കൊച്ചി: പോളിങ് ശതമാനത്തിലെ ഇടിവ് ജില്ലയിൽ മുന്നണികളുടെ പ്രതീക്ഷകളിൽ കരിനിഴലാകുന്നു. കഴിഞ്ഞ നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് എല്ലാ നിയമസഭ മണ്ഡലങ്ങളിലും പോളിങ് ശതമാനത്തിൽ കാര്യമായ ഇടിവുണ്ട്. പൊരിവെയിലിനെ മറികടന്നും വോട്ടർമാരുടെ മനസ്സ് കീഴടക്കാൻ സകല തന്ത്രങ്ങളും മുന്നണികൾ പയറ്റിയെങ്കിലും പൂർണമായി വിജയിച്ചില്ല എന്നാണ് പോളിങ് ശതമാനത്തിലെ കുറവ് തെളിയിക്കുന്നത്. എന്നാൽ, ഇത് വിജയത്തെ ബാധിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് മുന്നണികളുടെ നേതൃത്വം.
ജില്ലയിൽ ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത് ചാലക്കുടി മണ്ഡലത്തിലുൾപ്പെടുന്ന കുന്നത്തുനാട് നിയമസഭ മണ്ഡലത്തിലാണ്- 78.11 ശതമാനം. ഇത് കഴിഞ്ഞ നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കുറവാണ്. മണ്ഡലത്തിൽ ശക്തമായ ട്വൻറി20യുടെ സാന്നിധ്യമാണ് ഉയർന്ന പോളിങ്ങിന് കാരണമെന്നാണ് വിലയിരുത്തൽ. ചാലക്കുടി, എറണാകുളം മണ്ഡലങ്ങളിൽ മത്സരിക്കുന്ന ട്വൻറി20 അവരുടെ ആസ്ഥാനമെന്ന നിലയിൽ കുന്നത്തുനാട്ടിൽനിന്ന് വലിയ വോട്ടാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇവിടെ മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തായിരുന്നു ഇവർ. ജില്ലയിൽ ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയത് നഗര മണ്ഡലമായ എറണാകുളത്താണ്.
ആഴ്ചകൾ നീണ്ട പ്രചാരണങ്ങൾക്കൊടുവിൽ വോട്ടുകൾ പെട്ടിയിലായതോടെ ഇനി കണക്കുകൂട്ടലുകളുടെയും കാത്തിരിപ്പിന്റെയും ദിനങ്ങളാണ് പാർട്ടികൾക്ക്. കൊടുംചൂട് അടക്കമുളള പ്രശ്നങ്ങളാൽ പോളിങ് കുറയുമെന്ന് മുന്നണികൾ വിലയിരുത്തിയിരുന്നു. എന്നാൽ, തങ്ങളുടെ വോട്ടുകൾ കൃത്യമായി പെട്ടിയിൽ വീണിട്ടുണ്ടെന്നാണ് ഇരുമുന്നണികളുടെയും വിലയിരുത്തൽ. കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കെതിരായ ജനരോഷവും ന്യൂനപക്ഷ വിഭാഗങ്ങൾക്കുളള ആശങ്കകളും തങ്ങൾക്ക് ഗുണകരമാകുമെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ.
ജില്ലയിലുൾപ്പെടുന്ന നാല് ലോക്സഭ മണ്ഡലങ്ങളും യു.ഡി.എഫ് നിലനിർത്തുമെന്നാണ് അവരുടെ ആത്മവിശ്വാസം. എന്നാൽ പാർട്ടി പ്രവർത്തകരുടേയും അനുഭാവികളുടേയും വോട്ടുകൾ കൃത്യമായി പോൾ ചെയ്തിട്ടുണ്ടെന്നാണ് ഇടത് ക്യാമ്പിന്റെ വിലയിരുത്തൽ. കേന്ദ്രത്തിനെതിരായ ജനവികാരം തങ്ങൾക്ക് ഗുണകരമാകുമെന്നും അവർ പറയുന്നു. ചാലക്കുടി ലോക്സഭ മണ്ഡലത്തിലാണ് മുന്നണി നേതൃത്വം ഏറെ പ്രതീക്ഷ വെക്കുന്നത്. സ്ഥാനാർഥിയുടെ മികവും ട്വൻറി20 സാന്നിധ്യവും ഗുണകരമാകുമെന്നാണ് ഇടത് നേതാക്കളുടെ പ്രതീക്ഷ. ജില്ലയിൽ നില മെച്ചപ്പെടുത്തുമെന്ന വിശ്വാസത്തിലാണ് ബി.ജെ.പി നേതാക്കളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.