കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണ കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ജില്ലയിൽ ആവേശം വാനോളമുയർന്നു. നാടും നഗരവുമെല്ലാം തെരഞ്ഞെടുപ്പിന്റെ ചൂടും ചൂരും ഉയർന്ന ദിവസങ്ങൾക്കാണ് ബുധനാഴ്ച വൈകിട്ട് ആറിന് തിരശ്ശീല വീഴുന്നത്. ജില്ലയിലെ എറണാകുളം ലോക്സഭാ മണ്ഡലത്തിലും ജില്ലയിലുൾപ്പെടുന്ന ഇടുക്കി, ചാലക്കുടി, കോട്ടയം ലോക്സഭ മണ്ഡലങ്ങളിലുമെല്ലാം പ്രചാരണം ഉച്ചസ്ഥായിയിലാണ്. കൊട്ടിക്കലാശത്തിന് മുന്നോടിയായുളള കാൽനട ജാഥകൾ, ഇരുചക്രവാഹന റാലികൾ, റോഡ് ഷോകൾ അടക്കം വിവിധ പരിപാടികളുമായി ഗ്രാമങ്ങൾ തോറും ഇളക്കി മറിക്കുകയാണ് മുന്നണി പ്രവർത്തകർ.
കൊട്ടിക്കലാശത്തിനുളള ഒരുക്കത്തിലാണ് മുന്നണി പ്രവർത്തകരും സ്ഥാനാർഥികളും. മണ്ഡലത്തിലെ പ്രധാന കേന്ദ്രത്തിലാകും സ്ഥാനാർഥികൾ കൊട്ടിക്കലാശത്തിൽ പങ്കെടുക്കുന്നത്. എറണാകുളം ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ഹൈബി ഈഡൻ ബുധനാഴ്ച വൈകിട്ട് നാലിന് മണപ്പാട്ടി പറമ്പിൽ നിന്നാരംഭിച്ച് ടൗൺഹാളിൽ സമാപിക്കുന്ന രീതിയിലാണ് കൊട്ടിക്കലാശം ക്രമീകരിച്ചിരിക്കുന്നത്. ഇടതുസ്ഥാനാർഥി കെ.ജെ. ഷൈനിന്റെ കൊട്ടിക്കലാശം പാലാരിവട്ടത്താണ്.
എൻ.ഡി.എ സ്ഥാനാർഥി കെ.എസ്. രാധാകൃഷ്ണൻ വൈകിട്ട് അഞ്ചിന് പള്ളിമുക്കിലാണ് പരസ്യ പ്രചാരണങ്ങൾക്ക് അവസാനം കുറിക്കുന്നത്. ട്വൻറി 20 സ്ഥാനാർഥി അഡ്വ. ആൻറണി ജൂഡിയും കൊട്ടിക്കലാശം തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം നിയമസഭ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചും പ്രചാരണ സമാപനങ്ങൾ അരങ്ങേറും. ആവേശം അതിരുവിടാതിരിക്കാൻ ശക്തമായ പൊലീസ് സംവിധാനവും നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.
പുതിയ വോട്ടർപ്പട്ടിക പ്രകാരം ജില്ലയിൽ ആകെ 25,98,291 വോട്ടർമാരാണുളളത്. ഇതിൽ 12,64,623 പുരുഷ വോട്ടർമാരും 13,33,640 സ്ത്രീ വോട്ടർമാരും 28 ട്രാൻസ് ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു. ഇതോടൊപ്പം ജില്ലയിൽ ഇക്കുറി പുതുതായി 27,786 വോട്ടർമാരെയും ചേർത്തിട്ടുണ്ട്. എറണാകുളം ലോക്സഭാ മണ്ഡലത്തിൽ 13,24,047 വോട്ടർമാരാണുളളത്. ജില്ലയിലുൾപ്പെടുന്ന ചാലക്കുടി-13,10,529, കോട്ടയം-12,54,823 ഇടുക്കി -12,50,157 എന്നിങ്ങനെയാണ് വോട്ടർമാരുടെ എണ്ണം. പ്രചാരണരംഗത്ത് നിലനിന്ന മാന്ദ്യമൊക്കെ അവസാന ഘട്ടത്തിൽ മറികടക്കാനായതോടെ പോളിങ് ശതമാനത്തിലടക്കം വർധനവുണ്ടാകുമെന്നാണ് മുന്നണി നേതാക്കളുടെ കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.