കൊച്ചി: അത്യന്തം വിനാശകാരിയായ ‘അൾട്രാ ഗണേഷ്’ എന്നറിയപ്പെടുന്ന 10 എൽ.എസ്.ഡി സ്റ്റാമ്പ്, 0.285 ഗ്രാം എം.ഡി.എം.എ, 50 ഗ്രാം കഞ്ചാവ് എന്നിവയുമായി കൊച്ചി നഗരത്തിലെ കുപ്രസിദ്ധ മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനികളായ മൂന്നു പേർ എക്സൈസ് പിടിയിലായി. നൈറ്റ് ഡ്രോപ്പർ ടാസ്ക് ടീം എന്ന സംഘത്തിൽപെട്ട കൊടുങ്ങല്ലൂർ എടവിലങ്ങ് കോതപറമ്പ് സ്വദേശികളായ തേപ്പറമ്പിൽ വീട്ടിൽ ആഷിക് അൻവർ (24), വടക്കേ തലക്കൽ വീട്ടിൽ ഷാഹിദ് (27), വൈപ്പിൻ കാട്ടിൽ വീട്ടിൽ അജ്മൽ (23) എന്നിവരാണ് വലയിലായത്. ഇവർ ഇടപാടിന് ഉപയോഗിച്ച ആഡംബര കാറും മൂന്ന് സ്മാർട്ട് ഫോണുകളും 3000 രൂപയും എക്സൈസ് കസ്റ്റഡിയിലെടുത്തു.
വലിയ ഇടവേളക്കു ശേഷമാണ് വ്യാപാര അളവിലുള്ള എൽ.എസ്.ഡി സ്റ്റാമ്പ് ഇത്രയധികം പിടിച്ചെടുക്കുന്നതെന്നും 450 മൈക്രോൺസ് വരെ കണ്ടന്റുള്ള വിഭാഗത്തിൽപെടുന്ന ത്രീ ഡോട്ടഡ് സ്റ്റാമ്പുകളാണ് ഇവരിൽനിന്ന് പിടിച്ചെടുത്തതെന്നും എക്സൈസ് വിഭാഗം വ്യക്തമാക്കി. അടുത്തിടെ പിടിയിലായവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ അന്വേഷണം ഊർജിതമാക്കിയത്. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ അർധരാത്രിയോടെ മാത്രം പുറത്തിറങ്ങുന്ന ഇവരുടെ ചുവന്ന കാർ എക്സൈസ് സംഘം കണ്ടെത്തി പിന്തുടരുകയും വൈറ്റില പൊന്നുരുന്നി സർവിസ് റോഡിൽ വാഹനം നിർത്തി അനുയോജ്യ സ്ഥലം കണ്ടെത്തി മയക്കുമരുന്ന് ഡ്രോപ് ചെയ്യാൻ എത്തിയ ഇവരെ വളയുകയുമായിരുന്നു.
അക്രമാസക്തരായ സംഘം അതിവേഗം കടന്നുകളയാൻ ശ്രമിച്ചെങ്കിലും എക്സൈസുകാർ തങ്ങളുടെ വാഹനം കുറുകെയിട്ട് സർവിസ് റോഡ് ബ്ലോക്ക് ചെയ്തു. തുടർന്ന് കാറിൽ നിന്നിറങ്ങി ഓടിയ ഇവരെ നാട്ടുകാരുടെ സഹായത്തോടെ അതിസാഹസികമായി പിടികൂടുകയായിരുന്നു. വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് എൻഫോഴ്സ്മെന്റ് അസി. കമീഷണർ ടി.എൻ. സുധീർ അറിയിച്ചു. ഐ.ബി ഇൻസ്പെക്ടർ എസ്. മനോജ് കുമാർ, എറണാകുളം റേഞ്ച് ഇൻസ്പെക്ടർ ഗിരീഷ് കുമാർ, സിറ്റി മെട്രോ ഷാഡോ പ്രിവന്റിവ് ഓഫിസർ ഗ്രേഡ് എൻ.ഡി. ടോമി, എൻ.എം. മഹേഷ്, സി.ഇ.ഒമാരായ പത്മഗിരീശൻ പി., ഡി.ജെ. ബിജു എന്നിവർ ഉൾപ്പെട്ട സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മയക്കുമരുന്നുകളുമായി ഒരുതരത്തിലും പിടിക്കപ്പെടാതിരിക്കാൻ നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്നവരുടെ സംഘമാണ് നൈറ്റ് ഡ്രോപ്പർമാർ. സമൂഹമാധ്യമങ്ങളിലൂടെ മയക്കുമരുന്ന് ആവശ്യപ്പെടുന്നവരോട് ബംഗളുരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇവരുടെ ടീമിന്റെ അക്കൗണ്ടിലേക്ക് പണം അയക്കാൻ ആവശ്യപ്പെടുന്നതാണ് ആദ്യപടി. പണം ലഭിച്ചാൽ ആളുകൾ ശ്രദ്ധിക്കാത്ത ഇടങ്ങളിൽ മയക്കുമരുന്ന് പാക്കറ്റ് സുരക്ഷിതമായി വെക്കുന്നു.
അതിനുശേഷം പ്രത്യേകതരം കോഡുള്ള ഒരു നമ്പറിൽനിന്ന് ഉപഭോക്താവിന്റെ വാട്സ്ആപ്പിലേക്ക് സ്ഥലത്തിന്റെ ലൊക്കേഷനും ഫോട്ടോയും അയച്ചുകൊടുക്കുന്നു. കൂടാതെ ഡ്രോപ് കംപ്ലീറ്റഡ് എന്ന മെസേജും വരുന്നു. ആവശ്യക്കാരൻ ലൊക്കേഷൻ പ്രകാരം ഈ സ്ഥലത്തെത്തി മയക്കുമരുന്ന് എടുത്തുകൊണ്ട് പോകുകയാണ് ചെയ്തിരുന്നത്. ഇതുമൂലം ഡ്രോപ് ചെയ്യുന്നവരും ഡ്രോപ് ചെയ്ത മയക്കുമരുന്ന് എടുക്കാൻ വരുന്നവരും ഒരിക്കലും പരസ്പരം കണ്ടുമുട്ടുന്നില്ല എന്നതായിരുന്നു ഇവരുടെ ധൈര്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.