന്നും ഇന്നും പിന്നിൽ എറാണാകുളമാണ്: യഥാക്രമം 73.29ഉം 62.42ഉം. ലത്തീൻ, മുസ്ലിം സമുദായങ്ങൾക്ക് സ്വാധീനമുള്ള കളമശ്ശേരി, പറവൂർ, വൈപ്പിൻ മണ്ഡലങ്ങളിലെ ഉയർന്ന പോളിങ് ന്യൂനപക്ഷ വിഭാഗങ്ങൾ തെരഞ്ഞെടുപ്പിനോട് ഗൗരവമായി പ്രതികരിച്ചതിന്റെ സൂചനയാണ്.
എന്നാൽ, എറണാകുളം മണ്ഡലത്തിൽ പോളിങ് കുത്തനെ ഇടിഞ്ഞത് നഗരഹൃദയത്തിലെ വോട്ടർമാരിലെ നിസ്സംഗതയാണ് പ്രകടമാക്കുന്നത്. പോളിങ് ശതമാനം 72 ശതമാനം വരെ വരുന്നത് തങ്ങൾക്ക് ശുഭാപ്തിവിശ്വാസം നൽകുന്നതാണെന്ന് എൽ.ഡി.എഫ് പ്രചാരണത്തിന് ചുക്കാൻ പിടിച്ചിരുന്ന നേതാക്കൾ അവകാശപ്പെട്ടിരുന്നു. ഏതായാലും കുറഞ്ഞ പോളിങിലും ഇരുമുന്നണികളുടെയും വിജയപ്രതീക്ഷയും ആത്മവിശ്വാസവും ഒ കുറയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.