കൊച്ചി: പള്ളുരുത്തിയില്‍നിന്ന് കാണാതായ ഇരുപതുകാരന് ആദം ജോ ആന്റണിയെ കണ്ടെത്താന്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ച് കൊച്ചി സിറ്റി പൊലീസ് കമീഷണർ.
ഇക്കാര്യം ഉന്നയിച്ച് കുടുംബം ബുധനാഴ്ച സിറ്റി പൊലീസ് കമീഷണറെ കണ്ടിരുന്നു. പൊലീസിന്റെ അലംഭാവമാണ് ആദത്തെ കണ്ടെത്താന്‍ കഴിയാത്തതിന് കാരണമെന്ന് ആരോപിച്ച് പ്രതിഷേധമടക്കം ഉയരുന്ന സാഹചര്യത്തിലാണ് നടപടി. പള്ളുരുത്തി പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് രണ്ടു മാസം മുമ്പാണ് പുലർച്ച സൈക്ലിങ്ങിന് പോയ ജോയെ കാണാതാകുന്നത്. കേരളത്തിനകത്തും പുറത്തും വ്യാപക അന്വേഷണം നടത്തിയെന്ന് പൊലീസ് പറയുമ്പോഴും ആദം എവിടെയെന്നതില്‍ ഒരു സൂചനയും പൊലീസിന് കിട്ടിയിട്ടില്ല. പൊലീസ് വീഴ്ച ആരോപിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പള്ളുരുത്തി പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രത്യേക സംഘത്തെ നിയോഗിച്ച് ആദത്തിനായി അന്വേഷണം നടത്തണമെന്ന് എം.പി ഹൈബി ഈഡന് ഉള്‍പ്പെടെയുള്ളവരും ആവശ്യപ്പെട്ടിരുന്നു. കൊച്ചി കപ്പല്‍ശാലക്ക് അരികില്‍ നിന്നാണ് ആദത്തിന്റേതായ അവസാന സി.സി.ടി.വി ദൃശ്യങ്ങള്‍ കിട്ടിയത്.
കൊച്ചി സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യയുടെ നിർദേശപ്രകാരം മട്ടാഞ്ചേരി അസി. പൊലീസ് കമീഷണർ കിരൺ. പി.ബിയുടെ നേതൃത്വത്തിൽ പള്ളുരുത്തി പൊലീസ് സ്റ്റേഷൻ എസ്. എച്ച്.ഒ ഗിരീഷ് കുമാർ, ഗ്രേഡ് എസ്.ഐ സേവ്യർ പി.ജെ, എസ്.സി.പി.ഒ ചന്ദ്രകുമാർ സി.ആർ, സി.പി.ഒ വിനീത് എന്നിവരുടെ സംഘമാണ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.