കൊച്ചി: സംസ്ഥാന സർക്കാറിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികൾ ഇഴയുന്നു. ന്യൂനപക്ഷ ക്ഷേമത്തിനായി മൈനോറിറ്റി വെൽഫെയർ ഡയറക്ടറേറ്റ് ബജറ്റിൽ വകയിരുത്തിയ 63.01 കോടിയിൽ ഇതുവരെ ചെലവാക്കിയത് 2.79 ശതമാനം മാത്രം.
13 പദ്ധതികളാണ് മൈനോറിറ്റി വെൽഫെയർ ഡയറക്ടറേറ്റിന് കീഴിൽ നടപ്പാക്കാൻ ലക്ഷ്യമിട്ടത്. ആസൂത്രണ ബോർഡ് കണക്ക് പ്രകാരം ഇതിൽ പത്ത് പദ്ധതികൾക്ക് ഒരുരൂപ പോലും ചെലവഴിച്ചിട്ടില്ല. മുസ്ലിം സ്ത്രീകൾക്ക് പ്രീമാരിറ്റൽ കൗൺസലിങ്, കുടിവെള്ള പദ്ധതി തുടങ്ങിയവ പ്രഖ്യാപനത്തില്‍ ഒതുങ്ങി. പഠനമികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് വകയിരുത്തിയ 6.52 കോടിയിൽ ഒരുരൂപ പോലും നൽകിയില്ല. നഴ്സിങ് ഡിപ്ലോമ, പാരാമെഡിക്കൽ കോഴ്സുകൾക്ക് പഠിക്കുന്നവർക്ക് സ്കോളർഷിപ്, സി.എ, ഐ.സി.ഡബ്ല്യു.എ കോഴ്സിനുള്ള സഹായം, മൈനോറിറ്റി റിസർച് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ വിദ്യാഭ്യാസ സഹായ പദ്ധതികളും ബജറ്റിൽ ഒതുങ്ങി.
വകുപ്പിന്റെ ആധുനികവത്കരണം ലക്ഷ്യമിട്ടതും വെറുതെയായി. കരിയർ ഗൈഡൻസ് പ്രോഗ്രാമിൽ വകയിരുത്തിയതിന്റെ 1.67 ശതമാനം തുക മാത്രമാണ് നൽകിയത്. മൈനോറിറ്റി വിഭാഗത്തിൽ വിവാഹബന്ധം ഉപേക്ഷിച്ച സ്ത്രീകൾക്കായുള്ള ഭവനപദ്ധതിക്കായി അഞ്ചുകോടി ബജറ്റിൽ നീക്കിവെച്ചതിൽ ഇതുവരെ നൽകിയത് ഒരുകോടി രൂപ. ന്യൂനപക്ഷങ്ങളുടെ ബഹുമുഖ വികസനത്തിനുള്ള 24 കോടി രൂപയുടെയും 16 കോടിയുടെയും രണ്ട് കേന്ദ്ര പദ്ധതികളിൽ ഒന്നിലും തുക ചെലവഴിച്ചിട്ടില്ല. ഡിപ്ലോമ കോഴ്സിന് 82 ലക്ഷം അനുവദിച്ചതിൽ 84 ശതമാനവും ചെലവഴിച്ചതാണ് അപവാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.