എന്നും എപ്പോഴും സംഭവബഹുലമാണ് കൊച്ചിയും എറണാകുളം ജില്ലയും. 2023ലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. നാടിനെ നടുക്കിയ, ഞെട്ടിച്ച ഒട്ടേറെ സംഭവങ്ങളാൽ ജില്ല വാർത്തകളിൽ നിറഞ്ഞുനിന്നു. അഭിമാനകരമായ നേട്ടങ്ങളും ഇക്കാലയളവിൽ ജില്ലക്കുണ്ടായി. കുസാറ്റ് ദുരന്തവും രാജ്യത്തെയാകമാനം ഞെട്ടിച്ച, എട്ടുപേരെ ഇല്ലാതാക്കിയ കളമശ്ശേരി സ്ഫോടനവും ബ്രഹ്മപുരത്തെ ആളിക്കത്തലും ഹൃദയങ്ങളിൽ തീരാനോവ് തീർത്ത ആലുവയിലെ അന്തർസംസ്ഥാന ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതും പിന്നീട് പ്രതിക്ക് വധശിക്ഷ വിധിച്ചതുമെല്ലാം ഈ വർഷമായിരുന്നു. 2023ന്റെ മുൻതാളുകൾ മറിക്കുമ്പോൾ ഓർമയിലേക്കുവരുന്ന സംഭവങ്ങളിലൂടെ ഒരു യാത്ര...
ഞായറാഴ്ച കളമശ്ശേരി സംറ കൺവെൻഷൻ സെന്ററിൽ യഹോവയുടെ സാക്ഷികളുടെ വാർഷിക കൺവെൻഷനിടെ നടന്ന ബോംബ് സ്ഫോടനം കേരളത്തെയൊന്നാകെ പിടിച്ചുകുലുക്കി. തമ്മനം സ്വദേശിയും മുമ്പ് യഹോവയുടെ സാക്ഷികളുടെ അനുയായിയുമായ ഡൊമിനിക് മാർട്ടിനാണ് ബോംബുവെച്ചത്. സ്ഫോടനത്തിൽ തൽക്ഷണം ഒരാളും പിന്നീട് ചികിത്സയിലിരുന്ന ഏഴുപേരുമുൾപ്പടെ എട്ടുപേർ മരിച്ചു. അന്നുതന്നെ പൊലീസിൽ കീഴടങ്ങിയ പ്രതി മാർട്ടിനെ പിന്നീട് അറസ്റ്റ് ചെയ്തു.
കളമശ്ശേരി സ്ഫോടനത്തിന്റെ ഞെട്ടൽ മാറുംമുമ്പേയാണ് അധികം ദൂരെയല്ലാത്ത കുസാറ്റിൽ മറ്റൊരു നടുക്കുന്ന ദുരന്തമുണ്ടായത്. ടെക് ഫെസ്റ്റിന്റെ ഭാഗമായി ഓപൺ എയർ ഓഡിറ്റോറിയത്തിൽ വൈകീട്ട് നടത്താനിരുന്ന സംഗീതനിശയിൽ പങ്കെടുക്കാൻ ആളുകൾ ഓഡിറ്റോറിയത്തിലേക്ക് ഇരച്ചുകയറുകയും തിക്കിലും തിരക്കിലുംപെട്ട് മൂന്ന് വിദ്യാർഥികളുൾപ്പെടെ നാലുപേർ മരിക്കുകയുമായിരുന്നു. 60ഓളം വിദ്യാർഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു.
മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച ആലുവയിലെ ബാലികയുടെ കൊലപാതകം നടന്നത് ജൂലൈയിലാണ്. ബിഹാർ സ്വദേശികളുടെ അഞ്ചുവയസ്സുകാരിയായ മകളെ അന്തർസംസ്ഥാന തൊഴിലാളിയായ അസ്ഫാഖ് ആലം പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. 99ാം ദിവസം പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി. 110ാം ശിശുദിനത്തിൽ പ്രതിക്ക് മരണംവരെ തൂക്കുകയറും അഞ്ച് ജീവപര്യന്തവും ശിക്ഷ വിധിച്ചു.
