കൊച്ചി: തിങ്ങിനിറയുന്ന ജനം... ഉത്രാടദിനത്തിൽ എങ്ങും ഇതായിരുന്നു കാഴ്ച. വ്യാപാരകേന്ദ്രങ്ങൾ ജനനിബിഢമായി, പൊതുഗതാഗത സംവിധാനങ്ങൾ യാത്രക്കാരെക്കൊണ്ട് നിറഞ്ഞു... എങ്ങും ഓണാഘോഷത്തിന്റെ ആവേശം നിറഞ്ഞു. ഓണാഘോഷവുമായി ഇന്ന് കുടുംബങ്ങൾ ഒത്തുകൂടും.
അതിനായുള്ള തയാറെടുപ്പുകളായിരുന്നു ശനിയാഴ്ച നഗര ഗ്രാമ വ്യത്യാസമില്ലാതെ വ്യാപാര കേന്ദ്രങ്ങളിലുണ്ടായത്. തിരുവോണ ദിനത്തിൽ സന്നദ്ധ സംഘടനകളും ക്ലബ്ബുകളും പൗരാവലികളും റസിഡൻറ്സ് അസോസിയേഷനുകളുടെയും ഓണാഘോഷ പരിപാടികൾ അരങ്ങേറുന്നുണ്ട്.
വസ്ത്ര വ്യാപാര ശാലകളിൽ മുൻദിവസങ്ങളിലേത് പോലെ ഉത്രാട ദിനത്തിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഏറ്റവുമധികം ആളുകളെത്തിയത് പച്ചക്കറി വ്യാപാര കേന്ദ്രങ്ങളിലാണ്.
പച്ചക്കറി സാധനങ്ങൾക്ക് മുൻദിവസങ്ങളിലേതിൽ നിന്ന് കാര്യമായ വില വ്യത്യാസങ്ങളുണ്ടായിട്ടില്ല. മുൻകാലങ്ങളിലേത് പോലെ വലിയ വിലക്കയറ്റം ഇത്തവണ വിപണിയിലുണ്ടായിട്ടുമില്ല. എറണാകുളം മാർക്കറ്റിൽ വെള്ളിയാഴ്ച വരെ ഹോൾസെയിൽ വ്യാപാരമായിരുന്നു. ശനിയാഴ്ച ആയതോടെ റീട്ടെയിൽ വ്യാപാരം കൂടുതൽ ഉയർന്നു.
ശനിയാഴ്ച പുലർച്ചെ മുതൽ റെയിൽവെ സ്റ്റേഷനുകളും ബസ് സ്റ്റാൻഡുകളും യാത്രക്കാരെകൊണ്ട് നിറഞ്ഞിരുന്നു. തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ ടിക്കറ്റ് കൗണ്ടറിലെ ക്യൂ പുറത്തേക്ക് വരെ നീണ്ടു. വിവിധ ജില്ലകളിൽ നിന്ന് എറണാകുളത്തെത്തി ജോലി ചെയ്യുന്നവർ മടങ്ങുന്നതിന്റെ തിരക്കായിരുന്നു അനുഭവപ്പെട്ടത്.
എറണാകുളത്ത് നിന്ന് മറ്റ് ജില്ലകളിലേക്കുള്ള ട്രെയിനുകളിൽ രണ്ട് ദിവസമായി വൻ തിരക്കാണ് അനുഭവപ്പെട്ടത്. റിസർവേഷൻ ടിക്കറ്റുകൾ ട്രെയിനുകളിൽ കിട്ടാനുണ്ടായിരുന്നില്ല. എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും വലിയ തിരക്ക് രൂപപ്പെട്ടു. കൊച്ചി മെട്രോയിലും പതിവിൽ കവിഞ്ഞ തിരക്കാണുണ്ടായിരുന്നത്.
സുരക്ഷിതമായ ഓണാഘോഷത്തിന് ശക്തമായ പൊലീസ് നിരീക്ഷണമാണ് ഒരുക്കിയിരിക്കുന്നത്. എറണാകുളം നഗരത്തിൽ 2500ഓളം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. തിരക്കേറുന്ന പ്രദേശങ്ങളിലൊക്കെ യൂനിഫോമിലും അല്ലാതെയും പൊലീസ് സാന്നിധ്യമുണ്ടാകും. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ട്രാഫിക് പൊലീസ് സജ്ജരായിരിക്കും.
തിരുവോണ ദിനത്തിൽ ഐ.എസ്.എൽ മത്സരം നടക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. അതിനാൽ ഉച്ചക്ക് ശേഷം നഗരത്തിൽ തിരക്കേറാനുള്ള സാധ്യത കണ്ട് ക്രമീകരണങ്ങൾ ഒരുക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.