സെപ്റ്റംബർ ഏഴിന് വീട്ടിൽ ഉറങ്ങിക്കിടന്ന അന്തർസംസ്ഥാന തൊഴിലാളികളുടെ എട്ടുവയസ്സുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവവുമുണ്ടായി. പ്രതി തിരുവനന്തപുരം പാറശ്ശാല ചെങ്കൽ സ്വദേശി ക്രിസ്റ്റൽ രാജിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ബ്രഹ്മുപരത്തെ മാലിന്യ സംസ്കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തം സംസ്ഥാനതലത്തിൽ വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. 2023 മാർച്ച് രണ്ടിന് ഉച്ചക്ക് ശേഷമാണ് ബ്രഹ്മപുരത്തെ മാലിന്യമലക്ക് തീപിടിച്ചത്. കോർപറേഷൻ വ്യാപകമായി സംഭവത്തിൽ പഴികേട്ടു. വിഷപ്പുക ശ്വസിച്ച് നിരവധി പേർ ആശുപത്രികളിലായി. ദിവസങ്ങളോളം കൊച്ചി നഗരത്തിലെയും സമീപങ്ങളിലേയും അന്തരീക്ഷം പുകമയമായിരുന്നു. ബ്രഹ്മപുരത്ത് 110 ഏക്കർ സ്ഥലത്താണ് മാലിന്യമല സ്ഥിതി ചെയ്യുന്നത്.
സിറോ മലബാർ സഭയെ പിടിച്ചുലച്ച വിവാദക്കൊടുങ്കാറ്റിനൊടുവിൽ സഭ അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പടിയിറങ്ങിയ കാഴ്ചക്കും 2023 സാക്ഷ്യംവഹിച്ചു. അന്നുതന്നെ അതിരൂപതയിലെ അഡ്മിനിസ്ട്രേറ്ററായിരുന്ന മാർ ആൻഡ്രൂസ് താഴത്തും സ്ഥാനമൊഴിഞ്ഞു. ഭൂമിയിടപാടാണ് പിന്നീട് കേസിലും കോലാഹലങ്ങൾക്കും കാരണമായത്.
ലക്ഷദ്വീപിൽനിന്നുള്ള എം.പി പി.പി. മുഹമ്മദ് ഫൈസൽ രണ്ടുതവണ പാർലമന്റെ് അംഗത്വത്തിൽനിന്ന് അയോഗ്യനാക്കപ്പെട്ടു. ജനുവരി 11നായിരുന്നു ആദ്യം അയോഗ്യത കൽപിച്ചത്. ഒക്ടോബർ നാലിന് രണ്ടാമതും ഫൈസലിനെ അയോഗ്യനാക്കി. പിന്നീട് ഹൈകോടതി വിധിയെ തുടർന്ന് നടപടി ലോക്സഭ സെക്രട്ടേറിയറ്റ് നവംബർ രണ്ടിന് പിൻവലിച്ചു.
എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏറെക്കാലമായി തുടർന്നുപോരുന്ന കുർബാന അർപ്പണ തർക്കത്തിന് ഈ വർഷവും പരിസമാപ്തിയായില്ല.
ഫ്രാൻസിസ് മാർപാപ്പയുൾപ്പടെ ഉത്തരവിട്ടിട്ടും മിക്കവാറും പള്ളികളിൽ പാതിരാകുർബാനയായി നടന്നത് ജനാഭിമുഖ കുർബാനയാണ്. 2022ലെ ക്രിസ്മസ് നാളിലെ കുർബാന അർപ്പണവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ബസിലിക്ക അടച്ചിടുന്നതിലേക്ക് നയിച്ചത്.
രാഷ്ട്രീയ പ്രമുഖരും ഉന്നത ഉദ്യോഗസ്ഥരും ചോദ്യമുനയയിലാകുകയോ അറസ്റ്റിലാകുകയോ ചെയ്ത വർഷം. മുൻ മന്ത്രിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ എ.സി. മൊയ്തീൻ കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പു കേസിൽ ഇ.ഡിക്ക് മുമ്പാകെ എത്തിയപ്പോൾ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. കണ്ടല കേസിൽ സി.പി.ഐ നേതാവ് ഭാസുരാംഗൻ അകത്തായി. സി.പി.എം തൃശൂർ ജില്ല സെക്രട്ടറി എം.എം. വർഗീസിന് കരുവന്നൂർ കേസിൽ പലവട്ടം ഇ.ഡി മുമ്പാകെ ഹാജരാകേണ്ടി വന്നു. വടക്കാഞ്ചേരി നഗരസഭ സ്ഥിരംസമിതി അധ്യക്ഷനുമായ പി.ആർ. അരവിന്ദാക്ഷനടക്കം കേസിൽ നാലുപേർ റിമാൻഡിലാണ്.
ഐ.ജി ലക്ഷ്മണ, മുൻ പൊലീസ് കമീഷണർ എസ്. സുരേന്ദ്രൻ എന്നിവരും അറസ്റ്റു ചെയ്യപ്പെട്ടു. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് സിഡ്കോ മുൻ മാനേജിങ് ഡയറക്ടർ സജി ബഷീറിനെ ഇ.ഡി ചോദ്യം ചെയ്തു.
ഇതരമതത്തിലെ യുവാവുമായി പ്രണയത്തിലായതിന്റെ പേരിൽ പിതാവ് വിഷം നൽകിയതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരുന്ന പെൺകുട്ടി മരിച്ചതും സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചു. കരുമാല്ലൂർ മറിയപ്പടിക്ക് സമീപം പള്ളത്ത് ഐക്കരക്കുടി അബീസ്-ആഷില ദമ്പതികളുടെ മകൾ ഫാത്തിമയാണ് (14) മരിച്ചത്.
ഒക്ടോബർ 29നാണ് സീനിയർ വിദ്യാർഥിയെ പ്രണയിച്ചതിൽനിന്ന് പിന്മാമാറാത്തതിന്റെ പേരിൽ പിതാവ് കൊലപ്പെടുത്തുകയായിരുന്നു.
ജനിച്ച് ഒരുമാസം മാത്രമായ കുഞ്ഞിനെ മാതാവിന്റെ കാമുകൻ ക്രൂരമർദനങ്ങൾക്കിരയാക്കി കൊലപ്പെടുത്തിയ സംഭവവും പുറംലോകമറിഞ്ഞത് വലിയൊരു ഞെട്ടലോടെയാണ്.
ഈമാസം മൂന്നിന് എളമക്കരയിലായിരുന്നു ആലപ്പുഴ എഴുപുന്ന സ്വദേശിയുടെ കുഞ്ഞിനെ സുഹൃത്ത് കണ്ണൂർ ചക്കരക്കൽ സ്വദേശി ഷാനിഫാണ് കൊലപ്പെടുത്തിയത്. മാതാവ് കൂട്ടുനിന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ഇരുവരും റിമാൻഡിലാണ്.
എല്ലാവരുടെയും ഉള്ളിൽ നോവുതീർത്ത വൈഗ കൊലക്കേസിൽ പ്രതിയും പിതാവുമായ ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശി സനു മോഹന് ജീവപര്യന്തം ശിക്ഷ വിധിച്ചു. 2021 മാർച്ച് 21നാണ് സനു മോഹൻ വൈഗയുമായി ഭാര്യവീട്ടിൽനിന്ന് പോയത്. തിരച്ചിലിൽ കളമശ്ശേരി മുട്ടാർ പുഴയിൽ നിന്ന് വൈഗയുടെ മൃതദേഹം കിട്ടി.
സുപ്രീംകോടതി അനുവദിച്ച ജാമ്യ ഇളവിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെത്തിയ പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയെ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് ആംബുലൻസിൽ കൊല്ലം അൻവാർശ്ശേരിയിലേക്ക് പുറപ്പെട്ട അദ്ദേഹത്തെ ആലുവക്കടുത്തുവെച്ച് ഛർദിയുണ്ടായതിനെ തുടർന്നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
1973 ഡിസംബർ 27ന് കേരളം ചരിത്രത്തിലാദ്യമായി സന്തോഷ് ട്രോഫി നേടിയതിന്റെ സുവർണ ജൂബിലി ആഘോഷിച്ചത് കൊച്ചിയിലായിരുന്നു. 1973ൽ കരുത്തരായ റെയിൽവേസിനെയാണ് ക്യാപ്റ്റൻ ടി.കെ.എസ്. മണിയുടെ ഹാട്രിക് ഗോളിലൂടെ എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ കേരള ടീം മലർത്തിയടിച്ചത്.
മാത്യു കുഴൽനാടനെതിരെ അനധികൃത സ്വത്ത് ആരോപണവുമായി സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ രംഗത്ത്. ഇത് പിന്നീട് വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിതെളിച്ചു.
പിന്നാലെ ആഗസ്റ്റ് 19ന് മാത്യു കുഴൽനാടന്റെ തറവാട്ടുവളപ്പിൽ റവന്യൂ വകുപ്പിന്റെ പരിശോധന. മുഖ്യമന്ത്രിക്കും മകൾ വീണ വിജയനുമെതിരെ മാസപ്പടി ആരോപണമുന്നയിച്ചതിന്റെ പ്രതികാര നടപടിയാണെന്ന വാദമാണ് കുഴൽനാടൻ ഉന്നയിച്ചത്.
സ്പീക്കർ എ.എൻ. ഷംസീർ കുന്നത്തുനാട് നിയോജകമണ്ഡലംതല സ്ലേറ്റ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് കോലഞ്ചേരിയിൽ നടത്തിയ പ്രസംഗത്തിലെ ഗണപതിയെക്കുറിച്ചുള്ള പരാമർശമാണ് വിവാദമായത്.
ഫെബ്രുവരി 10 എം.ജി യൂനിവേഴ്സിറ്റി കലോത്സവം ‘അനേക’ എറണാകുളത്ത് നടന്നു. പ്രധാന മേഖലകൾ അതിസുരക്ഷ മേഖലയിൽ ഫെബ്രുവരി 18
എം.ജി റോഡ് മുതൽ കുണ്ടന്നൂർ വരെയാണ് അതിസുരക്ഷ മേഖല. കൊച്ചി കപ്പൽശാല, കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ, നേവൽ ജെട്ടി, ഇൻലാൻഡ് വാട്ടർ വെയ്സ് റോറോ ജെട്ടി, കൊച്ചിൻ പോർട്ട്ട്രസ്റ്റ്, നേവൽ ബേസ്, കൊച്ചിൻ പോർട്ട്ട്രസ്റ്റ് ക്വാർട്ടേഴ്സ്, കേന്ദ്രീയ വിദ്യാലയ, കൊങ്കൺ സ്റ്റോറേജ് ഓയിൽ ടാങ്ക്, നേവൽ എയർപോർട്ട് തുടങ്ങിയ ഭാഗങ്ങൾ ഉൾപ്പെടുന്ന പ്രദേശമാണ് അതിസുരക്ഷയിൽ ഉൾപ്പെടുന്നത്.
ജില്ല കലക്ടറായി എൻ.എസ്.കെ. ഉമേഷ് ചുമതലയേറ്റു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസറായി പ്രവർത്തിക്കുകയായിരുന്നു. തമിഴ്നാട് മധുര സ്വദേശിയാണ്.
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പറന്നുയരുന്നതിനിടെ തീരസംരക്ഷണ സേനയുടെ ഹെലികോപ്ടർ തകർന്നുവീണു. ഒരാൾക്ക് നിസ്സാര പരിക്കേറ്റു. അപകടത്തെ തുടർന്ന് രണ്ട് മണിക്കൂറോളം റൺവേ അടച്ചിട്ടു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായതുപോലെ എറണാകുളത്തും യു.പി.ഐ ഇടപാടിന്റെ പേരിൽ അക്കൗണ്ടുകൾ മരവിക്കപ്പെട്ടു. ഗുജറാത്തിലെ സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത ഒരുകേസുമായി ബന്ധപ്പെട്ട അക്കൗണ്ടാണ് ഇതിന്റെ തുടക്കമെന്നാണ് ലഭിച്ച വിവരം.
കൊച്ചി കായലിലെ ഓളപ്പരപ്പുകളിൽ പുതുചരിത്രം തീർത്ത് രാജ്യത്തെ ആദ്യ വാട്ടർമെട്രോ ബോട്ടുകൾ കുതിച്ചുതുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തതോടെ ആദ്യ റൂട്ടായ ഹൈകോർട്ട്-വൈപ്പിൻ യാത്രയും ആരംഭിച്ചു. ശേഷം വൈറ്റില-കാക്കനാട് റൂട്ടിലും സർവിസ് തുടങ്ങി.
എസ്.എസ്.എൽ.സി പരീക്ഷ വിജയത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തേക്ക് ജില്ല കുതിച്ചുകയറി നേട്ടം കൈവരിച്ചു. 99.92 ശതമാനത്തോടെ മിന്നുംവിജയമാണ് ഇത്തവണ ജില്ല നേടിയത്. ഹയർ സെക്കൻഡറിയിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം ജില്ല തിരികെ പിടിച്ചു.
നൈജീരിയൻ നാവികസേന പിടികൂടി തടവിലാക്കിയ ക്രൂഡ് ഓയിൽ ടാങ്കർ ‘എം.ടി ഹീറോയിക് ഇഡൂണി’ലുണ്ടായിരുന്ന മൂന്ന് മലയാളികളുൾപ്പെടെ 16 ഇന്ത്യക്കാർ തിരിച്ചെത്തി.
മഹാരാജാസ് കോളജിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ എഴുതാത്ത പരീക്ഷ ജയിച്ചതായി ഫലം വന്നതുമായി ബന്ധപ്പെട്ട് വിവാദം.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസിൽ നടൻ വിനായകനെ പൊലീസ് ചോദ്യം ചെയ്തു. കലൂരിലെ വീട്ടിലെത്തി എറണാകുളം നോർത്ത് പൊലീസാണ് ചോദ്യം ചെയ്തത്.
സുബി സുരേഷ്
നടിയും ടെലിവിഷൻ അവതാരകയുമായിരുന്ന സുബി സുരേഷ് (41) അന്തരിച്ചു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സാധു ഇട്ടിയവിര
ഗ്രന്ഥകാരനും സാമൂഹിക പരിഷ്കർത്താവുമായ സാധു ഇട്ടിയവിര (101) അന്തരിച്ചു. 101ാം ജന്മദിനത്തിന് രണ്ടുദിവസം മാത്രമുള്ളപ്പോഴാണ് വിയോഗം.
ഇന്നസെന്റ്
ചലച്ചിത്ര- സാംസ്കാരിക- രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായിരുന്നു നടൻ ഇന്നസെന്റ് (75) അന്തരിച്ചു. കൊച്ചിയിലെ വി.പി.എസ് ലേക്ഷോര് ആശുപത്രിയിലായിരുന്നു അന്ത്യം.
മമ്മൂട്ടിയുടെ മാതാവ്
നടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ (93) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സംവിധായകൻ സിദ്ദീഖ്
മലയാള സിനിമയിലെ സൂപ്പർഹിറ്റ് സംവിധായകൻ സിദ്ദീഖ് (63) അന്തരിച്ചു. ന്യൂമോണിയയും കരൾ രോഗവും ബാധിച്ച് ചികിത്സയിലായിരുന്ന സിദ്ദീഖിന് ശനിയാഴ്ച ഹൃദയാഘാതംകൂടി അനുഭവപ്പെട്ടതോടെ ആരോഗ്യനില അതിഗുരുതരമാകുകയായിരുന്നു.
മുൻ മന്ത്രി എം.എ. കുട്ടപ്പൻ
മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഡോ. എം.എ. കുട്ടപ്പൻ (76) അന്തരിച്ചു. 2001 മേയ് മുതൽ 2004 ആഗസ്റ്റ് വരെ എ.കെ. ആൻറണി മന്ത്രിസഭയിൽ മന്ത്രിയായിരുന്നു.
സരോജിനി ബാലാനന്ദൻ
സി.പി.എം മുന് സംസ്ഥാന സമിതി അംഗം സരോജിനി ബാലാനന്ദന് (86) അന്തരിച്ചു. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗമായിരുന്ന ഇ. ബാലാനന്ദന്റെ ഭാര്യയാണ്.
കലാഭവൻ ഹനീഫ്
നടനും മിമിക്രി കലാകാരനുമായ കലാഭവൻ ഹനീഫ് (63) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കെ.ജി. ജോർജ്
സംവിധായകൻ കെ.ജി. ജോർജ് (78) അന്തരിച്ചു. കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം.
ടി.എ. ജാഫർ
ഫുട്ബാൾ പരിശീലകനും കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി കിരീടം നേടിത്തന്ന ടീമിലെ വൈസ് ക്യാപ്റ്റനുമായ ടി.എ. ജാഫർ (79) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.